സൗദിയും ഇറാഖും: അറബ് രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ നല്ല കാലം; ജനുവരി 10 ന് ശേഷം റഷ്യയുമായി ഒരു ഇടപാടുമില്ല
റഷ്യന്‍ റിഫൈനറികള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയില്‍ പ്രതിഫലിക്കുന്നു. ജനുവരി 10 ന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനുശേഷം റഷ്യയുമായി ഒരു ഇടപാടും ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐ ഒ സി എൽ) ചെയർമാന്‍ എ എസ് സാഹ്നി വ്യക്തമാക്കിയത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ കമ്പനിയുടെ മൊത്തം ഇറക്കുമതിയില്‍ റഷ്യന്‍ ക്രൂഡിന്റെ വിഹിതം വലിയ തോതില്‍ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്ന് എണ്ണ സ്വീകരിക്കുന്നതില്‍ റിഫൈനറി ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ച് വരുന്നത്. ജനുവരി 10 ലെ ഉപരോധങ്ങൾക്ക് ശേഷം ഇന്ത്യയില്‍ നിന്നും റഷ്യന്‍ കമ്പനികളുമായി പുതിയ സ്പോട്ട് കരാറുകളൊന്നും ഉണ്ടായിട്ടില്ല. നിലവിൽ ഐ ഒ സിയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 25-30 ശതമാനവും റഷ്യയില്‍ നിന്നാണ്.

'ധാരാളം റഷ്യൻ സ്ഥാപനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, ഇന്ത്യയ്‌ക്കോ ചൈനയ്‌ക്കോ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക രാജ്യങ്ങള്‍ക്കുമുള്ള വിതരണം തടസ്സപ്പെട്ടേക്കും. റഷ്യയിൽ നിന്നുള്ള മൊത്തം കയറ്റുമതി കുറയുന്നത് വഴി നമ്മളെയും നേരിയ തോതിൽ ഈ ഉപരോധം ബാധിക്കും' സാഹ്‌നി പറഞ്ഞു.
ഗാസ്‌പ്രോം നെഫ്റ്റ്, സര്‍ഗത്‌നെഫ്റ്റിഗ്യാസ് തുടങ്ങിയ പ്രമുഖ റഷ്യന്‍ എണ്ണ ഉല്‍പ്പാദകര്‍ക്കും റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന 183 കപ്പലുകള്‍ക്കുമെതിരെയാണ് അമേരിക്ക ഉപരോധം ശക്തമാക്കിയത്. ഉക്രൈന്‍ യുദ്ധത്തിലേക്കുള്ള റഷ്യയുടെ സാമ്പത്തിക സ്രോതസ് വെട്ടിച്ചുരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ നടപടി. റഷ്യയുടെ പ്രധാന വരുമാന മാർഗ്ഗമാണ് ക്രൂഡ് ഓയില്‍ വിതരണം.
2022-ൽ ഉക്രെയ്‌നും മോസ്കോയും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരണക്കാരായി റഷ്യ മാറി. യുദ്ധത്തിന് മുമ്പ്, ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം 0.2 ശതമാനമായിരുന്നു റഷ്യയുടേത്. എന്നാല്‍ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണം മറികടക്കുന്നതിനായി റഷ്യ ഇന്ത്യക്ക് വലിയ ഇളവുകളോടെ എണ്ണ വിതരണം ചെയ്യുയായിരുന്നു. ഇതോടെ 2023 ലും 2024 ലും ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു. നിലവിൽ ഏകദേശം 30 ശതമാനമാണ് ഇന്ത്യന്‍ വിപണിയിലെ റഷ്യന്‍ വിഹിതം.
റഷ്യയ്ക്കുമേലുള്ള ഉപരോധം കടുപ്പിക്കുകയാണെങ്കില്‍ മറ്റ് ഉല്‍പ്പാദകരില്‍ നിന്നുള്ള ഇറക്കുമതിയുടെ അളവ് രാജ്യം വർധിപ്പിക്കുമെന്നും ഐ ഒ സി മേധാവി വ്യക്തമാക്കി. എണ്ണ വിതരണം ഉറപ്പാക്കുന്നതിനായി ഇന്ത്യ തങ്ങളുടെ അസംസ്കൃത എണ്ണയുടെ സ്രോതസ്സുകൾ അടുത്തിടെ വലിയ രീതിയില്‍ വൈവിധ്യവൽക്കരിച്ചു. നേരത്തെ 29 രാജ്യങ്ങളിൽ നിന്ന് മാത്രമായിരുന്നു ഇന്ത്യ എണ്ണ വാങ്ങിയിരുന്നത്. എന്നാല്‍ നിലവില്‍ അത് 39 രാജ്യങ്ങളിലേക്കായി ഉയർത്തിയിട്ടുണ്ട്.
റഷ്യക്കുമേലുള്ള ഉപരോധം അമേരിക്ക കടുപ്പിക്കുകയാണെങ്കിലും ഇന്ത്യന്‍ റിഫൈനറികള്‍ക്കുള്ള എണ്ണ ലഭ്യതിയില്‍ അത് വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതുന്നില്ല. ഈ ഉപരോധങ്ങൾ രാജ്യത്തിന്റെ അസംസ്കൃത എണ്ണ ലഭ്യതയിലോ ഊർജ്ജ സുരക്ഷയിലോ നേരിയ സ്വാധീനം മാത്രമേ ചെലുത്തുവെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, റഷ്യന്‍ വിഹിതം കുറയുന്നതോടെ ഇറാഖില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള വിഹിതം വലിയ തോതില്‍ വർധിച്ചേക്കും. ഇതോടെ ഇന്ത്യയുടെ ക്രൂഡ് വിപണിയില്‍ 3 വർഷത്തിന് ശേഷം ഇരു രാഷ്ട്രങ്ങളും ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവില്‍ റഷ്യക്ക് പിന്നില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഈ അറബ് രാഷ്ട്രങ്ങള്‍.












Click it and Unblock the Notifications