യുദ്ധം അവസാനിക്കുന്നു..? വെടിനിര്‍ത്തലിന് സമ്മതിച്ച് പുടിന്‍; ട്രംപുമായി സംസാരിച്ചേക്കും
മോസ്‌കോ: ഉക്രെയ്‌നുമായുള്ള ഒരു സമാധാന ഉടമ്പടി എന്ന ആശയത്തെ പിന്തുണയ്ക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. എന്നാല്‍ അത് എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും അതിനെക്കുറിച്ച് 'ഗുരുതരമായ ചില ചോദ്യങ്ങള്‍' ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്‌നില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിനായുള്ള യുഎസ്-ഉക്രെയ്ന്‍ സംയുക്ത പദ്ധതിയെക്കുറിച്ച് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യന്‍ ഉദ്യോഗസ്ഥരോട് അവതരിപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ശത്രുത അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളോട് ഞങ്ങള്‍ യോജിക്കുന്നു, പക്ഷേ ആ വെടിനിര്‍ത്തല്‍ ദീര്‍ഘകാല സമാധാനത്തിലേക്ക് നയിക്കുകയും പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ പരിഹരിക്കുകയും ചെയ്യും എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം.. ചില കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ടതുമുണ്ട്' പുടിന്‍ മോസ്‌കോയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കുര്‍സ്‌ക് മേഖലയില്‍ നിന്ന് കൈവിനെ തുരത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണത്തിലാണ് റഷ്യന്‍ സൈനികര്‍ ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. 30 ദിവസത്തേക്ക് ഞങ്ങള്‍ യുദ്ധം നിര്‍ത്തിയാല്‍, അതിന്റെ അര്‍ത്ഥമെന്താണ്? അവിടെയുള്ള എല്ലാവരും ഒരു പോരാട്ടവുമില്ലാതെ പുറത്തുപോകുമോ? വെടിനിര്‍ത്തലിന്റെ മേല്‍നോട്ടം എങ്ങനെ സംഘടിപ്പിക്കും? ഇവയെല്ലാം ഗുരുതരമായ ചോദ്യങ്ങളാണ്,' പുടിന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ അമേരിക്കന്‍ സഹപ്രവര്‍ത്തകരുമായി സംസാരിക്കേണ്ടതുണ്ടെന്ന് താന്‍ കരുതുന്നു എന്നും ഒരുപക്ഷേ പ്രസിഡന്റ് ട്രംപുമായി ഒരു ഫോണ്‍ കോള്‍ ചെയ്ത് ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കാം എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ മേഖലകളിലും റഷ്യന്‍ സൈന്യം മുന്നേറുന്നുണ്ടെന്നും ഉക്രേനിയന്‍ സൈന്യത്തെ കുര്‍സ്‌കില്‍ നിന്ന് പുറത്താക്കുന്നതില്‍ സൈന്യം നേടിയ വിജയത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ഇതിനെ അടിസ്ഥാനമാക്കി മോസ്‌കോ അതിന്റെ അടുത്ത നടപടികള്‍ തീരുമാനിക്കുമെന്നും പുടിന്‍ പറഞ്ഞു. ഇപ്പോള്‍ ഉക്രെയ്നിന്റെ അഞ്ചിലൊന്ന് പ്രദേശവും റഷ്യന്‍ സൈന്യമാണ് നിയന്ത്രിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് പുടിന്‍ നന്ദി പറഞ്ഞു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ഈ സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ആശയത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉക്രെയ്ന്‍ പിന്തുണയ്ക്കുമെന്ന് പറഞ്ഞ 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദ്ദേശത്തിന് ക്രെംലിന്‍ സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. 2022 മുതല്‍ റഷ്യയും ഉക്രെയ്‌നും യുദ്ധത്തിലാണ്. ശീതയുദ്ധത്തിനുശേഷം മോസ്‌കോയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിനും ഈ യുദ്ധം കാരണമായിരുന്നു.












Click it and Unblock the Notifications