ജോ ബൈഡനെ കുറിച്ച് പ്രതികരണവുമായി പുടിന്‍, 'റഷ്യാ വിരുദ്ധ പരാമർശങ്ങൾ ശ്രദ്ധിക്കുന്നുണ്ട്'
മോസ്‌കോ: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നതിനിടെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോ ബൈഡനെ കുറിച്ച് പ്രതികരണവുമായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദമിര്‍ പുടിന്‍. ജോ ബൈഡനില്‍ നിന്നുളള റഷ്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് പുടിന്‍ പറഞ്ഞത്. അതേസമയം ആയുധ നിയന്ത്രണവുമായി ബന്ധപ്പെട്ട ബൈഡന്റെ അഭിപ്രായത്തെ റഷ്യന്‍ പ്രസിഡണ്ട് പുകഴ്ത്തി.
നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ദേശീയ ചാനലില്‍ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് പുടിന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്. മോസ്‌കോയുമായി കൂടുതല്‍ നല്ല ബന്ധം വേണം എന്ന ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായത്തെ പുടിന്‍ പുകഴ്ത്തി.

ആ അഭിപ്രായത്തെ റഷ്യ വിലമതിക്കുന്നുവെന്ന് പുടിന്‍ പറഞ്ഞു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടലുകള്‍ നടത്തുന്നുവെന്ന ആരോപണത്തെ വ്‌ളാഡമിര്‍ പുടിന്‍ തളളിക്കളഞ്ഞു. ബൈഡനില്‍ നിന്നും റഷ്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും അത് തങ്ങള്‍ക്ക് ശീലമായിരിക്കുകയാണ് എന്നും റഷ്യന്‍ പ്രസിഡണ്ട് പറഞ്ഞു. അതേസമയം ഫെബ്രുവരിയില്‍ അവസാനിക്കാനിരിക്കുന്ന റഷ്യ-അമേരിക്ക ആണവായുധ ഉടമ്പടി പുതുക്കുന്നത് സംബന്ധിച്ചുളള ജോ ബൈഡന്റെ അഭിപ്രായത്തോട് പുടിന്‍ യോജിച്ചു.
ആണവ ഉടമ്പടി പുതുക്കുകയോ പുതിയ ഉടമ്പടി ഒപ്പ് വെയ്ക്കുകയോ ചെയ്യുന്നത് സംബന്ധിച്ച് അമേരിക്കയും റഷ്യയും ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പുരോഗമനമുണ്ട് എന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. ഉടമ്പടി പുതുക്കാനോ പുതിയ ഉടമ്പടിക്കോ തയ്യാറാണെന്ന് ജോ ബൈഡന്‍ പരസ്യമായി തന്നെ പറഞ്ഞിരിക്കുന്നുവെന്നും അത് ഇരുരാജ്യങ്ങളുടേയും ഭാവി ബന്ധത്തില്‍ നിര്‍ണായകം ആണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications