യുഎഇ വേറെ ലെവല്‍; സൗദി അറേബ്യയെ തൊടാന്‍ പോലുമാകില്ല, യുഎസ് കൊട്ടുന്നത് ഇന്ത്യയെ മാത്രം
റിയാദ്/ദുബായ്: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ഉയര്‍ന്ന താരിഫ് ചുമത്താന്‍ ചൂണ്ടിക്കാട്ടിയ കാരണം റഷ്യയുമായുള്ള ബന്ധമാണ്. റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന ന്യായം അമേരിക്കക്കും യൂറോപ്പിനും ബാധകമല്ലാത്തത് എന്തുകൊണ്ട് എന്ന് മറുപടിയായി ഇന്ത്യ വിശദീകരിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി വേളയിലും ഗള്‍ഫ് രാജ്യങ്ങള്‍, പ്രത്യേകിച്ച് സൗദി അറേബ്യയും യുഎഇയും റഷ്യയുമായി കൂടുതല്‍ അടുക്കുകയാണ്.
റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ വേളയില്‍ സൗദി അറേബ്യയെയും യുഎഇയെയും ഖത്തറിനെയും കൂടെ നിര്‍ത്താന്‍ അന്നത്തെ അമേരിക്കന്‍ പ്രിസഡന്റ് ജോ ബൈഡന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗള്‍ഫിലെ ഭരണകര്‍ത്താക്കള്‍ ബൈഡന്റെ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായില്ല എന്നായിരുന്നു വാര്‍ത്ത. കാരണം, റഷ്യയെ പൂര്‍ണമായും അകറ്റി അമേരിക്കയെ കൂട്ടുപിടിക്കാന്‍ അവര്‍ തയ്യാറല്ല. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

റഷ്യയില്‍ നിന്ന് വന്‍ തോതില്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്. കഴിഞ്ഞ ജൂണില്‍ ഈ ഗണത്തില്‍ ഒന്നാം സ്ഥാനത്താണ് സൗദി. റഷ്യയില്‍ നിന്ന് ഇറക്കുന്ന എണ്ണ അവര്‍ വൈദ്യുതി ഉല്‍പ്പാദനത്തിനാണ് കൂടുതലും ഉപയോഗിച്ചത്. എന്നാല്‍ റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്‌ക്കെതിരെ അമേരിക്ക താരിഫ് ചുമത്തുന്നത്.
സൗദി അറേബ്യയും റഷ്യയും ടൂറിസം രംഗത്ത് കൂടുതല്‍ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റഷ്യയിലേക്ക് സൗദിയുടെ വിമാന കമ്പനിയായ ഫ്‌ളൈനാസ് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. റിയാദില്‍ നിന്ന് മോസ്‌കോയിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സൗദിയിലേക്ക് റഷ്യന്‍ യാത്രക്കാരെ ആകര്‍ഷിക്കാനും സൗദി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
യുഎഇ-റഷ്യ കോടികളുടെ കരാര്‍
റഷ്യയുടെ പേരുപറഞ്ഞ് ഇന്ത്യയ്‌ക്കെതിരെ നടപടി എടുക്കുമ്പോള്‍ തന്നെയാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് കഴിഞ്ഞ ദിവസം മോസ്‌കോ സന്ദര്‍ശിച്ചതും കോടികളുടെ കരാര്‍ ഒപ്പുവച്ചതും. റഷ്യയുമായി സഹകരിക്കുന്നവര്‍, അവരുടെ ചരക്കുകള്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യൂറോപ്പും ഈ ഭീഷണി മുഴക്കി. എന്നാല്‍ അതൊന്നും യുഎഇയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് തടസമായിട്ടില്ല.
വ്യാപാരം, നിക്ഷേപം, ബഹിരാകാശം, ഊര്‍ജ രംഗം എന്നീ കാര്യങ്ങളില്‍ സഹകരണം ശക്തമാക്കാന്‍ യുഎഇയും റഷ്യയും തീരുമാനിച്ചു. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ ശ്രമം നടത്തുന്ന രാജ്യങ്ങള്‍ കൂടിയാണ് സൗദിയും യുഎഇയും ഖത്തറും. ഇവരുടെ ശ്രമഫലമായി തടവുകാരുടെ കൈമാറ്റത്തിന് റഷ്യയും യുക്രൈനും തയ്യാറായിരുന്നു.
ട്രംപ് ലക്ഷ്യമിടുന്നത് ഇന്ത്യയുടെ വിപണി
അടുത്താഴ്ച യുഎഇയില്‍ വച്ച് അമേരിക്ക റഷ്യ ചര്‍ച്ച നടക്കുന്നുണ്ട്. യുക്രൈന്‍ വിഷയമാണ് പ്രധാന ചര്‍ച്ച. എന്നാല്‍ യുക്രൈന്റെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉണ്ടാകില്ല എന്നാണ് ഇതുവരെയുള്ള വിവരം. ഗള്‍ഫ് രാജ്യങ്ങള്‍ റഷ്യയുമായും അമേരിക്കയുമായും ഒരുപോലെ സൈനിക-വ്യാപര ബന്ധം നിലനിര്‍ത്തുന്നുണ്ട്. എങ്കിലും റഷ്യയ്ക്കും അമേരിക്കക്കും ഇടയിലുള്ള പ്രശ്‌നത്തില്‍ ഇവര്‍ പക്ഷം പിടിക്കുന്നില്ല.
റഷ്യയെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വിപണിയാണ് അമേരിക്ക ലക്ഷ്യമിടുന്നത് എന്ന വിലയിരുത്തലുണ്ട്. അതിന് ഇന്ത്യ ഇതുവരെ സമ്മതിച്ചിട്ടില്ല. ഇന്ത്യന്‍ വിപണി നിരുപാധികം തുറന്നുകൊടുത്താല്‍ രാജ്യത്തെ കാര്‍ഷിക മേഖല തകരും. കര്‍ഷകരെ വെട്ടിലാക്കുന്ന തീരുമാനം എടുക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. എങ്ങനെ ഈ പ്രതിസന്ധി ഇന്ത്യ മറികടക്കുമെന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications