Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനില്‍ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍; പുടിന്റെ ആശ്വാസനീക്കം യുഎസ് ഇടപെടലിന്റെ വിജയമോ?

മോസ്‌കോ: യുക്രൈനില്‍ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മെയ് എട്ടു മുതല്‍ 10 വരെയുള്ള തീയതികളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കും. പുടിന്റെ അപ്രതീക്ഷിത പ്രഖ്യാപനം യുക്രൈനിലെ ജനങ്ങള്‍ക്ക് താല്‍ക്കാലികമായി ആശ്വാസമായിരിക്കുകയാണ്.

മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായത്. അതേസമയം, ഇപ്പോഴുള്ള വെടിനിര്‍ത്തലിന്റെ കാരണം മറ്റൊന്നാണ്.

രണ്ടാം ലോക മഹായുദ്ധത്തിലെ ജര്‍മ്മനിക്കെതിരായ റഷ്യയുടെ വിജയത്തോടനുബന്ധിച്ചാണ് പുടിന്റെ പ്രഖ്യാപനമെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും നേടിയ വിജയത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഇൗ ആശ്വാസ നടപടി. ഇതിനു മുന്‍പ് ഈസ്റ്റര്‍ ദിനത്തിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അന്ന് യുദ്ധത്തടവുകാരായി റഷ്യയിലെയും യുക്രൈനിലെയും ജയിലുകളില്‍ കഴിയുന്ന 492 പേര്‍ക്ക് യുഎഇയുടെ മധ്യസ്ഥതയില്‍ മോചനവും ലഭിച്ചു. യുദ്ധത്തടവുകാരെ ഇരു രാജ്യങ്ങളും പരസ്പരം കൈമാറി.

Vladimir Putin

മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ പാലിക്കണമെന്ന് യുക്രൈനോടും പുടിന്‍ ആവശ്യപ്പെട്ടു. ഈ കാലയളവില്‍ എല്ലാ സൈനിക നടപടികളും നിര്‍ത്തിവയ്ക്കും. യുക്രൈനും വെടിനിര്‍ത്തല്‍ പിന്തുടരുമെന്നാണ് റഷ്യ വിശ്വസിക്കുന്നതെന്ന് ക്രെംലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ യുക്രൈന്‍ ലംഘിച്ചാല്‍ റഷ്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ യുക്രൈന്‍ ഭരണകൂടം റഷ്യയുടെ പ്രഖ്യാപനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈസ്റ്റര്‍ ദിനത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ സമയത്തിനിടെ റഷ്യന്‍ സൈന്യം 3,000 തവണ കരാര്‍ ലംഘിച്ചതായി യുക്രൈന്‍ ആരോപിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ആഴ്ച മോസ്‌കോയിലെത്തിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കു തൊട്ടുമുന്‍പ് മോസ്‌കോയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ റഷ്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് സമാധാന ചര്‍ച്ചകളെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു.

യുക്രൈനുമായി ഉപാധികളില്ലാത്ത സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് നേരത്തെ റഷ്യ വ്യക്തമാക്കിയിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കിടയിലും യുക്രൈനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ കനത്ത വ്യോമാക്രമണം നടത്തി. മണിക്കൂറുകളോളം നീണ്ടുനിന്ന മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

അതിനിടെ, വത്തിക്കാനില്‍ മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങിനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു ശേഷം പുടിന്റെ വിഷയം മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യേണ്ടി വന്നേക്കാമെന്ന പരോക്ഷ വിമര്‍ശനം ട്രംപ് ഉയര്‍ത്തി. ബാങ്കിങ് ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പും തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ നല്‍കി.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റ ശേഷം പ്രത്യേക താല്‍പര്യമെടുത്താണ് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. നേരത്തെ 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദേശം യുക്രൈന്‍ അംഗീകരിച്ചെങ്കിലും റഷ്യ പിന്മാറി. യുദ്ധം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായി നേരിട്ടു സംസാരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. യുക്രൈന്‍ പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ അഭിസംബോധന ചെയ്യണമെന്നാണ് റഷ്യ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

2022ല്‍ റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയതിന് ശേഷം നിരവധി രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. അന്ന് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമാണ് യുക്രൈനെ സൈനികമായി സഹായിച്ചിരുന്നത്. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയ ശേഷം ഈ സഹായങ്ങള്‍ തുടരുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. വൈറ്റ് ഹൗസിലെത്തിയ സെലന്‍സ്‌കിയുമായി ട്രംപ് ഇടയുകയും ചെയ്തിരുന്നു. ഇപ്പോള്‍ യുക്രൈനിലെ ധാതു സമ്പത്തില്‍ കണ്ണുവച്ചാണ് ട്രംപ് സൈനിക സഹായങ്ങള്‍ തുടരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+