ഇസ്രായേലുമായി സൗദി ഓരോ ദിവസവും അടുക്കുന്നു; വന്‍ വെളിപ്പെടുത്തലുമായി ബിന്‍ സല്‍മാന്‍
റിയാദ്: ഇസ്രായേലുമായി സൗദി അറേബ്യ കൂടുതല്‍ അടുത്തുവരികയാണെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സൗദി പ്രധാനമന്ത്രി കൂടിയായ ബിന്‍ സല്‍മാന്റെ വെളിപ്പെടുത്തല്‍. ആദ്യമായിട്ടാണ് സൗദി ഔദ്യോഗികമായി ഇക്കാര്യം ശരിവെക്കുന്നത്. നേരത്തെ ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോള്‍ സൗദി മൗനം പാലിക്കുകയായിരുന്നു.
യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കയുടെ മധ്യസ്ഥതയിലായിരുന്നു ഇത്. ആദ്യം യുഎഇയും തൊട്ടുപിന്നലെ ബഹ്‌റൈനും ബന്ധം സ്ഥാപിച്ചു. പിന്നീടാണ് സൗദിയും ഇസ്രായേലുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ വന്നത്. അമേരിക്ക ഇതിന് വേണ്ടി ശ്രമിക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ ബിന്‍ സല്‍മാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

അമേരിക്കയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ ഊര്‍ജിത ശ്രമം നടത്തുന്നത്. സൗദി അറേബ്യയും ഇസ്രായേലും അമേരിക്കയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഇരുരാജ്യങ്ങളും ഭിന്നിച്ച് നില്‍ക്കുന്നത് പശ്ചിമേഷ്യയില്‍ അമേരിക്കയുടെ നയങ്ങള്‍ നടപ്പാക്കുന്നതിന് തടസമാകുന്നു എന്ന വിലയിരുത്തലാണ് ശ്രമം ഊര്‍ജിതമാക്കാന്‍ കാരണം.
സൗദി അറേബ്യ പ്രധാനമായും മുന്നോട്ട് വെക്കുന്ന വിഷയം പലസ്തീന്‍ ആണ്. പലസ്തീനെതിരായ ആക്രമണം ഇസ്രായേല്‍ അവസാനിപ്പിക്കണം എന്നാണ് സൗദിയുടെ ആവശ്യം. ഇക്കാര്യം ഇതുവരെ ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ല. അമേരിക്കയെ സൗദി തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്. അമേരിക്ക ഇസ്രായേലുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പലസ്തീന്‍ തങ്ങള്‍ക്ക് വളരെ പ്രധാനമാണ് എന്ന് ബിന്‍ സല്‍മാന്‍ ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. പലസ്തീന്‍ പ്രശ്‌നത്തില്‍ പരിഹാരം വേണം. എന്നാല്‍ മാത്രമേ ഇസ്രായേലുമായി കരാര്‍ യാഥാര്‍ഥ്യമാകൂ എന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. പലസ്തീനും ഇസ്രായേലിനും ഗുണമുള്ള കാര്യമാണ് സൗദി പറയുന്നതെന്നും ബിന്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയും ഇസ്രായേലും നടത്തി വന്ന ചര്‍ച്ച മരവിച്ചിരിക്കുകയാണ് എന്ന് കഴിഞ്ഞാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു. ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദിയിലെ പത്രമാണ് വാര്‍ത്ത നല്‍കിയത്. പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് ചര്‍ച്ച മരവിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സൗദി അറേബ്യയുമായി അടുക്കുന്നത് ഇസ്രായേലിന് വലിയ നേട്ടമാകും. വ്യാപാര രംഗത്തും ഗതാഗത രംഗത്തും ഇസ്രായേലിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ചരക്കുപാത ഇസ്രായേലിലൂടെയാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് യാഥാര്‍ഥ്യമാകണമെങ്കില്‍ സൗദിയുടെ സഹകരണം കൂടി ആവശ്യമാണ്.












Click it and Unblock the Notifications