ചൈന എണ്ണ വാങ്ങിക്കൂട്ടുന്നു: ഇപ്പോള്‍ ഒരു ആവശ്യവും ഇല്ല; പിന്നെന്തിന്? ചിരി സൗദിക്കും
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ രാജ്യമാണ് ചൈന. യുക്രൈന്‍ യുദ്ധത്തിന് മുമ്പ് വരെ സൗദി അറേബ്യയായിരുന്നു ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുവമതി ചെയ്തിരുന്നത്. എന്നാല്‍ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യന്‍ കമ്പനികള്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയെ പോലെ തന്നെ ചൈനയും അവരില്‍ നിന്നും വന്‍ തോതില്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇതോടെ സൗദി അറേബ്യയെ പിന്തള്ളി റഷ്യ ചൈനയിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായും മാറി.
ചൈനയുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ഡാറ്റ അനുസരിച്ച്, 2024-ൽ റഷ്യയിൽ നിന്ന് ചൈന 108.5 മില്യൺ മെട്രിക് ടൺ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. അതായത് ഏകദേശം 2.17 മില്യൺ ബാരൽ പ്രതിദിനം (ബി പി ഡി) ആണ്. സൗദി അറേബ്യ- 78.64 മില്യൺ ടൺ (1.57 മില്യൺ ബി പി ഡി) ക്രൂഡും ചൈനയിലേക്ക് അയച്ചു. ചൈനയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതി 2024-ൽ 553.4 മില്യൺ മെട്രിക് ടൺ (11.04 മില്യൺ ബി പി ഡി) ആയിരുന്നു, ഇത് 2023-ലെ 11.28 മില്യൺ ബി പി ഡിയിൽ നിന്നും 1.9% കുറവാണ്.

2024 ല്‍ ആകെ ഇറക്കുമതി അളവില്‍ കുറവ് വന്നെങ്കില്‍ ചൈന നിലവില്‍ വലിയ തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങിക്കൂട്ടുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മാർച്ചിലും ഏപ്രിലിലും എണ്ണ ഇറക്കുമതിയിൽ വലിയ തോതിലുള്ള വർധനവാണ് ചൈന വരുത്തിയിരിക്കുന്നത്. വിപണയില്‍ നിന്നും ഉയരുന്ന ഡിമാന്‍ഡിന് അനുസൃതമല്ല ഇറക്കുമതിയിലെ ഈ വർധനവ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ്, യു എസ് ഉപരോധങ്ങൾ മൂലമുള്ള വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്ക തുടങ്ങിയ കാരണങ്ങളാല്‍ ചൈനീസ് റിഫൈനറികള്‍ വലിയ തോതില്‍ എണ്ണ സംഭരിക്കാന്‍ തുടങ്ങിയതാണ് ഇറക്കുമതിയിലെ വർധനവിന് കാരണം. റഷ്യയോടൊപ്പം തന്നെ സൗദി അറേബ്യ അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നും ഇറക്കുമതിയില്‍ വർധനവ് ഉണ്ടായിട്ടുണ്ട്.
സമീപ മാസങ്ങളിൽ എണ്ണ വിലകൾ കുറഞ്ഞത് ചൈനീസ് റിഫൈനറികളെ വൻതോതിൽ വാങ്ങലിന് പ്രേരിപ്പിക്കുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ ലഭ്യമാകുകയാണെങ്കില്‍ വരും മാസങ്ങളിലും ചൈനയുടെ ഇറക്കുമയില്‍ വലിയ തോതിലുള്ള ഇറക്കുമതിയുണ്ടാകുമെന്നാണ് വോർട്ടെക്സയുടെ മുതിർന്ന മാർക്കറ്റ് അനലിസ്റ്റ് എമ്മ ലി ചൂണ്ടിക്കാട്ടുന്നത്.
റഷ്യയ്ക്കും ഇറാനിനും എതിരായ യു എസ് ഉപരോധങ്ങൾ കർശനമാകുന്നതിനാൽ ഈ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയുടെ വരവ് വലിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ട്. ചൈനയെ സംബന്ധിച്ച് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ആ സമയത്തെ ഷോർട്ടേജ് നികത്തുകയെന്ന ലക്ഷ്യവും ചൈനയുടെ വലിയ തോതിലുള്ള ഇറക്കുമതിക്ക് പിന്നിലുണ്ട്.
ചൈനയുടെ ഔദ്യോഗിക കസ്റ്റംസ് ഡാറ്റ പ്രകാരം, 2025 ഏപ്രിലിൽ ക്രൂഡ് ഓയിൽ ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് 7.5% വർധിച്ച് 11.69 ദശലക്ഷം ബി പി ഡിയായി. റോയിട്ടേഴ്‌സ് കോളമിസ്റ്റ് ക്ലൈഡ് റസ്സലിന്റെ കണക്കുകൾ പ്രകാരം, ചൈന മാർച്ചിൽ 1.74 ദശലക്ഷം ബാരൽ പ്രതിദിനം സ്റ്റോക്ക്പൈൽ ചെയ്തു, ഏപ്രിലിലും ഈ പ്രവണത തുടർന്നു. വോർട്ടെക്സയുടെ ഡാറ്റ അനുസരിച്ചാകട്ടെ മെയ് 4ന് അവസാനിച്ച അഞ്ച് ആഴ്ചകളിൽ ശരാശരി 1.1 ദശലക്ഷം ബാരൽ പ്രതിദിനം സ്റ്റോക്ക് വർധനവാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications