നമ്പര്‍ മാറിപ്പോയി, ലോട്ടറി കടക്കാരന് പറ്റിയ അമളിയില്‍ 35000 രൂപ കിട്ടേണ്ടിടത്ത് ലഭിച്ചത് കോടികള്‍..!
ലോട്ടറി വിജയങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ എന്നും കൗതുകം നിറഞ്ഞതാണ്. വര്‍ഷങ്ങളോളം ലോട്ടറി എടുത്തിട്ടും ഒരു രൂപ പോലും സമ്മാനമായി ലഭിക്കാത്തവര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ആദ്യ പരീക്ഷണത്തില്‍ തന്നെ കോടികള്‍ സമ്മാനമായി ലഭിച്ചവരുടെ കഥകളും നമ്മള്‍ കേള്‍ക്കാറുണ്ട്. ലോട്ടറി എടുക്കാന്‍ ഒട്ടും താല്‍പര്യമില്ലാതിരുന്നിട്ടും സാഹചര്യം കാരണം ലോട്ടറി എടുത്തവരും നമുക്ക് ചുറ്റുമുണ്ട്.
ഏതായാലും ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ പലതരത്തില്‍ പലപേരുകളില്‍ ഇത്തരം ഭാഗ്യപരീക്ഷണങ്ങള്‍ നടക്കാറുണ്ട്. ചിലപ്പോള്‍ ജന്മദിനം, മൊബൈല്‍ നമ്പര്‍, വാഹനത്തിന്റെ നമ്പര്‍ എന്നിവയെല്ലാം പരിഗണിച്ച് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഗ്രാന്റ് പ്രൈസുകള്‍ ലഭിക്കാറുണ്ട്. എന്തൊക്കെ ട്രിക്കുകള്‍ പരീക്ഷിച്ചാലും ഭാഗ്യമുണ്ടെങ്കില്‍ മാത്രമെ വിജയം കരസ്ഥമാക്കാന്‍ പറ്റൂ എന്നതാണ് യാഥാര്‍ത്ഥ്യം.

ഭാഗ്യമുണ്ടെങ്കില്‍ ഏതെങ്കിലും തരത്തില്‍ നമ്മള്‍ക്ക് ലോട്ടറിയടിച്ചിരിക്കും എന്ന് പറയുന്നതിനെ അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ നടന്നത്. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഡാലിയനില്‍ സെയില്‍സ് ഓപ്പറേറ്റര്‍ വരുത്തിയ ഒരു അക്ഷരത്തെറ്റിനെ തുടര്‍ന്ന് ഒരു ഭാഗ്യശാലിക്ക് കോടികളുടെ ജാക്ക്‌പോട്ടാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത് എന്ന് പെനിന്‍സുല മോര്‍ണിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷി എന്ന് പേരുള്ള ഒരു സ്ത്രീ നടത്തുന്ന ചൈന വെല്‍ഫെയര്‍ ലോട്ടറി ഔട്ട്ലെറ്റില്‍ നിന്ന് വാങ്ങിയ ടിക്കറ്റിലാണ് ഈ ഭാഗ്യശാലിയെ തേടി സമ്മാനമെത്തിയത്. ലോട്ടറി സമ്മാന ജേതാവ് ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ല. സമ്മാനാര്‍ഹമായ ടിക്കറ്റ് ഒറ്റ-ബെറ്റ് തിരഞ്ഞെടുപ്പില്‍ അഞ്ച് നമ്പറുകളുമായി പൊരുത്തപ്പെട്ടു. ഈ വലിയ വിജയത്തിലേക്ക് നയിച്ചത് ഭാഗ്യകരമായ ഒരു പിഴവാണെന്ന് സെയില്‍സ് ഓപ്പറേറ്ററായ ഷി വിശദീകരിച്ചു.
'ഈ ഉപഭോക്താവ് 05 ആയിരുന്നു തിരഞ്ഞെടുക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ എന്റെ പിശക് കാരണം ഞാന്‍ അത് 06 നല്‍കിയത്. ഞാന്‍ പെട്ടെന്ന് സ്തബ്ധയായി പോയി,' ഷി പറഞ്ഞു. പൊരുത്തക്കേടുകള്‍ക്കിടയിലും ടിക്കറ്റ് നിലനിര്‍ത്താന്‍ ഉപയോക്താവ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തന്റെ അമ്പരപ്പും നിരാശയും മാറ്റിക്കൊണ്ട് ഈ പിഴവ് വിജയകരമായ കോമ്പിനേഷനായി മാറിയെന്നും ഷി കൂട്ടിച്ചേര്‍ത്തു.
ഉപയോക്താവ് പറഞ്ഞ 05 എന്ന നമ്പര്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ സമ്മാനം 3000 യുവാന്‍ മാത്രമായിരിക്കും. എന്നാല്‍ തെറ്റായ നമ്പര്‍ നല്‍കിയതിലൂടെ 8.44 മില്യണ്‍ യുവാന്‍ ആണ്. അതായത് ഏകദേശം 9.91 കോടി ഇന്ത്യന്‍ രൂപയാണ് ഈ ഭാഗ്യശാലിക്ക് ലഭിച്ചിരിക്കുന്നത്. 2005-ല്‍ സ്ഥാപിതമായ ഷിയുടെ ഔട്ട്ലെറ്റ്, എട്ട് രണ്ടാം സ്ഥാന സമ്മാനങ്ങള്‍ ഉള്‍പ്പെടെ നിരവധി ചെറിയ വിജയങ്ങള്‍ ഇതിന് മുന്‍പ് നേടിയിട്ടുണ്ട്.












Click it and Unblock the Notifications