ശമ്പളം മാസത്തില്‍ രണ്ടുതവണ; പുതിയ സംവിധാനം നടപ്പാക്കി നേപ്പാള്‍, ഒട്ടേറെ നേട്ടമെന്ന് വിലയിരുത്തല്‍
കാഠ്മണ്ഡു: ജീവനക്കാരുടെ ആത്മവിശ്വാസവും സംതൃപ്തിയും ഉറപ്പാക്കാന്‍ അവധികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പല രാജ്യങ്ങളിലും കേട്ടതാണ്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അടുത്തിടെ അവധി ദിനം വര്‍ധിപ്പിച്ചിരുന്നു. കേരളം വാരാന്ത്യ അവധികള്‍ രണ്ട് ദിവസമാക്കാന്‍ ചര്‍ച്ച തുടരുകയാണ്. ഇതിനിടെ മറ്റൊരു വ്യത്യസ്തമായ വാര്‍ത്ത വന്നിരിക്കുന്നത് അയല്‍രാജ്യമായ നേപ്പാളില്‍ നിന്നാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാസം ആദ്യത്തില്‍ നല്‍കുന്ന രീതി നേപ്പാള്‍ അവസാനിപ്പിച്ചു. പകരം, മാസത്തില്‍ രണ്ടു തവണയായി ശമ്പളം വീതിച്ചു നല്‍കും. ഓരോ 15 ദിവസം കൂടുമ്പോഴുമാകും ശമ്പളം ജീവനക്കാര്‍ക്ക് കൈയ്യില്‍ കിട്ടുക. ഇതുവഴി ജീവനക്കാര്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ദശാബ്ദങ്ങളായി തുടരുന്ന ശമ്പള രീതി നേപ്പാള്‍ സര്‍ക്കാര്‍ മാറ്റാന്‍ തീരുമാനിച്ചു.

സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് നേപ്പാള്‍ ധനമന്ത്രാലയം അനുമതി നല്‍കി. ഇക്കാര്യം ഫിനാന്‍ഷ്യല്‍ കംപ്‌ട്രോളര്‍ ജനറല്‍ ഓഫീസിനെ അറിയിക്കുകയും ചെയ്തു. വൈകാതെ പുതിയ രീതി നിലവില്‍ വരും. മാസവസാനമോ മാസം ആദ്യത്തിലോ ആണ് ഇതുവരെ ശമ്പളം നല്‍കിയിരുന്നത്. ഇനി മുതല്‍ 15 ദിവസത്തില്‍ ശമ്പളം കൈയ്യിലെത്തും.
വിപണിയിലെ പണത്തിന്റെ ഒഴുക്ക് സുഗമമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ ദിവസങ്ങളിലും വിപണി സജീവമാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഒരു തവണ മാത്രം ശമ്പളം ലഭിക്കുന്ന വേളയില്‍ മാസം ആദ്യത്തില്‍ വിപണി സജീവമാകുകയും പിന്നീട് വില്‍പ്പന കുറയുന്ന സാഹചര്യവുമാണ്. ഇതില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷ. പുതിയ മാറ്റത്തോടെ എല്ലാ ദിവസങ്ങളിലും ജീവനക്കാരുടെ കൈയ്യില്‍ പണമുണ്ടാകും.
വിപണിയില്‍ ആവശ്യക്കാര്‍ എപ്പോഴും ഉണ്ടാകണം, ചരക്കുകളുടെ വിതരണം ഉറപ്പാക്കണം, 30 ദിവസവും വിപണി സജീവമാകണം, ഇടത്തരം ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയണം, കടം വാങ്ങി പ്രതിസന്ധി പരിഹരിക്കുന്ന അവസ്ഥ ഇല്ലാതാകണം തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളാണ് പുതിയ മാറ്റത്തിലൂടെ സര്‍ക്കാരിനുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ പുതിയ മാറ്റത്തെ സ്വാഗതം ചെയ്തു.
രണ്ടാഴ്ചയില്‍ ശമ്പളം ഇവിടെയും കിട്ടും
പല രാജ്യങ്ങളിലും രണ്ടാഴ്ചയില്‍ ഒരിക്കല്‍ ശമ്പളം നല്‍കുന്ന രീതി നിലവിലുണ്ട്. അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും പല സ്വകാര്യ കമ്പനികളും രണ്ടാഴ്ചയില്‍ ഒരിക്കലാണ് ശമ്പളം നല്‍കുന്നത്. കാനഡയിലെ കമ്പനികളും ഈ രീതി പിന്തുടരുന്നുണ്ട്. ഫിലിപ്പീന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും രണ്ടാഴ്ചയില്‍ ഒരിക്കല്‍ ശമ്പളം നല്‍കുന്ന കമ്പനികളുണ്ട്.
മാസത്തില്‍ രണ്ട് തവണയായി ശമ്പളം നല്‍കണമെന്ന വ്യവസ്ഥയുള്ള രാജ്യമാണ് ബെലാറസ്. രണ്ടു തവണയായി നല്‍കുമ്പോള്‍ 15 ദിവസത്തെ വ്യത്യാസം വേണമെന്നും നിബന്ധനയുണ്ട്. നേപ്പാളില്‍ പുതിയ രീതി വിജയകരമായാല്‍ അയല്‍രാജ്യങ്ങളും പിന്തുടര്‍ന്നേക്കാം. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം മാസത്തില്‍ ഒരിക്കല്‍ ശമ്പളം നല്‍കുന്ന രീതിയാണുള്ളത്.












Click it and Unblock the Notifications