യുക്രൈനിലെ ഇന്ത്യൻ ഫാർമ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ മിസൈൽ ആക്രമണം; മനപ്പൂർവ്വമെന്ന്
കെയ്വിലുള്ള ഇന്ത്യൻ ഫാർമ കമ്പനിയുടെ വെയർഹൗസിന് നേരെ റഷ്യ മിസൈൽ ആക്രമണം. യുക്രൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനപ്പൂർവ്വമുള്ള ആക്രമണമായിരുന്നുവെന്നും ഇന്ത്യൻ ബിസിനസ് തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും ഇന്ത്യയിലെ യുക്രൈൻ എംബസി ആരോപിച്ചു.
' ഇന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിന് നേരെ റഷ്യ ആക്രമണം നടത്തി. ഇന്ത്യയുമായി പ്രത്യേക ബന്ധം പുലർത്തുന്നുവെന്ന് അവകാശപ്പെടുന്ന റഷ്യ മനപ്പൂർവ്വം ഇന്ത്യൻ ബിസിനസിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയത്. കുട്ടികൾക്കും മുതിർന്നവർക്കും മരുന്ന് നിർമ്മിക്കുന്ന സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്', യുക്രൈൻ എംബസി പറഞ്ഞു.

ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും യുക്രൈനിലെ ഏറ്റവും വലിയ ഫാർമ സ്ഥാപനങ്ങളിലൊന്നാണ്. യുക്രൈനിൽ അടിസ്ഥാന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്ന കമ്പനികൂടിയാണിത്. അതേസമയം മിസൈൽ ആക്രമണല്ല ഡ്രോൺ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് യുക്രൈനിലെ ബ്രിട്ടൺ അംബാസിഡർ മാർട്ടിൻ ഹാരിസ് പറഞ്ഞു. ഇന്ന് രാവിലെയോടെയാണ് ആക്രമണം നടന്നത്. യുക്രൈനിലെ പൗരൻമാർക്കെതിരായ റഷ്യയുടെ ഭീകരാക്രമണം തുടരുകയാണ്',അദ്ദേഹം ട്വീറ്റ് ചെയ്തു. വെയർഹൗസിൽ നിന്നും പുക ഉയരുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
കഴിഞ്ഞ ദിവസം റഷ്യയുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുക്രൈൻ അഞ്ച് ആക്രമണങ്ങൾ നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. വെടിനിർത്തൽ കരാറിന്റെ ലംഘനമാണിതെന്നും റഷ്യ വിമർശിച്ചു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തില്ലെന്ന് റഷ്യയും യുക്രൈനും വ്യക്തമാക്കിയിരുന്നെങ്കിലും കരാർ ലംഘിച്ചുവെന്നാണ് പരസ്പരം ആരോപിക്കുന്നത്.
യുഎസിന്റെ നേതൃത്വത്തിലാണ് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നത്. കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടന്നിരുന്നു. 30 ദിവസത്തേക്ക് വെടിനിർത്തൽ എന്ന യുഎസ് ആവശ്യം അന്ന് ചർച്ചയിൽ യുക്രൈൻ അംഗീകരിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഉപാധികൾ അംഗീകരിക്കാതെ ആവശ്യം അംഗീകരിക്കില്ലന്ന നിലപാടാണ് റഷ്യ കൊക്കൊണ്ടത്. അതിനിടെ കഴിഞ്ഞ ദിവസവും യുഎസ് പ്രതിനിധിയും റഷ്യയും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. വെടിനിർത്തൽ കരാർ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്താനായിരുന്നു കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. അതേസമയം കൂടിക്കാഴ്ചയിൽ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടോയെന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.












Click it and Unblock the Notifications