ഒമാൻ കടലിൽ ചരക്കു കപ്പൾ മുങ്ങി; കപ്പലിൽ ഉണ്ടായിരുന്നത് 20 പേർ, തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരം
മസ്ക്കറ്റ്: ഒമാൻ കടലിൽ ചരക്ക് കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 20 പേരെയും ഒമാൻ അധികൃതർ രക്ഷപ്പെടുത്തി. ഷാർജിയിൽ നിന്ന് എരിട്രിയയിലേക്ക് പുറപ്പെട്ട താൻസാനിയൻ ചരക്ക് കപ്പലാണ് മുങ്ങിയത്. നാവികര്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
സ്വദേശികളുടെ സഹായത്തോടെ റോയല്‍ ഒമാന്‍ നേവി ഉദ്യോഗസ്ഥരും റോയല്‍ എയര്‍ഫോഴ്‌സ് ഒമാന്‍ ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പ്രാഥമിക ചികിത്സക്ക് ശേഷം അല്‍ ജാസിര്‍ പോലീസ് സ്‌റ്റേഷന് കീഴില്‍ ഇവരെ താമസിപ്പിച്ചിരിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

കെട്ടിട നിര്‍മാണ വസ്തുക്കള്‍, ഇരുമ്പ്, സ്റ്റീല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുമായി ഷാര്‍ജയില്‍ നിന്ന് എരിട്രിയയിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽപെട്ടത്. ജാസിര്‍ വിലായത്തിലെ അല്‍ ലബ്കി കടല്‍ത്തീരത്തോട് ചേര്‍ന്ന ഒമാന്‍ കടല്‍ മേഖലയിലാണ് കപ്പല്‍ മുങ്ങിയത്. തൊഴിലാളികളുടെ രേഖകള്‍ ശരിപ്പെടുത്തിയതായും ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ആർഒപി വ്യക്തമാക്കി. തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു.












Click it and Unblock the Notifications