സമാധാനത്തിന്റെ പകല്‍; നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയാറെന്ന് യുക്രൈനോട് പുടിന്‍
മോസ്‌കോ: മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം ഇരുപക്ഷത്തും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. യുദ്ധം യുക്രൈനില്‍ നിരവധി സാധാരണക്കാരുടെയും സൈനികരുടെയും ജീവനെടുത്തു. സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ താറുമാറായി. ഇപ്പോഴും ജനജീവിതം ദുസഹമായി തുടരുകയാണ്. റഷ്യക്കാകട്ടെ യുദ്ധത്തില്‍ നിരവധി സൈനികരെ നഷ്മായി.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടിയിരുന്നു. ഇതിന് മുന്‍പ് യൂറോപ്യന്‍ രാജ്യങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇപ്പോഴിതാ, യുക്രൈന്‍ ജനയ്ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്.

യുക്രൈനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇസ്താംബൂളില്‍ മെയ് 15 ന് യുക്രൈനുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ റഷ്യ തയാറാണെന്ന് പുടിന്‍ പറഞ്ഞു. രാജ്യാന്തര മാധ്യമമായ സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ മാസം 15 ന് ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും യുക്രൈനും റഷ്യക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്കാണ് ശ്രമിക്കുന്നതെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ പുടിന്‍ അറിയിച്ചു. ഉപാധികളില്ലാത്ത ചര്‍ച്ചകളാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'2022 ല്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചത് റഷ്യയല്ല, യുക്രൈന്‍ ആയിരുന്നു. റഷ്യ ആവര്‍ത്തിച്ച് വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ റഷ്യ മുന്നോട്ട് വെച്ച ഒരു വെടിനിര്‍ത്തല്‍ കരാറുകളോടും യുക്രൈന്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല - പുടിന്‍ കുറ്റപ്പെടുത്തി. യുക്രൈനുമായി ചര്‍ച്ച നടത്തുന്നതു സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനുമായി ഞായറാഴ്ച സംസാരിക്കുമെന്നും പുടിന്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ യുക്രൈന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പുടിന്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള തീരുമാനം പ്രഖ്യാപിച്ചത്. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ നിര്‍ദേശപ്രകാരം അടുത്തിടെ അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പുടിനെ സന്ദര്‍ശിച്ചിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മെര്‍സും പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും യുക്രൈന്‍ സന്ദര്‍ശിച്ച് പ്രസിഡന്റ് സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതാദ്യമായാണ് യൂറോപ്യന്‍ നേതാക്കള്‍ ഇത്തരത്തിലൊരു സംയുക്ത സന്ദര്‍ശനം നടത്തുന്നത്.
വെടിനിര്‍ത്തല്‍ കരാറിന് റഷ്യ തയാറാകണമെന്ന് നാലു നേതാക്കളും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം. വെടിനിര്‍ത്തലിന് റഷ്യ തയാറായില്ലെങ്കില്‍ വന്‍ ഉപരോധങ്ങള്‍ നേരിടണമെന്ന മുന്നറിയിപ്പും യൂറോപ്യന്‍ നേതാക്കള്‍ നല്‍കിയിരുന്നു. അതേസമയം, പുടിന്റെ പ്രഖ്യാപനത്തോട് യുക്രൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2022 ല്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം യുക്രൈനും റഷ്യയും നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാറിന് തയാറാണെന്ന് യുക്രെയ്ന്‍ നേരത്തെ സമ്മതം അറിയിച്ചിരുന്നെങ്കിലും റഷ്യ അതിനു തയാറായിരുന്നില്ല. ഈസ്റ്റര്‍ ദിനത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു.












Click it and Unblock the Notifications