എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണ ശ്രമം: ദേശീയ പതാക വലിച്ചുകീറി
ലണ്ടന്‍: കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ ആക്രമണം ശ്രമം. ഖലിസ്ഥാനി വിഘടനവാദികള്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്താന്‍ നോക്കുകയായിരുന്നു. ലണ്ടനില്‍ സന്ദർശനത്തിന് എത്തിയ എസ് ജയശങ്കറിന് നേരെ ഖലിസ്ഥാനികള്‍ പ്രതിഷേധം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ പ്രതിഷേധം വലിയ സുരക്ഷാ വീഴ്ചയിലേക്കാണ് നയിച്ചത്.
ഒരു ചർച്ചയ്ക്ക് ശേഷം ചതാം ഹൗസ് വേദിയിൽ നിന്ന് വിദേശകാര്യമന്ത്രി ഇറങ്ങുമ്പോൾ പ്രതിഷേധക്കാരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ കാറിന് അടുത്തേക്ക് ഓടിയെത്തുകയും പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ തന്നെ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പ്രതിഷേധക്കാർക്കിടയില്‍ നിന്നും ഒരാള്‍ ആക്രമണോത്സുകനായി പാഞ്ഞുകയറുന്നതാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്.

മറ്റുള്ളവർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അക്രമി ത്രിവർണ്ണ പതാക വലിച്ചുകീറിയത്. അക്രമിക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്നും ഉടനടി നടപടിയുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പിന്നീട് പതാക വലിച്ച് കീറിയ വ്യക്തി അടക്കമുള്ള എല്ലാ പ്രതിഷേധക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്നും മാറ്റി.
ജയ്ശങ്കർ ചർച്ചയിൽ പങ്കെടുക്കുന്ന വേദിക്ക് പുറത്ത് ഖാലിസ്ഥാനി തീവ്രവാദികൾ പ്രതിഷേധിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. പ്രതിഷേധക്കാർ പതാകകൾ വീശുകയും ഖാലിസ്ഥാനി അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുന്നത്. മാർച്ച് 4 ന് തുടങ്ങിയ എസ് ജയ്ശങ്കറിന്റെ സന്ദർശനം 9 -ാം തിയതി വരെ നീണ്ടുനില്‍ക്കും.
അതേസമയം, ജമ്മു കശ്മീർ വിഷയത്തില്‍ മുന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ലണ്ടനില്‍ നടന്ന ചർച്ചയില്‍ എസ് ജയശങ്കർ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള കശ്മീർ പ്രശ്നം പരിഹരിക്കാൻ ട്രംപിന്റെ ഇടപെടല്‍ ആവശ്യമാണോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആർട്ടിക്കിൾ 370 റദ്ദാക്കൽ, മേഖലയിലെ സാമ്പത്തിക വികസനം, ഉയർന്ന പോളിംഗ് ശതമാനം ഉള്ള തിരഞ്ഞെടുപ്പുകൾ എന്നിവയുൾപ്പെടെ സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഇന്ത്യ ഇതിനകം തന്നെ നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.
എന്നിരുന്നാലും, പ്രശ്നത്തിന്റെ പരിഹരിക്കപ്പെടാത്ത ഭാഗം ഇന്ത്യയുടെ നിയന്ത്രണത്തിന് അതീതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'നമ്മൾ കാത്തിരിക്കുന്നത് കശ്മീരിന്റെ കവർന്നെടുത്ത ഭാഗം തിരികെ ലഭിക്കുന്നതിനാണ്. അത് പാകിസ്ഥാൻ അധിനിവേശത്തിന്‍ കീഴിലാണ്. അത് ലഭ്യമായി കഴിയുന്നതോടെ കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു' ജയ്ശങ്കർ പറഞ്ഞു.












Click it and Unblock the Notifications