ഇന്ത്യയുടെ തന്ത്രം പയറ്റി സൗദി അറേബ്യയും യുഎഇയും; നെറ്റി ചുളിച്ച് അമേരിക്ക... വില തുച്ഛം
രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റി വിടല്ലേ... എന്ന മമ്മൂട്ടിയുടെ ഡയലോഗ് നരസിംഹം എന്ന സൂപ്പര്‍ ഹിറ്റ് സിനിമ കണ്ട മലയാളികളാരും മറക്കില്ല. നന്ദഗോപാല്‍ മാരാര്‍ എന്ന അഭിഭാഷക വേഷത്തിലെത്തുന്ന മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണിക്കുമ്പോഴുള്ള ഡയലോഗിലാണ് ഈ ഭാഗം. എന്നാല്‍ ഇവിടെ പറയുന്നത് അല്‍പ്പം അന്തര്‍ദേശീയമായ കാര്യമാണ്.
ലോകത്തിലെ പ്രധാന എണ്ണ രാജ്യങ്ങളാണ് ഗള്‍ഫിലേത്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്നതും ഗള്‍ഫ് രാജ്യങ്ങളാണ്. അവര്‍ ഇപ്പോള്‍ വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നു എന്നാണ് ആശ്ചര്യപ്പെടുത്തുന്ന വാര്‍ത്ത. യഥേഷ്ടം എണ്ണയുള്ള ഈ രാജ്യങ്ങള്‍ എന്തിനാണ് ഇറക്കുമതി ചെയ്യുന്നത്. അവിടെയാണ് അല്‍പ്പം 'പരസ്യമായ രഹസ്യ'മുള്ളത്.

റഷ്യയുടെ എണ്ണയാണ് സൗദിയും യുഎഇയും വാങ്ങിക്കൂട്ടുന്നത്. ഈ എണ്ണ ആഭ്യന്തരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. സ്വന്തം എണ്ണ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യും. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത് ശരിയാണെങ്കില്‍ അമേരിക്കയെ ചൊടിപ്പിക്കുന്ന നീക്കമാണിത്. സൗദിക്കും യുഎഇക്കും മുമ്പ് ഇന്ത്യയും ഈ തന്ത്രം പയറ്റുന്നുണ്ട്.
അമേരിക്കന്‍ ഉപരോധം നേരിടുകയാണ് റഷ്യ. അമേരിക്കക്കൊപ്പം യൂറോപ്പും റഷ്യയ്‌ക്കെതിരായ നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് റഷ്യ. ഈ പ്രതിസന്ധി മറികടക്കാന്‍ അവര്‍ കളിച്ച കളി അല്‍പ്പം കടന്നതായിരുന്നു. തങ്ങളുടെ എണ്ണ വലിയ വിലക്കുറവില്‍ വിറ്റഴിക്കുക. അതുവഴി പണം നേടുക... ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ അവസരം മുതലാക്കുന്നുണ്ട്.
യുക്രൈന്‍ യുദ്ധമാണ് എല്ലാത്തിനും തുടക്കം. റഷ്യയുടെ വല്ല്യേട്ടന്‍ കളിക്ക് യുക്രൈന്‍ നില്‍ക്കുന്നില്ല. പാശ്ചാത്യ രാജ്യങ്ങളോടാണ് യുക്രൈന് താല്‍പ്പര്യം. ഇതില്‍ മനംമടുത്ത് റഷ്യ ആക്രമണം തുടങ്ങി. പൊരിഞ്ഞ യുദ്ധം!! യുക്രൈനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചു. ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റഷ്യ എണ്ണവില കുറച്ച് വില്‍ക്കാനും ആരംഭിച്ചു.
റഷ്യന്‍ അസംസ്‌കൃത എണ്ണ ടണ്ണിന് 60 ഡോളറിനും ഡീസല്‍ ടണ്ണിന് 25 ഡോളറിനുമാണ് വില്‍ക്കുന്നത്. ഇവ വാങ്ങിക്കൂട്ടുന്ന പ്രമുഖ രാജ്യങ്ങളുടെ സംഭരണികള്‍ നിറയുകയാണ്. ഇന്ത്യ വിദേശത്തേക്ക് കയറ്റുമതിയും തുടങ്ങി എന്ന് മാത്രമല്ല, കയറ്റി അയക്കുന്ന എണ്ണയുടെ തോത് ഉയര്‍ത്തുകയും ചെയ്തു. ഈ അവസരത്തിലാണ് സൗദിയും യുഎഇയും കളി മാറ്റിയത്.
കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്ന് ഇറക്കുന്ന എണ്ണ ആഭ്യന്തര ആവശ്യത്തിനാണ് സൗദിയും യുഎഇയും ഉപയോഗിക്കുന്നത്. വൈദ്യുതി ഉല്‍പ്പാദനം ഉള്‍പ്പെടെ ഇങ്ങനെ നടക്കുന്നു. എന്നാല്‍ സ്വന്തം എണ്ണ ആഗോള വിപണിയിലെ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ഇതുവഴി വന്‍ ലാഭമാണ് ജിസിസി രാജ്യങ്ങളുണ്ടാക്കുന്നത്.

റഷ്യയില്‍ നിന്ന് എത്തുന്ന എണ്ണ സംസ്‌കരിച്ച് പാകിസ്താന്‍, ശ്രീലങ്ക, ഈസ്റ്റ് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് യുഎഇ കയറ്റി അയക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി യുഎഇ മൂന്നിരട്ടി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കെപ്ലര്‍ ഡാറ്റ സൂചിപ്പിക്കുന്നു. ഫുജൈറയിലെ സംഭരണ കേന്ദ്രത്തിലേക്കാണ് ഇവ എത്തിക്കുന്നത്.
യുക്രൈന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് റഷ്യയില്‍ നിന്ന് സൗദി എണ്ണ വാങ്ങിയിരുന്നേയില്ല. എന്നാല്‍ ഇപ്പോള്‍ ഓരോ ദിവസവും ഒരു ലക്ഷം ബാരല്‍ എണ്ണയാണ് സൗദി ഇറക്കുമതി ചെയ്യുന്നത്. വര്‍ഷത്തില്‍ 36 ദശലക്ഷം ബാരല്‍ എണ്ണ ഇറക്കാന്‍ സൗദി പദ്ധതി തയ്യാറാക്കിയിട്ടുണ്ടത്രെ. 30 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍ റഷ്യന്‍ എണ്ണ വാങ്ങരുതെന്ന അമേരിക്കയുടെ താക്കീത് വിലപ്പോയിട്ടില്ല.
അതേസമയം, ചൈനയും ഇന്ത്യയും റഷ്യയുടെ എണ്ണ വാങ്ങുന്നത് വന്‍ തോതിലാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഓരോ ദിവസവും 15 ലക്ഷം ബാരലാണ് ഇരുരാജ്യങ്ങളും വാങ്ങുന്നതത്രെ. നേരത്തെ യൂറോപ്പിലേക്ക് റഷ്യ വിറ്റിരുന്ന എണ്ണ മൊത്തം ഇപ്പോള്‍ ചൈനയിലേക്കും ഇന്ത്യയിലേക്കുമാണ് വരുന്നത്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്നത് നിലവില്‍ റഷ്യയില്‍ നിന്നാണ്.












Click it and Unblock the Notifications