സൗദിയുടെ കോടികള്‍ ഇന്ത്യയിലെത്തുമോ? ബിന്‍ സല്‍മാന്‍ വരുന്നു, യാത്ര 'മോദി മോഡല്‍'
ന്യൂഡല്‍ഹി: അറബ് ലോകത്തെ ശക്തനായ നേതാവായി കരുതപ്പെടുന്ന സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലേക്ക്. സൗദിയില്‍ നിന്ന് കോടികളുടെ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നതിനിടെയാണ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്ന രീതിയില്‍ സ്റ്റേറ്റ് വിസിറ്റ് ആക്കി മാറ്റാണ് ഇന്ത്യ ആലോചിക്കുന്നത്.
2019ല്‍ ബിന്‍ സല്മാന് ഇന്ത്യ സന്ദര്‍ശിക്കുകയും വന്‍ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്ന വേളയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ പാകിസ്താനെ പരോക്ഷമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. പാകിസ്താന് പ്രഖ്യാപിച്ച നിക്ഷേപത്തേക്കാള്‍ കൂടുതല്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചതും വാര്‍ത്തയായി. വരാനിരിക്കുന്ന സന്ദര്‍ശന വിശേഷങ്ങള്‍ അറിയാം...

സെപ്തംബര്‍ 11നാകും ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. സെപ്തംബര്‍ 9-10 ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ജി-20 യോഗം നടക്കും. ഈ യോഗത്തില്‍ സൗദിയുടെ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുക ബിന്‍ സല്‍മാന്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ യോഗം കഴിഞ്ഞ ശേഷമാകും ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കുക. ബിന്‍ സല്‍മാന്റെ സന്ദര്‍ശനം 'സ്‌റ്റേറ്റ് വിസിറ്റ്' ആക്കി മാറ്റാനാണ് ഇന്ത്യ ആലോചിക്കുന്നത്.
രാജാവ്, രാഷ്ട്ര മേധാവി, രാഷ്ട്ര ഭരണ മേധാവി എന്നിവര്‍ക്കാണ് സാധാരണ സ്‌റ്റേറ്റ് വിസിറ്റ് അനുവദിക്കുക. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ സ്‌റ്റേറ്റ് വിസിറ്റ് നടത്തിയിരുന്നു. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും അമേരിക്കയില്‍ സ്‌റ്റേറ്റ് വിസിറ്റ് നടത്തിയിരുന്നു. ഔദ്യോഗിക സന്ദര്‍ശനത്തില്‍ നിന്ന് വ്യത്യസ്തമാണ് സ്‌റ്റേറ്റ് വിസിറ്റ്.
അതിഥിയായി എത്തുന്ന വ്യക്തിക്ക് വിദേശ രാജ്യം നല്‍കുന്ന പ്രത്യേക ആദരവ് കൂടിയാണ് സ്റ്റേറ്റ് വിസിറ്റ്. എല്ലാ നടപടികളും ഔദ്യോഗികമായിരിക്കും. പ്രത്യേക സ്വീകരണം, വിരുന്ന്, ചര്‍ച്ചകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ബിന്‍ സല്മാന് ഇന്ത്യ സ്റ്റേറ്റ് വിസിറ്റ് അനുവദിച്ചാല്‍ അത് സൗദി അറേബ്യയ്ക്കും ബിന്‍ സല്‍മാനും ഇന്ത്യ നല്‍കുന്ന പ്രത്യേക പരിഗണനയും ആദരവുമായി കണക്കാക്കും.
ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയില്‍ സ്ട്രാറ്റജിക് സമിതി നിലവിലുണ്ട്. ഇരുരാജ്യങ്ങളുടെയും സഹകരണം, വ്യാപാരം തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും മേല്‍ന്നോട്ടം വഹിക്കുന്നത് ഈ സമിതിയാണ്. നേരത്തെ ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയ വേളയില്‍ 10000 കോടി ഡോളറിന്റെ നിക്ഷേപത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ ഇത്തവണ നടക്കും.
സൈബര്‍ സുരക്ഷ, വൈദ്യുതി ശൃംഖല ബന്ധിപ്പിക്കല്‍, പ്രതിരോധ സഹകരണം, സൈനിക പരിശീലനം, അടിസ്ഥാന സൗകര്യ വിപുലീകരണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ബിന്‍ സല്‍മാനും മോദിയും തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്. നിലവില്‍ സൗദിയുടെ രാജാവല്ല ബിന്‍ സല്‍മാന്‍. കിരീടവകാശിയും പ്രധാനമന്ത്രിയുമാണ്. എന്നിട്ടും അദ്ദേഹത്തിന് സ്റ്റേറ്റ് വിസിറ്റ് അനുവദിക്കുന്നത് ഇന്ത്യ സൗദിക്ക് നല്‍കുന്ന പ്രധാന്യമാണ് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications