റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുന്നു;സമാധാന പദ്ധതി അംഗീകരിച്ചതായി യുക്രൈൻ പ്രസിഡന്റ്
യുക്രൈൻ- റഷ്യ യുദ്ധം അവസാനിക്കുന്നു. വർഷങ്ങളായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന ഉടമ്പടിയിൽ യുഎസുമായി 'പൊതുവായ ധാരണയിലെത്തിയതായി' യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി അറിയിച്ചു. 28 ഇന പദ്ധതിയാണ് യുഎസ് യുക്രൈന് മുന്നിൽ വെച്ചത്.

കരാർ നടപ്പിലാക്കാൻ തങ്ങൾ ഒരുക്കമാണെന്നും യുഎസുമായും പ്രസിഡന്റ് ട്രംപിന്റെ വ്യക്തിപരമായ ഇടപെടലുകളുമായും ചേർന്ന് മുന്നോട്ട് പോകാമെന്നും സെലെൻസ്കി പറഞ്ഞു. അതേസമയം റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകാത്ത പക്ഷം ഒരു "റീ അഷ്വറൻസ് ട്രൂപ്പിനെ" വിന്യസിക്കാനുള്ള ചട്ടക്കൂട് തയ്യാറാക്കണമെന്ന് സെലെൻസ്കി യൂറോപ്യൻ യൂണിയൻ നേതാക്കളോട് ആവശ്യപ്പെട്ടു.
തങ്ങളുടെ രാജ്യത്തിന്റെയോ ജനങ്ങളുടെയോ അനുമതിയില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും പരാജയപ്പെടുമെന്നും അതിനാൽ യുക്രെയ്നെക്കുറിച്ചുള്ള സുരക്ഷാ തീരുമാനങ്ങളിൽ യുക്രെയ്നും യൂറോപ്പിനെക്കുറിച്ചുള്ള സുരക്ഷാ തീരുമാനങ്ങളിൽ യൂറോപ്പും ഉൾപ്പെടണമെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. അതേസമയം യുക്രൈനിനുള്ള പിന്തുണ തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യുദ്ധം നിർത്താൻ റഷ്യ യാതൊരു സൂചനയും നൽകാത്ത പശ്ചാത്തലത്തിലാണ് സെലെൻസ്‌കി ഈ ആഹ്വാനം നടത്തിയത്.
ചർച്ച ചെയ്ത കാര്യങ്ങളിൽ ചെറിയ ഭിന്നത മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ട്രംപ് ചൊവ്വാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്താൻ തന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിനോടും യുക്രേനിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ സൈനിക സെക്രട്ടറി ഡാൻ ഡ്രിസ്കോളിനോടും നിർദേശിച്ചതായും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയുടെ സമയം അദ്ദേഹം വ്യക്തമാക്കിയില്ല. അന്തിമ ഉടമ്പടി ആകുമ്പോൾ ഉടൻതന്നെ സെലെൻസ്കിയെയും പുടിനെയും കാണാൻ താൻ ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
ചില നിർദേശങ്ങളിൽ ധാരണയിലെത്തിയെങ്കിലും പ്രദേശങ്ങളെ സംബന്ധിച്ചുള്ള വിട്ടുവീഴ്ചകൾ ഒരു പ്രധാന തർക്ക വിഷയമായി തുടരുന്നതിനാൽ അന്തിമ കരാർ വിദൂരമാണെന്നാണ് യുക്രേനിയൻ നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകുന്നത്.
സെലൻസ്കി യുഎസിലേക്ക്
ഏതാനും ദിവസങ്ങൾക്കുള്ളിൽ വ്ളാഡിമർ സെലൻസി യുഎസ് സന്ദർശിക്കാനും ട്രംപുമായി കരാർ അന്തിമമാക്കാനും സാധ്യതയുണ്ടെന്ന് കീവിന്റെ ദേശീയ സുരക്ഷാ മേധാവി റുസ്റ്റെം ഉമെറോവ് സൂചിപ്പിച്ചു. എന്നാൽ, ഈ യാത്രയെക്കുറിച്ച് യുഎസ് ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി യുദ്ധത്തോടുള്ള യുഎസ് നയത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഓഗസ്റ്റിൽ അലാസ്കയിൽ ട്രംപും പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ച യുക്രെയ്നിലും യൂറോപ്യൻ തലസ്ഥാനങ്ങളിലും ആശങ്കകൾ ഉയർത്തിയിരുന്നു. ട്രംപ് ഭരണകൂടം റഷ്യയുടെ പല ആവശ്യങ്ങളും അംഗീകരിച്ചേക്കാമെന്ന് അന്ന് ഭയപ്പെട്ടത്. എന്നാൽ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യക്കുമേൽ യുഎസ് കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണ് ഉണ്ടായത്.
അതിനിടെ ട്രംപ് ഭരണകൂടത്തിന്റെ തീവ്രമായ നയതപന്ത്ര ശ്രമങ്ങൾ ഫലം കണ്ടേക്കാമെന്ന സൂചന കീവ് നൽകിയെങ്കിലും തങ്ങളുടെ ആവശ്യങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ തുടരുകയാണ് റഷ്യ. യുഎസ് പദ്ധതി പ്രകാരം, 2022 ഫെബ്രുവരിയിൽ റഷ്യ പൂർണമായി പിടിച്ചെടുത്ത യുക്രെയ്ന്റെ 20 ശതമാനം പ്രദേശങ്ങൾക്ക് പുറമെ മറ്റ് പ്രദേശങ്ങളും കീവ് വിട്ടുകൊടുക്കേണ്ടിവരും. കൂടാതെ, സൈനികപരമായ നിയന്ത്രണങ്ങളും നാറ്റോയിൽ ചേരുന്നതിന് വിലക്കും ഈ കരാറിൽ ഉൾപ്പെടുന്നു. ഇത് കീഴടങ്ങലിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ട് ഈ കരാർ നേരത്തേ യുക്രൈൻ നിഷേധിച്ചിരുന്നു. അഴിമതി ആരോപണങ്ങളെ തുടർന്ന് രണ്ട് മന്ത്രിമാരെ പുറത്താക്കുകയും റഷ്യ യുദ്ധക്കളത്തിൽ മുന്നേറ്റം നടത്തുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ സെലെൻസ്‌കിയുടെ ഏറ്റവും ദുർബലമായ അവസ്ഥയാണിതെന്ന വിലയിരുത്തലുകളും ശക്തമാണ്.












Click it and Unblock the Notifications