കടുംവെട്ടുമായി സൗദി അറേബ്യ; ഇന്ത്യയ്ക്ക് തിരിച്ചടിയാകും... എണ്ണ വില കുതിക്കുന്നു
റിയാദ്: എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ യോഗത്തില്‍ നിര്‍ണായക തീരുമാനം എടുത്തെന്ന് റിപ്പോര്‍ട്ട്. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി അറേബ്യ നിലവില്‍ തുടരുന്ന വെട്ടിക്കുറയ്ക്കലിന് പുറമെ കൂടുതല്‍ രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കും. ഇന്ത്യയുള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ് തീരുമാനം.
ഈ മാസം 26ന് സൗദിയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള എണ്ണ രാജ്യങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്ന കാര്യത്തില്‍ ധാരണയാകാതെ യോഗം പിരിഞ്ഞു. ഇന്ന് ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ടുപിന്നാലെ വിപണിയില്‍ പ്രതിഫലനം കണ്ടുതുടങ്ങി.

ബ്രെന്റ് ക്രൂഡിന് വില വര്‍ധിക്കാന്‍ തുടങ്ങി. ബാരലിന് 83.36 ഡോളറിലാണ് പുതിയ വില്‍പ്പന. നേരത്തെ 81 ഡോളറായിരുന്നു. ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഇനിയും വര്‍ധിച്ചേക്കും. 20 ലക്ഷത്തോളം ബാരല്‍ എണ്ണയാണ് ഓരോ ദിവസവും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളതത്രെ. അടുത്ത വര്‍ഷം മുതലാണ് ഇത് നടപ്പാകുക.
കഴിഞ്ഞ ജൂലൈ മുതല്‍ സൗദി അറേബ്യ 10 ലക്ഷം ബാരല്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെ ഇത് തുടരാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് അടുത്ത വര്‍ഷത്തെ പദ്ധതി ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. ആദ്യ യോഗം തീരുമാനമാകാതെ പിരിഞ്ഞെങ്കിലും ഇന്നത്തെ യോഗം തത്വത്തില്‍ തീരുമാനമെടുത്താണ് പിരിഞ്ഞത് എന്നാണ് വാര്‍ത്ത.
ലോകത്തെ എണ്ണ ഉല്‍പ്പാദനത്തില്‍ 40 ശതമാനത്തിലധികം ഒപെക് പ്ലസ് രാജ്യങ്ങളില്‍ നിന്നാണ്. ഇവര്‍ ഉല്‍പ്പാദനം കുറച്ചാല്‍ വിപണിയില്‍ ദൗര്‍ലഭ്യം അനുഭവപ്പെടും. ആവശ്യത്തിന് എണ്ണ കിട്ടാതെ വരുമ്പോല്‍ വില കൂടുക സ്വാഭാവികം. ഇറക്കുമതിയില്‍ മുമ്പിലുള്ള ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ഇത് ശരിക്കും ബാധിക്കും. അവശ്യവസ്തുക്കള്‍ക്ക് വില വര്‍ധിക്കാനും ഇടയാക്കും.
10 ലക്ഷം ബാരല്‍ എണ്ണ സൗദി അറേബ്യയാണ് വെട്ടിക്കുറയ്ക്കുക. അഞ്ച് ലക്ഷം ബാരല്‍ റഷ്യയും. മറ്റു ചില രാജ്യങ്ങള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നേരിയ തോതില്‍ ഉല്‍പ്പാദനം കുറയ്ക്കും. യുഎഇ ഉള്‍പ്പൈടയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കുന്നതിന് എതിരാണ്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ചെറിയ തോതില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ധാരണയായി എന്നാണ് സൂചന.
അതേസമയം, ഏഷ്യന്‍ രാജ്യങ്ങളിലേക്ക് നവംബറിലെ വിലയില്‍ എണ്ണ നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചത് ആശ്വാസമാണ്. ഡിസംബര്‍ വരെയാണ് ഈ ഇളവ്. ജനുവരി മുതല്‍ വില കൂട്ടുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ എണ്ണവില ഉയര്‍ത്തേണ്ട സാഹചര്യംവരും. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ എണ്ണ വില കൂട്ടിയേക്കില്ല.












Click it and Unblock the Notifications