ഇന്ത്യയില്‍ ഇറാഖും സൗദിയും വാഴും, റഷ്യ വീഴും: എല്ലാത്തിനും കാരണം ഹൂത്തികള്‍
ചെങ്കടല്‍ പാതയില്‍ ഹൂത്തികള്‍ സൃഷ്ടിക്കുന്ന വെല്ലുവിളി ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ബാധിക്കുന്നു. റഷ്യയില്‍ നിന്നും വരുന്ന കപ്പലുകളേയാണ് പ്രതിസന്ധി ബാധിച്ചത്. ഇതോടെ ദൈർഘ്യമേറിയ വഴിയിലൂടെയാണ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തുന്നതെന്നും, ഇത് കൂടുതൽ ചെലവേറിയതാക്കുന്നുവെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘർഷഭരിതമായ ചെങ്കടൽ പ്രദേശം ഒഴിവാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ചരക്ക് കപ്പലുകള്‍ ആഫ്രിക്കയുടെ തെക്കെ അറ്റമായ ഗുഡ്ഹോപ്പ് മുനമ്പ് വഴിയാണ് സഞ്ചരിക്കുന്നത്. ഹൂത്തികളുടെ ആക്രമണത്തെത്തുടർന്ന്, മുൻനിര ചരക്ക് കമ്പനികൾ ആഫ്രിക്കയെ ചുറ്റിപ്പറ്റിയുള്ള ദീർഘദൂര പാതയിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് പോകുകയോ സൂയസ് കനാൽ വഴി സുരക്ഷിതമായി കടന്നുപോകാൻ അടുത്തുള്ള തുറമുഖങ്ങളിൽ കാത്തിരിക്കുകയോ ചെയ്യുന്നതിനാൽ ഇന്ത്യൻ കമ്പനികൾക്ക് ഷിപ്പിംഗ് ചെലവ് വളരെ അധികം വർദ്ധിപ്പിച്ചിട്ടുണ്ട്.

റഷ്യ-ഉക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചിരുന്നു. റഷ്യ നല്‍കിയ വിലക്കിഴിവായിരുന്നു ഇന്ത്യയെ റഷ്യയിലേക്ക് അടുപ്പിച്ചത്. ഇതോടെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മോസ്കോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ സാഹചര്യത്തില്‍ പരമ്പരാഗത ഇറക്കുമതി ശക്തികളായ ഇറാഖും സൗദി അറേബ്യയും പുറകിലേക്ക് പോകുകയും ചെയ്തു.
ചെങ്കടലില്‍ രൂപപ്പെട്ട പ്രതിസന്ധി റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ചിലവേറിയതാക്കി മാറ്റിയതോടെ അറബ് രാഷ്ട്രങ്ങളെ വീണ്ടും വലിയ തോതില്‍ ആശ്രയിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ജനുവരിയിൽ തുടർച്ചയായ രണ്ടാം മാസവും 12 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് എനർജി കാർഗോ ട്രാക്കർ, വ്യവസായ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നുു.
എനർജി കാർഗോ ട്രാക്കർ വോർട്ടെക്സയുടെ കണക്കുകൾ പ്രകാരം, ജനുവരിയിൽ റഷ്യ ഇന്ത്യയ്ക്ക് പ്രതിദിനം 1.2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്തു. ഡിസംബറിൽ 1.32 ദശലക്ഷം ബാരലും 2023 നവംബറിൽ 1.62 ദശലക്ഷം ബാരലും ആയിരുന്നു ഇത്. എങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടരുന്നു. നിലവിൽ, 2022 ലെ ബാരലിന് 140 ഡോളർ എന്ന ഉയർന്ന നിരക്കിൽ നിന്ന് ബാരലിന് 80 ഡോളറിലാണ് ക്രൂഡ് ഓയിൽ വില വ്യാപാരം നടക്കുന്നത്.
സൂയസ് കനാൽ പ്രതിസന്ധി വ്യാപിച്ചാൽ, സുരക്ഷിതമായ പാതയിലൂടെ വരുന്നതിനാൽ ക്രൂഡ് ഓയിൽ ആവശ്യങ്ങൾക്കായി ഇറാഖ് പോലുള്ള രാജ്യങ്ങളെ കൂടുതൽ ആശ്രയിക്കാൻ ഇന്ത്യയ്ക്ക് അവസരമുണ്ടെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നുയ സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറക്കുമതി വൈകുകയോ തടസ്സപ്പെടുകയോ ചെയ്താല്‍ ഇത്തരം നടപടികള്‍ ശക്തമാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
"സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ മിഡിൽ-ഈസ്റ്റേൺ ഉൽപ്പാദകരിൽ നിന്നുള്ള കയറ്റുമതി തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ഹോർമുസ് കടലിടുക്കാണ് ഉപയോഗിക്കുന്നത്. ഇതോടെ ഇറാഖിൽ നിന്നുള്ള സപ്ലൈസ് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു," യെസ് സെക്യൂരിറ്റീസ് ലീഡ് അനലിസ്റ്റ് ഹിതേഷ് ജെയിൻ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications