ഇന്ത്യയ്ക്ക് കൈയടിച്ചേ മതിയാകൂ, ഞങ്ങളുടെ ബന്ധം തകര്‍ക്കാമെന്ന് കരുതേണ്ട; യുഎസിനോട് റഷ്യ
മോസ്‌കോ: ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് തീരുവ ചുമത്തി ബന്ധം വിച്ഛേദിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും മോസ്‌കോയുമായുള്ള സഹകരണം തുടരുന്നതിന് ഇന്ത്യയെ റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം പ്രശംസിച്ചു. ന്യൂഡല്‍ഹിയുമായുള്ള ബന്ധത്തിന് ദോഷം വരുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സമ്മര്‍ദ്ദവും ഭീഷണികളും ഉണ്ടായിരുന്നിട്ടും, റഷ്യയുമായി ബഹു മുഖ സഹകരണം തുടരാനും വികസിപ്പിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്നത് സ്വാഗതം ചെയ്യുന്നതായി റഷ്യന്‍ മന്ത്രാലയം പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം സ്ഥിരമായും ആത്മവിശ്വാസത്തോടെയും പുരോഗമിക്കുന്നു എന്നും വിദേശ കാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഈ പ്രക്രിയയെ തടസപ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം പരസ്പര തീരുവയും ന്യൂഡല്‍ഹിയുടെ ഡിസ്‌കൗണ്ട് ചെയ്ത റഷ്യന്‍ ക്രൂഡിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 25 ശതമാനം അധിക ലെവിയും ഏര്‍പ്പെടുത്തിയതിനെ ത്തുടര്‍ന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. ഇതാണ് റഷ്യയുടെ പ്രശംസയ്ക്ക് കാരണം.
സിവിലിയന്‍, സൈനിക ഉല്‍പ്പാദനം, മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍, ആണവോര്‍ജം, റഷ്യന്‍ എണ്ണ പര്യവേക്ഷണ സംരംഭങ്ങളിലെ ഇന്ത്യന്‍ നിക്ഷേപം എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകളിലായി വലിയ തോതിലുള്ള സംയുക്ത പദ്ധതികളില്‍ ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്
അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ഉക്രെയ്‌നിനെതിരായ റഷ്യയുടെ മാരകമായ ആക്രമണങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നു എന്നാണ് ട്രംപിന്റെ ആരോപണം. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണകൂടം മോസ്‌കോയില്‍ നേരിട്ട് കര്‍ശനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. ഇന്ത്യ യു എസ് താരിഫുകളെ അന്യായവും യുക്തിരഹിതവും എന്ന് അപലപിച്ച് കൊണ്ട് യു എസും യൂറോപ്പും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ട്രമ്പിന്റെ സമ്മര്‍ദ്ദം വകവയ്ക്കാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ടിയാന്‍ജിനില്‍ നടന്ന എസ്സി ഒ ഉച്ചകോടിയില്‍ പങ്കെടുത്തു കൊണ്ട് ചൈനയുമായും റഷ്യയുമായും ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഉച്ചകോടിക്കിടെ അദ്ദേഹം ഷി ജിന്‍പിംഗ്, വ്ളാഡിമിര്‍ പുടിന്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications