കാര്‍ക്കീവ് ഷെല്ലാക്രമണത്തില്‍ തകര്‍ന്നു, 10 പേര്‍ കൊല്ലപ്പെട്ടു, ആറാം ദിനത്തില്‍ റഷ്യന്‍ മുന്നേറ്റം
കീവ്: യുക്രൈന് കനത്ത നഷ്ടങ്ങളുണ്ടാക്കി യുദ്ധത്തിന്റെ ആറാം. കടുത്ത ആക്രമണമാണ് റഷ്യ അഴിച്ചുവിട്ടത്. യുക്രൈനിലെ രണ്ടാമത്തെ നഗരമായ കാര്‍ക്കീവ് കടുത്ത റോക്കറ്റാക്രമണവും വെടിവെപ്പുമാണ് റഷ്യ നടത്തിയത്. പത്ത് പേരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 35 പേര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റെന്ന് യുക്രൈന്‍ അറിയിച്ചു. കാര്‍ക്കീവിലെ റഷ്യന്‍ ഷെല്ലാക്രമണത്തെ യുദ്ധക്കുറ്റമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കി വിശേഷിപ്പിച്ചത്. അതേസമയം റഷ്യക്കെതിരെ കടുത്ത നടപടികള്‍ക്ക് ലോകരാജ്യങ്ങള്‍ നീക്കം തുടങ്ങി. റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ യുട്യൂബ് ചാനലുകള്‍ യുട്യൂബില്‍ നിന്ന് ബ്ലോക് ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. റഷ്യ നേരത്തെ കാര്‍ക്കീവിലെ ഫ്രീഡം സ്‌ക്വയറില്‍ ആക്രമണം നടത്തി തകര്‍ത്തിരുന്നു. നഗരത്തിലെ ജനജീവിതത്തിന്റെ തന്നെ കേന്ദ്രമായിരുന്നു ഫ്രീഡം സ്‌ക്വയര്‍.

റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നവീനും കൊല്ലപ്പെട്ടിരുന്നു. കീവില്‍ റഷ്യ ടിവി ഉടമയെയും ആക്രമിച്ചു. ഈ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനിയന്‍ ടിവി ചാനലുകളുടെ സംപ്രേക്ഷണം തടസ്സപ്പെടുകയും ചെയ്തു. ഈ ഷെല്ലാക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ കീവ് സുരക്ഷാ സര്‍വീസ് ആസ്ഥാനത്ത് ആക്രമണം നടത്തുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണം നടത്തേണ്ട ഇടം കൃത്യമായി ടാര്‍ഗറ്റ് ചെയ്യാന്‍ ഹൈ പ്രിസിഷന്‍ ആയുധങ്ങളും റഷ്യ ഉപയോഗിച്ചിരുന്നു. സമീപപ്രദേശത്ത് താമസിക്കുന്നവര്‍ ഒഴിഞ്ഞ് പോകണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ റഷ്യ യുദ്ധക്കുറ്റമാണ് ചെയ്യുന്നതെന്ന് സെലിന്‍സ്‌കി പറഞ്ഞത്.
യുക്രൈനിലേക്ക് ഏറ്റവും വലിയ സൈനിക സന്നാഹത്തെയാണ് റഷ്യ അയച്ചത്. കീവ് പിടിക്കാന്‍ 64 കിലോമീറ്റര്‍ നീളമുള്ള സൈനിക സന്നാഹം വന്നുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. റഷ്യന്‍ ടാങ്കറുകളും അത്യാധുനിക സൈനിക വാഹനങ്ങളും കീവിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം യൂറോപ്പ്യന്‍ പാര്‍ലമെന്റിനെയും സെലിന്‍സ്‌കി അഭിസംബോധന ചെയ്തിരുന്നു. തങ്ങളെയും യൂറോപ്പ്യന്‍ യൂണിയനിലെ അംഗമാക്കണമെന്നായിരുന്നു സെലിന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് നിങ്ങളാണ് തെളിയിക്കേണ്ടത്. യൂറോപ്പിലെ തുല്യ അംഗങ്ങളായി മാറാന്‍ നമ്മള്‍ പോരാടുന്നതെന്ന് സെലിന്‍സ്‌കി പറഞ്ഞു.
റഷ്യക്കെതിരെ ഗൂഗിള്‍ നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട്. യൂറോപ്പിലുള്ള ഗൂഗിളിന്റെ പല സര്‍വീസുകളും ഇനി റഷ്യയില്‍ ലഭ്യമാകില്ല. റഷ്യയുടെ ആര്‍ടി, സ്പുട്‌നിക്ക് സര്‍വീസുകള്‍ക്ക് മെറ്റ നിയന്ത്രങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എണ്ണ കമ്പനിയായ ഷെല്ലും റഷ്യയില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു. റഷ്യ ക്ലസ്റ്റര്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നാണ് യുക്രൈന്‍ ആരോപിച്ചത്. റഷ്യ വാക്വം ബോംബ് ഉപയോഗിച്ചെന്നും യുക്രൈന്‍ അംബാസിഡര്‍ പറഞ്ഞു. യുക്രൈനില്‍ റഷ്യ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന തകര്‍ച്ച വളരെ വലുതാണെന്നും യുക്രൈന്‍ അംബാസിഡര്‍ പറഞ്ഞു. തെര്‍മോബാറിക് ആയുധമാണ് വാക്വം ബോംബ്. വായുവിനെ വലിച്ചെടുത്ത് അതിശക്തമായ സ്‌ഫോടനം നടത്താന്‍ ശേഷി വാക്വം ബോംബിനുണ്ട്.












Click it and Unblock the Notifications