റഷ്യ വീഴുന്നു, അറബ്സ് വാഴുന്നു: ജനുവരിയില്‍ സൗദിയുടേയും ഇറാഖിന്റേയും വന്‍ തിരിച്ച് വരവ്, റഷ്യ ഞെട്ടി
ഡല്‍ഹി: തുടർച്ചയായ രണ്ടാം മാസവും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വന്‍ ഇടിവ്. അമേരിക്ക ഉള്‍പ്പെടേയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കടുത്തതും വിലക്കിഴിവ് കുറഞ്ഞതുമാണ് ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡിന്റെ വരവിനെ സ്വാധീനിച്ചത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറഞ്ഞതോടെ ഈ വിടവ് നികത്താന്‍ പരമ്പരാഗത കച്ചവടക്കാരായ ഇറാഖില്‍ നിന്നും ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ഡിസംബർ മാസത്തിലും റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണയുടെ വരവില്‍ കുറവുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ തങ്ങള്‍ക്ക് ആവശ്യമായ എണ്ണ വിഹിതത്തിന്റെ 90 ശതമാനത്തോളം മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്.

2022 ലെ ഉക്രൈന്‍ യുദ്ധത്തിന് മുമ്പ് ഇറാഖും സൗദി അറേബ്യയും അടങ്ങുന്ന അറബ് രാജ്യങ്ങളായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വ്യാപാര പങ്കാളികള്‍. എന്നാല്‍ ഉക്രൈന്‍ യുദ്ധതിന്റെ പശ്ചാത്തലത്തില്‍ സാഹചര്യം മാറി. റഷ്യക്ക് അമേരിക്കയും യുകെയും അടങ്ങുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയോടെ വന്‍വിലക്കിഴിവില്‍ റഷ്യന്‍ എണ്ണ ഇന്ത്യയിലേക്ക് ഒഴുകാന്‍ തുടങ്ങി. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായും അവർ മാറി.
എൽഎസ്ഇജി ഡാറ്റ പ്രകാരം ജനുവരിയില്‍ റഷ്യയിൽ നിന്നുള്ള ഇറക്കുമതി പ്രതിദിനം 4.2% കുറഞ്ഞ് 1.3 ദശലക്ഷം ബാരലായി (ബിപിഡി). ഷിപ്പ് ട്രാക്കിംഗ് ഏജൻസിയായ വോർടെക്സയിൽ നിന്നുള്ള ഡാറ്റ 9% മുതൽ 1.2 ദശലക്ഷം ബിപിഡി വരെ ഇടിവാണ് കാണിച്ചിരിക്കുന്നത്.
"റഷ്യൻ ക്രൂഡ് വിലക്കുറവായിരുന്നു നേരത്തെ ഇന്ത്യന്‍ റിഫൈനറിമാരെ അങ്ങോട്ട് അടുപ്പിച്ചത്. മിഡിൽ ഈസ്റ്റേൺ ക്രൂഡുമായി താരതമ്യപ്പെടുത്തുമ്പോൾ, റഷ്യൻ ക്രൂഡിന്റെ വില ഇപ്പോള്‍ ആകർഷണമല്ല. പാശ്ചാത്യ ഉപരോധങ്ങളും തിരിച്ചടിയായി മാറിയിട്ടുണ്ട്. ഹൂതി ആക്രമണത്തിൻ്റെ ഫലമായി വർദ്ധിച്ചുവരുന്ന ടാങ്കർ പ്രീമിയങ്ങളും സമീപ മാസങ്ങളിൽ റഷ്യൻ ക്രൂഡിനെ ഇന്ത്യൻ റിഫൈനർമാർക്ക് ആകർഷകമാക്കുന്നില്ല," വോർടെക്‌സയുടെ എപിഎസി അനാലിസിസ് മേധാവി സെറീന ഹുവാങ് പറഞ്ഞു.
റഷ്യൻ ക്രൂഡിൻ്റെ ഇന്ത്യയുടെ ഇറക്കുമതി വരും മാസങ്ങളിൽ ഇനിയും കുറയുമെന്നും വിദഗ്ധർ കൂട്ടിച്ചേർക്കുന്നു. അമേരിക്കന്‍ ഉപരോധത്തെ തുടർന്ന് റഷ്യയുടെ സോക്കോൾ ക്രൂഡ് ഇന്ത്യയിലേക്ക് എത്തിക്കാൻ ഉദ്ദേശിച്ചിരുന്ന നിരവധി ടാങ്കറുകൾ വഴിതിരിച്ചുവിടേണ്ടി വന്നുരുന്നു. ഇത് ഇന്ത്യയിലേക്കുള്ള സോക്കോള്‍ ക്രൂഡിന്റെ വരവ് കുറച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് വിതരണക്കാരിൽ നിന്നുള്ള പ്രാഥമിക ഇറക്കുമതി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇടിവുകളുണ്ടെങ്കിലും റഷ്യ തന്നെയാണ് മുന്നില്‍. എന്നാല്‍ റഷ്യയുടെ ഇറക്കുമതിയില്‍ 4.2 ശതമാനം ഇടിവുണ്ടായപ്പോള്‍ ഇറാഖില്‍ നിന്നുള്ള ഇറക്കുമതി 18.5 ശതമാനം വർധിച്ചുവെന്നതാണ് ശ്രദ്ധേയം. സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതിയും 4 ശതമാനത്തോളം വർധിച്ചിട്ടുണ്ട്.












Click it and Unblock the Notifications