ഇത് അപൂർവ്വ നേട്ടം: ഇന്ത്യ - സൗദി അറേബ്യന്‍ ബന്ധത്തില്‍ പുതിയ റെക്കോർഡ്, ഇനി ലക്ഷ്യം 100 ബില്യണ്‍
റിയാദ്: ഇന്ത്യയുമായുള്ള ഉഭയകക്ഷി നിക്ഷേപ ബന്ധത്തില്‍ പുതിയ നാഴിക കല്ല് താണ്ടി സൗദി അറേബ്യ. നിക്ഷേപം 24 ബില്യൺ ഡോളറായി ഉയർന്നതോടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി നിക്ഷേപ ബന്ധം എക്കാലത്തെയും ഉയർന്ന തരത്തിലാണെന്നാണ് സൗദി അറേബ്യന്‍ അധികൃതരെ ഉദ്ധരിച്ച് അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപത്തിന്റെയും വ്യാപാര വിനിമയത്തിന്റെയും ഈ അളവ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിലെത്തുമെന്നും സൗദി അറേബ്യന്‍ അധികൃതർ അവകാശപ്പെടുന്നു. പെട്രോകെമിക്കൽസിന്റെ വ്യാപാര വിനിമയം 9.13 ബില്യൺ ഡോളറും കാർഷിക പെട്രോകെമിക്കൽസ്, വളങ്ങൾ എന്നിവയിൽ 1.03 ബില്യൺ ഡോളറുമാണ് കണക്കാക്കുന്നതെന്നാണ് വ്യവസായ മിനറൽ റിസോഴ്‌സസ് മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഡയറക്ടറുടെ സാന്നിധ്യത്തിൽ ഇന്നലെ നടന്ന യോഗത്തില്‍ സൗദി ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

കാർഷിക, വ്യാവസായിക സൾഫർ ഉൽപന്നങ്ങൾ ഇന്ത്യയിലേക്കും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും പ്രതിവർഷം 100,000 ടണ്ണിലധികം കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിലും സൗദി ഒപ്പുവച്ചു. എഞ്ചിനീയറിംഗ് വസ്തുക്കള്‍, അരി, പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, തുണിത്തരങ്ങൾ, അസംസ്കൃത പഞ്ചസാര, സെറാമിക് ടൈലുകൾ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന സൗദി അറേബ്യ - ഇന്ത്യ വ്യാപാരം വരും വർഷങ്ങളില്‍ കൂടുതല്‍ മേഖലയിലേക്കും കടക്കും.
ക്രൂഡ് ഓയിൽ, ദ്രവീകൃത പെട്രോളിയം വാതകം, രാസവളങ്ങൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക് എന്നിവയാണ് സൗദി അറേബ്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമിൽ 1.5 ബില്യൺ ഡോളർ മൂല്യമുള്ള 2.32% ഓഹരിയും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ 2.04% ഓഹരിയും 1.3 ബില്യൺ ഡോളർ മൂല്യമുള്ളതായി റിയാദിലെ ഇന്ത്യൻ എംബസി അടുത്തിടെ അറിയിച്ചിരുന്നു.
സമീപ വർഷങ്ങളിൽ രാജ്യത്തിലെ ഇന്ത്യൻ നിക്ഷേപവും ഗണ്യമായി വർദ്ധിച്ചു. ഇത് ഏകദേശം 2 ബില്യൺ ഡോളറിലെത്തി. മാനേജ്‌മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ, കൺസ്ട്രക്ഷൻ പ്രോജക്ടുകൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഫിനാൻഷ്യൽ സർവീസസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിങ്ങനെ വിവിധ മേഖലകളിലാണ് ഇന്ത്യക്കാരുടെ പ്രധാന നിക്ഷേപം.
അതേസമയം, മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയുമായുള്ള എണ്ണ വ്യാപാരത്തില്‍ ആഗസ്ത് മാസം റഷ്യയെ സൗദി അറേബ്യ മറികടന്നു. റിഫിനിറ്റീവ് ഡാറ്റ അനുസരിച്ച്, ഓഗസ്റ്റിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ജൂലൈയിൽ നിന്ന് അഞ്ചിലൊന്ന് കുറഞ്ഞ് പ്രതിദിനം 1.5 ദശലക്ഷം ബാരലായി (ബിപിഡി). നേരെ മറിച്ച് സൗദി അറേബ്യയിൽ നിന്നുള്ളത് ഏകദേശം 63% കുതിച്ചുയർന്നു.
കഴിഞ്ഞ മാസം ഇന്ത്യ 1.35 ദശലക്ഷം ബിപിഡി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു, ജൂലൈയിൽ ഇത് 1.9 ദശലക്ഷം ബിപിഡിആയിരുന്നു. സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി ജൂലൈയിൽ 522,000 ബിപിഡി ആയിരുന്നെങ്കില്‍ കഴിഞ്ഞ മാസം ഇത് 825,000 ബിപിഡി ആയി ഉയർന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയുടെ ഇന്ധന ആവശ്യം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications