ട്രംപിന് പിറന്നാള്‍ ആശംസ നേരാന്‍ വിളിച്ച് പുടിന്‍; എന്നാല്‍ പുടിന്‍ പറഞ്ഞത് ഈ കാര്യം
വാഷിങ്ടണ്‍: ഇന്നലെയായിരുന്നു (ജൂണ്‍ 14) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിറന്നാള്‍. രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ട്രംപിനെ വിളിച്ച് ആശംസകള്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ ഏറ്റവും വിശേഷപ്പെട്ട കോള്‍ റഷ്യന്‍ പ്രസിഡന്റ വ്‌ളാഡിമിര്‍ പുടിന്റേതായിരുന്നു. യുെക്രെന്‍ അധിനിവേശത്തോടെ അമേരിക്ക-യുഎസ് ബന്ധം വലിയ തോതില്‍ വഷളായിരുന്നു. കഴിഞ്ഞ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് റഷ്യയ്ക്കു മേല്‍ അമേരിക്ക നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ സ്ഥിതി വഷളായി. എന്നാല്‍ ട്രംപ് അധികാരമേറ്റതോടെ റഷ്യയോട് മൃദു സമീപനമാണ് അമേരിക്ക പുലര്‍ത്തുന്നത്.
രണ്ടാം വട്ടം അമേരിക്കയില്‍ അധികാരമേറ്റതിന് ശേഷം ട്രംപ് നിരവധി തവണ പുടിനുമായി ഫോണ്‍ വിളികള്‍ നടത്തി സൗഹൃദം ശക്തമാക്കുകയും ചെയ്തു. ട്രംപ് തന്നെയാണ് പുടിന്‍ ആശംസ അറിയിച്ച വിവരം തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം ജന്മദിനത്തില്‍ ഇരുവരും 50 മിനിറ്റ് നേരം ഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇക്കാര്യം തന്നെയാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്. ഇസ്രയേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിക്കണം എന്നാണ് ഇരു നേതാക്കളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണം സംബന്ധിച്ച് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെ - 'എനിക്ക് ജന്മദിനാശംസകള്‍ നേരാന്‍ പ്രസിഡന്റ് പുടിന്‍ ഇന്ന് രാവിലെ എന്നെ വിളിച്ചു. എന്നാല്‍ അതിലും പ്രധാനമായി, അദ്ദേഹത്തിന് നന്നായി അറിയാവുന്ന ഇറാനെക്കുറിച്ചാണ് സംസാരിച്ചത്. ഇസ്രയേല്‍-ഇറാന്‍ യുദ്ധം അവസാനിക്കണമെന്ന് ഞാന്‍ കരുതുന്നത് പോലെ തന്നെ അദ്ദേഹവും കരുതുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ഞാന്‍ പുടിനോട് ആവശ്യപ്പെട്ടു.
റഷ്യ-യുക്രൈന്‍ വിഷയം വളരെ കുറച്ച് നേരം മാത്രമാണ് സംസാരിച്ചത്. എങ്കിലും ഇരുവശത്തു നിന്നും ധാരാളം യുദ്ധത്തടവുകാരെ ഉടനടി കൈമാറ്റം ചെയ്യുമെന്ന് പുടിന്‍ അറിയിച്ചിട്ടുണ്ട് - ഇതായിരുന്നു ട്രംപ് കുറിച്ചത്.
ട്രംപിന് വൈറ്റ് ഹൗസും ആശംസകള്‍ അര്‍പ്പിച്ചു. ഭയമില്ലാത്ത ദേശസ്‌നേഹിക്ക് ആശംസകളെന്നാണ് വൈറ്റ് ഹൗസ് എക്‌സില്‍ ട്രംപിന് ആശംസകള്‍ നേര്‍ന്നത്. അമേരിക്കയെ അതിന്റെ സുവര്‍ണകാലഘട്ടത്തിലേക്ക് നയിക്കുന്ന പ്രസിഡന്റാണ് ട്രംപെന്നും ആശംസാ സന്ദേശത്തില്‍ വൈറ്റ് ഹൗസ് പ്രശംസിക്കുന്നു.
പിറന്നാള്‍ ദിനത്തില്‍ യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡുകളിലൊന്ന് നടത്താനാണ് യു.എസ് പ്രസിഡന്റിന്റെ പദ്ധതി. ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ പരേഡ് വീക്ഷിക്കാനായി എത്തുമെന്നാണ് സൂചന. സൈനിക പരേഡ് നടത്തി ശക്തിതെളിയിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. 45 മില്യണ്‍ ഡോളറോളം ചിലവഴിച്ചാണ് പരേഡ് നടത്തുന്നത്. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധവും ഉയരുന്നുണ്ട്. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്.












Click it and Unblock the Notifications