50 ഓളം യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ വിമാനം കാണാനില്ല, ആശങ്ക
മോസ്‌കോ: 50 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ അമുര്‍ മേഖലയില്‍ 50 ഓളം പേരുമായി പറന്നുയര്‍ന്ന ഒരു ആന്‍-24 യാത്രാ വിമാനവുമായുള്ള ബന്ധം റഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടപ്പെട്ടതായി പ്രാദേശിക ഗവര്‍ണറെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈബീരിയ ആസ്ഥാനമായുള്ള അങ്കാര എന്ന വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ മേഖലയിലെ ടിന്‍ഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് തെന്നിമാറിയതായി രാജ്യത്തെ പ്രാദേശിക അടിയന്തര മന്ത്രാലയം അറിയിച്ചു. അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പെടെ 43 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് പറഞ്ഞു.

വിമാനം തിരയാന്‍ ആവശ്യമായ എല്ലാ സേനകളെയും വിന്യസിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനം ലക്ഷ്യസ്ഥാനത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയായിരിക്കെയാണ് ബന്ധം നഷ്ടപ്പെട്ടത്.
റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, ടിന്‍ഡ വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, രണ്ടാമത്തെ ലാന്‍ഡിംഗ് ശ്രമത്തിനിടെ വിമാനം അപ്രത്യക്ഷമായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, മൂന്ന് പേരുമായി ഇതേ അമുര്‍ മേഖലയില്‍ റോബിന്‍സണ്‍ ആര്‍66 ഹെലികോപ്റ്റര്‍ കാണാതായിരുന്നു. മോസ്‌കോയില്‍ നിന്ന് ഏകദേശം 6,600 കിലോമീറ്റര്‍ കിഴക്കാണ് ഈ പ്രദേശം.












Click it and Unblock the Notifications