യുക്രൈൻ അയയുന്നുവെന്ന് പുടിൻ : ഉപരോധങ്ങൾ റഷ്യയെ ബാധിക്കില്ല
മോസ്‌കോ: റഷ്യൻ-യുക്രൈൻ ചർച്ചകളിൽ യുക്രൈൻ അയയുന്നുവെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിൻ പുടിൻ. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുടെ ആശങ്കകൾ പരിഗണിച്ചാൽ യുദ്ധം ഉടൻ അവസാനിക്കുമെന്ന് റഷ്യ അറിയിച്ചു. ബെലാറസ് പ്രസിഡന്‍റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി റഷ്യൻ പ്രസിഡന്‍റ് കൂടിക്കാഴ്‌ച നടത്തിയിരുന്നു.
യുക്രൈൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ റഷ്യയെ ഒരു നിലക്കും ബാധിക്കില്ലെന്നും റഷ്യയെ കൂടുതൽ ശക്തിപ്പെടുത്താനേ ഈ ഉപരോധങ്ങൾക്കൊണ്ട് സാധിക്കുയെന്നും പുടിൻ പറയുന്നു. യുക്രൈൻ പ്രതിനിധികളുമായി ചർച്ചകൾ എല്ലായ്‌പ്പോഴും നടക്കുന്നുണ്ടെന്നും ചർച്ചകളിൽ യുക്രൈന്‍റെ ഭാഗത്ത് നിന്ന് പോസിറ്റീവ് മാറ്റങ്ങൾക്ക് തയ്യാറാവുന്നുണ്ടെന്നും വിശദമായി പിന്നീട് അറിയിക്കാമെന്നും പുടിൻ പറയുന്നു.

റഷ്യൻ-യുക്രൈൻ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്‌ച വ്യാഴാഴ്‌ച നടന്നിരുന്നു. ഇരു വിഭാഗങ്ങളും ഉപാധികളിൽ വിട്ടുവീഴ്‌ചക്ക് തയ്യാറാകാത്തതിനെ തുടർന്ന് ചർച്ച പരാജയപ്പെടുകയായിരുന്നു.
ആദ്യ വിദേശകാര്യ ഉന്നതതലയോഗമായിരുന്നു വ്യാഴാഴ്‌ച നടന്നത്. തുർക്കിയിൽ വെച്ചായിരുന്നു ആദ്യ വിദേശകാര്യ ഉന്നതതലയോഗം.
യുദ്ധത്തിന്‍റെ ആരംഭഘട്ടം മുതൽ സമാധാന ചർച്ചക്ക് തുർക്കി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സമാധാന ചർച്ചക്ക് മുൻകൈ എടുത്തുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി മോസ്‌കോയിലെത്തി പുടിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടർന്ന് അദ്ദേഹം യുക്രൈൻ പ്രസിഡന്‍റ് വ്‌ളാഡിമിർ സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ചിരുന്നു. റഷ്യൻ, യുക്രൈൻ പ്രസിഡന്‍റുമാരെ ഫോണിൽ വിളിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധം അവസാനിപ്പിക്കണമെന്നും ചർച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
റഷ്യൻ അധിനിവേശത്തെ തുടർന്ന് ആയിരക്കണക്കിന് പേരാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്. രണ്ട് മില്യണിലധികം പേർ യുക്രൈനിൽ നിന്ന് പലായനം ചെയ്‌തതായും യുഎൻ കണക്കുകൾ പറയുന്നു.
രണ്ട് മില്യൺ ഒരു മില്യൺ കുട്ടികളാണെന്നാണ് കണക്കുകൾ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ അതിവേഗം വളരുന്ന അഭയാർഥി പ്രതിസന്ധിയാണ് യുക്രൈനിൽ സംഭവിക്കുന്നതെന്ന് യുഎൻ പറഞ്ഞു.
യുക്രൈനിൽ നിന്ന് പോകുന്ന ഭൂരിഭാഗം ജനങ്ങളും പോളണ്ടിലേക്കാണ് പലായനം ചെയ്യുന്നത്. ഇവിടേക്ക് മാത്രം 12 ലക്ഷത്താേളം പേരും ഹംഗറിയിലേക്ക് 191,000 പേരും സ്ലൊവാക്യയിലേക്ക് 141,000 പേരും മാൾഡോവയിലേക്ക് 83,000 പേരും റെമേനിയയിലേക്ക് 82,000 മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് 210,000 പേരും പലായനം ചെയ്‌തെന്നാണ് യുഎൻ പുറത്തുവിട്ട കണക്ക്. നാൽപത് ലക്ഷം പേർ അഭയാർഥികളാകുമെന്നാണ് യുക്രൈനിലേക്ക് റഷ്യൻ അധിനിവേശം ആരംഭിച്ച ഘട്ടത്തിൽ യുഎൻ പ്രവചിച്ചിരുന്ന കണക്ക്.












Click it and Unblock the Notifications