യുക്രൈനിലെ റഷ്യന്‍ പിന്മാറ്റം: യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം വീറ്റോ ചെയ്ത് റഷ്യ; വിട്ട് നിന്ന് ഇന്ത്യ
ജനീവ: യുക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുള്ള യു എന്‍ രക്ഷാസമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ഇന്ത്യയും ചൈനയും യു എ ഇയും വിട്ടുനിന്നു. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പൊതുസഭയില്‍ എത്തും. യു എന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു. ചേരി ചേരാ നയം സ്വീകരിച്ച ഇന്ത്യ ചര്‍ച്ചയിലൂടെ റഷ്യന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു .
മനുഷ്യക്കുരുതി ഇല്ലാതാക്കണമെന്നും നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടത്. അതേസമയം, റഷ്യക്ക് എതിരായ പ്രമേയത്തില്‍ ചൈനയുടെ പിന്‍മാറ്റം അപ്രതീക്ഷിതമായിരുന്നു. എതിര്‍പ്പക്ഷത്ത് അമേരിക്കയായതിനാല്‍ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പില്‍ നിന്നും ചൈന വിട്ടുനിന്നു .

ക്രൂഡോയില്‍ കയറ്റുമതിയില്‍ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യു എ ഇയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു . ഇനി 192 അംഗ പൊതു സഭയില്‍ വിഷയമെത്തും. അതേസമയം , യുക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയില്‍ യുഎന്‍ നിര്‍ണായക പ്രമേയം എടുക്കുമ്പോള്‍ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി റഷ്യ വെള്ളിയാഴ്ച പറഞ്ഞിരുന്നു. യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇന്ത്യക്ക് ആഴത്തിലുള്ള ധാരണയുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകമായ തന്ത്രപരമായ പങ്കാളിത്തവുമായി സമന്വയിപ്പിച്ച് ന്യൂഡല്‍ഹിയില്‍ നിന്ന് തുടര്‍ച്ചയായ പിന്തുണ മോസ്‌കോ തേടുകയാണെന്നും റഷ്യയുടെ ചുമതലയുള്ള റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു .
യുക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തിലെ രൂക്ഷമായ സാഹചര്യത്തെയും കുറിച്ചുള്ള കരട് പ്രമേയത്തില്‍ യു എന്‍ സുരക്ഷാ കൗണ്‍സില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് വോട്ടെടുപ്പ് നടത്തിയത്. പാശ്ചാത്യ ശക്തികള്‍ക്കിടയില്‍ ശക്തമായ രോഷത്തിന് കാരണമായ യുക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നതാണ് കരട് പ്രമേയം .
അതേ സമയം, സോവിയറ്റിനു ശേഷമുള്ള രാഷ്ട്രീയത്തിലും നോര്‍ത്ത് അറ്റ്‌ലാന്റിക് ഉടമ്പടി ഓര്‍ഗനൈസേഷന്റെ വിപുലീകരണത്തിലും യുക്രെയ്‌നിലെ സാഹചര്യത്തിന്റെ വേരുകള്‍ ഉണ്ടെന്ന് പാരീസില്‍ മൂന്ന് ദിവസം മുമ്പ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അഭിപ്രായവും ഇന്ത്യയുടെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് റഷ്യന്‍ നയതന്ത്രജ്ഞന്‍ പരാമര്‍ശിച്ചു. ഇന്ത്യയുടെ സ്ഥാനം വളരെ സന്തുലിതവും സ്വതന്ത്രവുമാണ്. ഞങ്ങള്‍ അതിനെ അഭിനന്ദിക്കുന്നു, ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തവുമായി സമന്വയിപ്പിച്ച് ഇന്ത്യയുടെ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നെന്ന് റഷ്യയുടെ ചുമതലയുള്ള റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു.
യുക്രെയ്ന്‍ പ്രതിസന്ധിയെക്കുറിച്ചുള്ള യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ കരട് സംബന്ധിച്ച ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് വ്യാഴാഴ്ച മാധ്യമ സമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ , ഇന്ത്യ അത് കണ്ടിട്ടുണ്ടെന്നും രാജ്യത്തിന്റെ നിലപാട് അതിന്റെ വാചകത്തിന്റെ അന്തിമ രൂപത്തെ ആശ്രയിച്ചിരിക്കുമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല പറഞ്ഞിരുന്നു .
അതേ സമയം, യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളടക്കമുള്ളവരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി ഇന്ത്യ. റൊമാനിയൻ അതിർത്തി കടന്ന 470 പേരുടെ സംഘത്തെ ഇന്ന് ഉച്ചയോടെ തിരികെ രാജ്യത്ത് എത്തിക്കും. സംഘത്തിൽ 17 മലയാളികളുമുണ്ട്. ദില്ലിയിലും മുംബൈയിലുമാണ് വിമാനങ്ങൾ എത്തുക. കൂടാതെ ഇന്ന് രാവിലെ ഒരു വിമാനം റൊമാനിയയിലേക്കും മറ്റൊന്ന് ഹംഗറിയിലേക്കും പുറപ്പെടും .












Click it and Unblock the Notifications