'സൗദി അറേബ്യ വലിയ ഭൂപ്രദേശമല്ലേ, അവര്‍ പുതിയ രാജ്യം ഉണ്ടാക്കണം' നെതന്യാഹു എന്താണ് പറയുന്നത്
ഗാസ കൈയ്യേറി പലസ്തീന്‍ മൊത്തമായി നിയന്ത്രണത്തിലാക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ ശക്തമായ ഭാഷയിലാണ് സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സൗദി മാത്രമല്ല, പല രാജ്യങ്ങളും അമേരിക്കയും ഇസ്രായേലും മുന്നോട്ട് വെക്കുന്ന നിര്‍ദേശത്തെ തള്ളിയിരുന്നു. പലസ്തീന്‍കാര്‍ക്ക് അവരുടെ ജന്മനാട്ടില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സൗദി വ്യക്തമാക്കുകയും ചെയ്തു.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം അദ്ദേഹത്തെ കാണാന്‍ വന്ന ആദ്യ വിദേശ നേതാവ് ബെഞ്ചമിന്‍ നെതന്യാഹു ആയിരുന്നു. ഇരുവരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഗാസയില്‍ നിന്ന് പലസ്തീന്‍കാരെ പൂര്‍ണമായി ഒഴിപ്പിക്കണമെന്നും അറബ് രാജ്യങ്ങള്‍ പലസ്തീന്‍കാരെ ഏറ്റെടുക്കണമെന്നുമുള്ള നിര്‍ദേശം ട്രംപ് മുന്നോട്ട് വച്ചത്...

സ്വതന്ത്ര പലസ്തീന്‍ രാജ്യം രൂപീകരിക്കാതെ ഇസ്രായേലുമായി യാതൊരു ഐക്യവുമില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. ജറുസലേം തലസ്ഥാനമായ പലസ്തീന്‍ രാജ്യമാണ് വേണ്ടത്. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചടക്കിയ പലസ്തീന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാകണം പുതിയ പലസ്തീന്‍ രാജ്യമെന്നും സൗദി വ്യക്തമാക്കി. ഇതോടെയാണ് സ്വരം കടുപ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി രംഗത്തുവന്നത്.
സൗദി അറേബ്യയില്‍ പലസ്തീന്‍കാര്‍ക്ക് ഒരു രാജ്യം ഉണ്ടാക്കണം എന്നാണ് നെതന്യാഹു പറയുന്നത്. സൗദി അറേബ്യ വലിയ ഭൂപ്രദേശമാണ്. പലസ്തീന്‍കാര്‍ക്ക് വേണ്ടി ഒരു രാജ്യം അവരുടെ ഭൂമിയില്‍ രൂപീകരിക്കാം- നെതന്യാഹു ഇസ്രായേലിന്റെ ചാനല്‍ 14ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടായിരുന്നു ഇത്. സൗദിയുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇസ്രായേല്‍. ഈ വേളയിലാണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതും എല്ലാ ചര്‍ച്ചകളും നിലച്ചതും.
പലസ്തീന്റെ ഏതാണ്ട് എല്ലാ പ്രദേശങ്ങളില്‍ നിന്നും അവര്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ഗാസ കൈയ്യേറാന്‍ ഇസ്രായേല്‍ സൈന്യത്തിന് സാധിച്ചിട്ടില്ല. ശക്തമായ ചെറുത്ത് നില്‍പ്പാണ് ഈ പ്രദേശത്ത് നിന്ന് നേരിടുന്നത്. നിലവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടെങ്കിലും സാഹചര്യം വഷളാകാനുള്ള സാധ്യത തള്ളാന്‍ സാധിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പലസ്തീന്‍ രാജ്യം ഇസ്രായേലിന് ഭീഷണിയാണ് എന്നാണ് നെതന്യാഹു പറയുന്നത്. ഒക്ടോബര്‍ ഏഴിന് ശേഷം എന്താണ് സംഭവിച്ചത് എന്നും അദ്ദേഹം ചോദിക്കുന്നു. പലസ്തീനില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് എതിരേ യുദ്ധക്കുറ്റത്തിന് അറസ്റ്റ് വാറണ്ട് നിലനില്‍ക്കെയാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.












Click it and Unblock the Notifications