സല്‍മാന്‍ ഖാന്‍ ഭീകരന്‍ എന്ന് പാകിസ്താന്‍; നിരീക്ഷണ പട്ടികയില്‍ പെടുത്തി, കാരണം ഇതാണ്
ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പാകിസ്താന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ നടന്ന പരിപാടിയില്‍ സല്‍മാന്‍ ഖാന്‍ നടത്തിയ പ്രസംഗമാണ് ഇതിന് കാരണമത്രെ. ജോയ് ഫോറം 2025 എന്ന പേരില്‍ റിയാദിലായിരുന്നു പരിപാടി. ഇന്ത്യന്‍ സിനിമകളുടെ ആഗോളതലത്തിലെ സ്വീകാര്യതയെ പറ്റി പറയുമ്പോള്‍ പാകിസ്താനെയും ബലൂചിസ്താനെയും വെവ്വേറെ എടുത്തു പറഞ്ഞതാണ് വിവാദമായത്.
1997ലെ ഭീകര വിരുദ്ധ നിയമത്തിലെ 4ാം ഷെഡ്യൂള്‍ പ്രകാരമാണ് സല്‍മാന്‍ ഖാനെതിരെ പാകിസ്താന്‍ നടപടി എടുത്തത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭീകരരുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുക. സല്‍മാന്‍ ഖാനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. വിവിധ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണിത്.

ബലൂചിസ്താന്‍ സര്‍ക്കാര്‍ ഒക്ടോബര്‍ 16ന് പുറപ്പെടുവിച്ച വിജ്ഞാപനം എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ വിവരം പ്രചരിക്കുന്നത്. ഈ വിവരം അടിസ്ഥാനമാക്കിയാണ് വാര്‍ത്തകള്‍. ഭീകരരുടെ നിരീക്ഷണ പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനും എന്നാണ് വാര്‍ത്തകള്‍. ബലൂചിസ്താനെ വിഘടിപ്പിക്കുന്നതിന് സഹായിച്ചു എന്നാണ് സല്‍മാന്‍ ഖാനെതിരായ കുറ്റം.
പാകിസ്താനില്‍ മാത്രമാണ് ഈ നടപടി ബാധകമാകുക. ഇത്തരക്കാരെ സൂക്ഷ്മമായി സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കും. പാകിസ്താന് പുറത്ത് താമസിക്കുന്നവര്‍ക്കെതിരെ നടപടിക്ക് സാധ്യമല്ല. സല്‍മാന്‍ ഖാനെതിരായ നടപടിയില്‍ നിലവില്‍ ആശങ്കപ്പെടാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സല്‍മാന്‍ ഖാന്‍ നടത്തിയ പ്രസംഗം ഇങ്ങനെ
സല്‍മാന്‍ ഖാന് പുറമെ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരെല്ലാം റിയാദിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ''ഒരു ഹിന്ദി സിനിമ ഇവിടെ റിലീസ് ചെയ്താല്‍ വന്‍ ഹിറ്റാകും. തമിഴ്, മലയാളം, തെലുങ്ക് സിനിമകളും കോടികള്‍ വാരും. കാരണം പല രാജ്യങ്ങളിലെയും ജനങ്ങള്‍ ഇവിടെയുണ്ട്. ബലൂചിസ്താനിലെയും അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും... എല്ലാടിയത്തുമുള്ള ജനങ്ങള്‍ ഇവിടെയുണ്ട്'' - സല്‍മാന്‍ ഖാന്റെ വിവാദ പ്രസംഗ ഭാഗം ഇങ്ങനെയായിരുന്നു.
സല്‍മാന്റെ ഖാന്റെ പ്രസംഗത്തെ ബലൂചിസ്താനിലുള്ള ചിലര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. തുടര്‍ന്നാണ് പുതിയ വിവരം പ്രചരിക്കുന്നത്. പാകിസ്താനിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രവിശ്യയാണ് ബലൂചിസ്താന്‍. പാകിസ്താന്‍ സര്‍ക്കാരിനോടും സൈനികരോടും മതിപ്പില്ലാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ട്.
ഇടയ്ക്കിടെ പാകിസ്താന്‍ സൈനികര്‍ക്ക് നേരെ ബലൂചിസ്താനില്‍ ആക്രമണം നടക്കാറുമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സംസ്‌കാരത്തിന് ഉടമകളാണ് തങ്ങള്‍ എന്നും സ്വതന്ത്ര്യ മേഖലയാണിതെന്നുമാണ് ബലൂചിസ്താന്‍ ദേശീയവാദികളുടെ നിലപാട്. അടുത്തിടെ ട്രെയിനില്‍ ആക്രമണം നടത്തിയ ബലൂച് വാദികള്‍ നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications