സൗദി അറേബ്യയുടെ വന്‍ തിരിച്ചുവരവ്; യുഎഇ വീണു, ഇന്ത്യന്‍ ക്രൂഡ് ഇറക്കുമതിയില്‍ മാറ്റം
റിയാദ്: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കുറയ്ക്കുന്ന ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പകരം സൗദിയില്‍ നിന്ന് കൂടുതല്‍ വാങ്ങാന്‍ തുടങ്ങി. ഗയാനയില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ധിപ്പിച്ചു. ജനുവരി മുതല്‍ പുതിയ നീക്കങ്ങളാണ് ക്രൂഡ് ഓയില്‍ വിപണിയില്‍ പ്രകടമാകുന്നത്. നൈജീരിയ ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങാന്‍ ആരംഭിച്ചു.
റഷ്യയുടെ ക്രൂഡ് ഓയില്‍ ആയിരുന്നു പ്രധാനമായും ഇന്ത്യ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആശ്രയിക്കുന്നത്. അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യ അടവ് മാറ്റി. മറ്റു പല രാജ്യങ്ങളില്‍ നിന്നായി വാങ്ങാന്‍ തുടങ്ങി. ഇക്കൂട്ടത്തില്‍ അമേരിക്കയും ഉള്‍പ്പെടും. എന്നാല്‍ പരമ്പരാഗതമായി ക്രൂഡ് വാങ്ങിയിരുന്ന സൗദിയെയും ഇറാഖിനെയും കൂടുതല്‍ ആശ്രയിക്കുകയാണ് ഇപ്പോള്‍ ഇന്ത്യ.

റഷ്യയില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയില്‍ അളവില്‍ മൂന്ന് ശതമനം ഇന്ത്യ കുറവ് വരുത്തിയിട്ടുണ്ട്. പകരം ഗയാനയില്‍ നിന്ന് രണ്ട് വര്‍ഷത്തിനിടെ വീണ്ടും ക്രൂഡ് വാങ്ങാന്‍ തുടങ്ങി എന്നതാണ് എടുത്തു പറയേണ്ട മാറ്റം. സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി മൂന്നില്‍ ഒന്നായി വര്‍ധിപ്പിക്കുകയും ചെയ്തു. ജനുവരിയില്‍ ആദ്യ പകുതിയില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് വരവിന്റെ കണക്ക് കെപ്ലര്‍ ഡാറ്റ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ഗയാനയില്‍ നിന്ന് ഓരോ ദിവസവും 2.97 ലക്ഷം ബാരല്‍ എണ്ണയാണ് വാങ്ങുന്നത്. അതേസമയം, ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് നിന്ന് ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യയിലെത്തിക്കുമ്പോള്‍ വലിയ ചെലവാണ് വരുന്നത്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കാര്യമായ ഇറക്കുമതി ഇല്ലാതിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ മറ്റു ചെലവുകള്‍ നോക്കാതെ ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ.
സൗദി എണ്ണ 36 ശതമാനം കൂടി, യുഎഇ താഴ്ന്നു
സൗദി അറേബ്യയില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ അളവ് ഇന്ത്യ 36 ശതമാനം വര്‍ധിപ്പിച്ചു. ഓരോ ദിവസവും 9.54 ലക്ഷം ബാരല്‍ എണ്ണയാണ് സൗദിയില്‍ നിന്ന് വാങ്ങുന്നത്. ഇറാഖില്‍ നിന്ന് 18 ശതമാനം വര്‍ധിപ്പിച്ചു. 10.7 ലക്ഷം ബാരല്‍ എണ്ണയാണ് ഇറാഖില്‍ നിന്ന് ഓരോ ദിവസവും ഇറക്കുമതി ചെയ്യുന്നത്. അതേസമയം, യുഎഇയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി 40 ശതമാനം കുറച്ചു. 3.52 ലക്ഷം ബാരല്‍ എണ്ണയാണ് യുഎഇയില്‍ ഇറക്കിയത്.
പശ്ചിമേഷ്യ, ലാറ്റിന്‍ അമേരിക്ക എന്നീ മേഖലകള്‍ക്ക് പുറമെ ഇന്ത്യ ആഫ്രിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും വര്‍ധിപ്പിച്ചിരിക്കുകയാണ്. നൈജീരിയയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കി. 3.05 ലക്ഷം ബാരല്‍ എണ്ണയാണ് നൈജീരിയയില്‍ നിന്ന് കഴിഞ്ഞ ഓരോ ദിവസവും വാങ്ങി കൊണ്ടിരിക്കുന്നത്. അംഗോളയില്‍ നിന്ന് വാങ്ങുന്ന അളവ് മൂന്നിരട്ടിയാക്കി. 1.95 ലക്ഷം ബാരലാണ് ഓരോ ദിവസവും വാങ്ങുന്നത്. അമേരിക്കയില്‍ നിന്ന് 3.49 ലക്ഷം ബാരലും.
ഇപ്പോഴും റഷ്യയില്‍ നിന്ന് തന്നെയാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത്. 11.7 ലക്ഷം ബാരല്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം കുറവാണിത്. ഈ കുറവ് നികത്താനാണ് മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത്. ഇതില്‍ ഗനായനും സൗദി അറേബ്യയും ഇറാഖുമാണ് വലിയ നേട്ടം കൊയ്യുന്നത്. ഏഷ്യയിലേക്കുള്ള എണ്ണയ്ക്ക് വില കുറച്ചു കൊടുത്ത സൗദി അരാംകോയുടെ തന്ത്രം വിജയം കാണുകയാണിപ്പോള്‍.












Click it and Unblock the Notifications