അന്ന് ഖത്തറിന് പൂട്ടിട്ട സാല്‍വ; ഇന്ന് സൗദി തന്നെ തുറന്നു... നാലിരട്ടി ശേഷി, മിന്നിത്തിളങ്ങും അതിര്‍ത്തി
റിയാദ്/ദോഹ: 2017ല്‍ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഖത്തറിന് ഏറ്റവും തിരിച്ചടിയായത് സാല്‍വ അതിര്‍ത്തി അടച്ചതായിരുന്നു. ഖത്തറിനും സൗദി അറേബ്യക്കുമിടയിലെ കരാതിര്‍ത്തി പ്രദേശമാണ് സാല്‍വ ബോര്‍ഡര്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന്റെ ഏക കര വഴിയാണ് സാല്‍വ. ഇതുവഴിയായിരുന്നു ഖത്തറിലേക്ക് പ്രധാനമായും ചരക്കുകള്‍ എത്തിയിരുന്നത്.
സാല്‍വ അതിര്‍ത്തി അടച്ചതോടെ ഖത്തര്‍ ശരിക്കും പെട്ടുപോയി. തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് കപ്പല്‍ വഴിയും വിമാനം വഴിയും വളഞ്ഞ പാതയിലൂടെ ചരക്കുകള്‍ എത്തിക്കുകയായിരുന്നു ഖത്തര്‍... ഇതെല്ലാം പഴയകഥ. സാല്‍വ അതിര്‍ത്തി കൂടുതല്‍ വിശാലതയോടെ നിര്‍മിച്ച് സൗദി തുറന്നിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത...

സാല്‍വ അതിര്‍ത്തി തുറന്നിരിക്കുകയാണ് സൗദി അറേബ്യ. കൂടുതല്‍ വിശാലമായ സൗകര്യങ്ങളോടെയാണ് തുറന്നിരിക്കുന്നത്. ഇനി കൂടുതല്‍ യാത്രക്കാര്‍ക്ക് ഒരേ സമയം ഇതിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും. മാത്രമല്ല, കൂടുതല്‍ ചരക്കുകളും ഒരേ സമയം കൊണ്ടുവരാം. നേരത്തെയുള്ളതിനേക്കാള്‍ നാലിരട്ടി വലിപ്പത്തിലും ശേഷിയിലുമാണ് പുതിയ സാല്‍വാ ക്രോസിങ്.

ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം തുടങ്ങാന്‍ പോകുകയാണ്. നവംബറിലാണ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. ലോകം ഖത്തറിലേക്ക് എത്തുന്ന ദിനരാത്രങ്ങളായിരിക്കും പിന്നീട്. ഇക്കാര്യം കൂടി മുന്‍കൂട്ടി കണ്ടാണ് സാല്‍വ ബോര്‍ഡര്‍ വിശാലമാക്കിയിരിക്കുന്നത്. സൗദിയില്‍ നിന്ന് ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ ഖത്തറിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച മുതല്‍ സാല്‍വ അതിര്‍ത്തി വഴിയുള്ള പരീക്ഷണ യാത്ര ആരംഭിച്ചു. ഒരു ദിവസം 12000 കാറുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ശേഷി വര്‍ധിപ്പിച്ചിരിക്കുകയാണിപ്പോള്‍. നേരത്തെ ഇത് 1900ത്തില്‍ താഴെയായിരുന്നു. തിരിച്ചുള്ള യാത്രയ്ക്കും ഇതേ തോതില്‍ സാധിക്കുമെന്ന് സൗദി ടെലിവിഷനായ അല്‍ ഇഖ്ബരിയ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈസ്‌റ്റേണ്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ നായിഫ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഖത്തറിനും സൗദിക്കുമിടയിലെ യാത്രയും ചരക്കുകടത്തും എളുപ്പമാക്കുന്നതാണ് പുതിയ പാതകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതിന്റെ സൂചനയുമാണിത്. മൂന്നര വര്‍ഷത്തോളം അടച്ചിട്ട സാല്‍വ ബോര്‍ഡര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തുറക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തു.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമായിരുന്നു ഖത്തറിനെതിരെ 2017ല്‍ ഉപരോധം ചുമത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ സാല്‍വ അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. പിന്നീട് ആകാശ മാര്‍ഗവും കപ്പല്‍ വഴിയുമാണ് ഖത്തര്‍ ചരക്കുകള്‍ എത്തിച്ചത്. ഇറാന്റെ വ്യോമ പാതയും ഒമാന്‍ വഴിയുള്ള ജലപാതയും ഖത്തര്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ഖത്തര്‍ സ്വയം പര്യാപ്തത നേടുന്നതാണ് ലോകം കണ്ടത്.
Recommended Video

ഇന്ന് ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഖത്തര്‍. പശ്ചിമേഷ്യയില്‍ ഒന്നാം സ്ഥാനത്തും. യുഎഇ ഏഴാം സ്ഥാനത്താണ്. സൗദി അതിനും ശേഷം. ഉപരോധം ഖത്തറിനെ കൂടുതല്‍ കരുത്തുറ്റതാക്കി എന്ന് അഭിപ്രായമുള്ള ഒട്ടേറെ നിരീക്ഷകരുണ്ട്. ഉപരോധം പ്രഖ്യാപിച്ചതു കൊണ്ടാണ് ഖത്തര്‍ പുറം ലോകവുമായി കൂടുതല്‍ വ്യാപാര ബന്ധം ആരംഭിച്ചതും അതുവഴി സ്വയം പര്യാപ്തത നേടിയതും.

ഇന്ന് ലോകത്തെ പല വിവാദ വിഷയങ്ങളിലും തീരുമാനം എടുക്കുന്നതും മധ്യസ്ഥത വഹിക്കുന്നതും ഖത്തറാണ്. അഫ്ഗാന്‍ വിഷയത്തില്‍ മുഖ്യ റോള്‍ ഖത്തറിനായിരുന്നു. എത്യോപ്യന്‍ വിവാദത്തിലും ഛാഡിലെ തര്‍ക്കത്തിലും മധ്യസ്ഥ റോളിലാണ് ഖത്തര്‍. ഇറാന്‍-അമേരിക്ക ആണവ പദ്ധതി ചര്‍ച്ചയ്ക്കും ഖത്തര്‍ പങ്ക് വഹിക്കുന്നുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം കൂടി ഈ കൊച്ചുരാജ്യത്തെത്തിയത് ഖത്തറിന്റെ ശേഷി പതിന്മടങ്ങായി ഉയര്‍ത്തുമെന്ന് തീര്‍ച്ചയാണ്.












Click it and Unblock the Notifications