മോദിയുടെ സന്ദര്‍ശനത്തിനിടെ തിളങ്ങി സാറ നെതന്യാഹു; എയര്‍ ഹോസ്റ്റസില്‍ നിന്ന് അധികാര നിഴലായ കഥ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ തിളങ്ങി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു. ടെല്‍ അവീവ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാന്‍ നെതന്യാഹുവിനൊപ്പം സാറയും എത്തിയിരുന്നു. മോദിയുടെയും സാറയുടെയും വസ്ത്രത്തിലെ ചില സാമ്യതകള്‍ നെതന്യാഹു ചൂണ്ടിക്കാട്ടി. കാവി നിറമുള്ള കാര്യം മോദി എടുത്തു പറഞ്ഞു.
ഇന്ത്യ മനോഹരമായ രാജ്യമാണ് എന്ന് സാറ സംസാരത്തിനിടെ പറഞ്ഞു. മോദി അല്‍ഭുതകരമായ നേതാവാണ് എന്ന് നെതന്യാഹുവും പ്രശംസിച്ചു. ഇസ്രായേലി പാര്‍ലമെന്റായ നെസറ്റില്‍ മോദി പ്രസംഗിച്ചു. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നെസറ്റില്‍ പ്രസംഗിക്കുന്നത്. മോദിയെ സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സാറയുടെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരാണ് സാറ എന്ന് അറിയാം...

1958ല്‍ ഹൈഫയോട് ചേര്‍ന്ന കിരിയാത് തിവോണിലാണ് സാറ ജനിച്ചത്. പോളിഷ് ജൂതനായ എഴുത്തുകാരന്‍ സാമുവല്‍ ബെന്‍ അര്‍ട്‌സിയാണ് അച്ഛന്‍. അമ്മയുടെ പേര് ചാവ. മൂന്ന് സഹോദരങ്ങളുണ്ട്. പഠന ശേഷം മാരിവ് ലാനോര്‍ എന്ന ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്തിരുന്നു സാറ. ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജി ബിരുദം നേടിയ അവര്‍ സൈന്യത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇസ്രായേലിന്റെ ഔദ്യോഗിക വിമാന കമ്പനിയായ എല്‍ അല്ലില്‍ ഫ്‌ളൈറ്റ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980ല്‍ ആയിരുന്നു ആദ്യ വിവാഹം. ഏഴ് വര്‍ഷത്തിന് ശേഷം ബന്ധം വേര്‍പ്പെടുത്തി. 1991ലാണ് നെതന്യാഹുവുവിനെ വിവാഹം ചെയ്തത്. നെതന്യാഹുവിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും രണ്ടു ആണ്‍മക്കളുണ്ട്.
വിവാദം ഒഴിയാത്ത സാറ നെതന്യാഹു
നിരവധി വിവാദങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ വ്യക്തി കൂടിയാണ് സാറ. ഒരുകാലത്ത് പത്രങ്ങളിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു അവര്‍. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് സാറ. വിദേശ യാത്രയ്ക്കിടെ ധൂര്‍ത്ത് നടത്തി, സര്‍ക്കാരിന്റെ പണം വഴിവിട്ട് ചെലവഴിച്ചു, വീട്ടുജോലിക്കാരുടെ ശമ്പളം തടഞ്ഞുവച്ചു, വിശ്വാസ വഞ്ചന തുടങ്ങി നിരവധി കേസുകളും ആരോപണങ്ങളും സാറക്കെതിരെ ഉയര്‍ന്നിരുന്നു.

നെതന്യാഹുവിന്റെ ഔദ്യോഗിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഒരു നിഴല്‍ശക്തിയായാണ് പലരും സാറാ നെതന്യാഹുവിനെ കാണുന്നത്. എയര്‍ഹോസ്റ്റസ് റോളില്‍ നിന്ന് ഇസ്രായേലിന്റെ പ്രഥമ വനിതയായി മാറിയ സാറാ നെതന്യാഹുവിന്റെ ജീവിതം പലപ്പോഴും വിവാദമായിട്ടുണ്ട്. എയര്‍ഹോസ്റ്റസ് റോളില്‍ തുടരവെയാണ് ബെഞ്ചമിന്‍ നെതന്യാഹുവുമായി കണ്ടുമുട്ടിയത്,
രാജ്യത്തെ പ്രധാന നിയമനങ്ങളിലും ഭര്‍ത്താവിന്റെ രാഷ്ട്രീയ തീരുമാനങ്ങളിലും അവര്‍ സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണങ്ങളും നിലവിലുണ്ട്. നെതന്യാഹു തന്റെ പ്രസ്താവനകളില്‍ 'എന്റെ ഭാര്യയും ഞാനും' എന്ന് പതിവായി ഉപയോഗിക്കുന്നത് ചര്‍ച്ചാ വിഷയവുമാണ്. സാറയെ രാഷ്ട്രീയ ഇടപെടലുകാരിയായി വിമര്‍ശകര്‍ ചിത്രീകരിക്കുമ്പോള്‍, നെതന്യാഹു അവരെ 'ധീര വനിത' എന്ന് വിശേഷിപ്പിക്കുന്നു. മാധ്യമങ്ങള്‍ തന്റെ ഭാര്യയെ മനഃപൂര്‍വം 'ബലിമൃഗമാക്കുകയാണെ'ന്നും അദ്ദേഹം വാദിക്കുന്നു.
സാറാ നെതന്യാഹുവിന്റെ പേരിനൊപ്പം വിവാദങ്ങളും എപ്പോഴും ചേര്‍ന്നുനില്‍ക്കുന്നു. അഴിമതി, വഞ്ചന തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ അവര്‍ക്കെതിരെയുണ്ട്. സര്‍ക്കാര്‍ ഫണ്ടുകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തുവെന്ന കേസുകളില്‍ സാറ വിചാരണ നേരിട്ടിട്ടുണ്ട്. ഭര്‍ത്താവിനെതിരായ അഴിമതി കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണങ്ങളെ തുടര്‍ന്ന് പോലീസ് ഇപ്പോള്‍ ക്രിമിനല്‍ അന്വേഷണവും ആരംഭിച്ചു.












Click it and Unblock the Notifications