സൗദി അറേബ്യയുടെ കൈവിട്ട കളി; ഇന്ത്യയ്ക്ക് പാരയാകും... വെട്ടിക്കുറയ്ക്കുന്നത് 10 ലക്ഷം ബാരല്‍ എണ്ണ
റിയാദ്: ആഗോള വിപണിയില്‍ കോളിളക്കം സൃഷ്ടിക്കാന്‍ കാരണമായേക്കാവുന്ന തീരുമാനവുമായി സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. എണ്ണ വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. പല രാജ്യങ്ങളും സാമ്പത്തിക ഞെരുക്കത്തില്‍ കഴിയവെ സൗദിയുടെ പുതിയ തീരുമാനം വലിയ വെല്ലുവിളി സൃഷ്ടിക്കും.
സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങളുടെ പ്രതിനിധികളും റഷ്യയുടെ നേതൃത്വത്തിലുള്ള എണ്ണ രാജ്യങ്ങളും സംയുക്ത യോഗം ചേര്‍ന്നിരുന്നു. 23 രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. ഈ യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്. സൗദി മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പുതിയ തീരുമാനം വിശദീകരിച്ചു.

ജൂലൈ മാസത്തിലേക്കുള്ള ഉല്‍പ്പാദനത്തിലാണ് വെട്ടിക്കുറയ്ക്കല്‍ വരുത്തിയിരിക്കുന്നത്. വേണ്ടി വന്നാല്‍ സാഹചര്യം പരിശോധിച്ച് സമയ പരിധി നീട്ടുമെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് രാജകുമാരന്‍ പറഞ്ഞു. വിയന്നയില്‍ ചേര്‍ന്ന യോഗമാണ് നിര്‍ണായകമായ തീരുമാനം എടുത്തത്. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കരുത് എന്ന് പല കോണില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.
10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനമാണ് വെട്ടിക്കുറയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്. എണ്ണ വില കൂട്ടുകയാണ് ലക്ഷ്യം. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കരുത് എന്ന് റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ പരമാവധി ഉല്‍പ്പാദനം നടത്തി ലാഭം കൊയ്യുക എന്ന തന്ത്രമാണ് റഷ്യ പയറ്റുന്നത്. അതിന് തിരിച്ചടിയാണ് സൗദിയുടെ തീരുമാനം.
ആഫ്രിക്കയില്‍ നിന്നുള്ള എണ്ണ രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതിന് എതിരായിരുന്നു. നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പരമാവധി ഉല്‍പ്പാദനമാണ് നടത്തുന്നത്. എന്നിട്ടും മതിയായ എണ്ണ ലഭിക്കുന്നില്ല എന്നാണ് ആക്ഷേപം. ഇതിനിടെയാണ് സൗദി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത്. ഇതോടെ വിപണിയില്‍ എണ്ണ കിട്ടാത്ത അവസ്ഥ വരുമെന്ന് നൈജീരിയയും അംഗോളയും നിലപാടെടുത്തു.
ഏപ്രിലില്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വില ഉയര്‍ന്നില്ല. അന്ന് 10 ശതമാനം വില കുറയുകയാണ് ചെയ്തത്. ഇനിയും വില കുറയുന്നത് വലിയ തിരിച്ചടിയാകുമെന്ന് സൗദി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഉല്‍പ്പാദനം വെട്ടിക്കുറച്ചിരിക്കുന്നത്. 2024 അവസാനം വരെ ഉല്‍പ്പാദനം കുറയ്ക്കുന്നത് തുടര്‍ന്നേക്കുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് പറഞ്ഞു.
സൗദിയുടെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ലഭ്യത കുറയുമ്പോള്‍ സ്വാഭാവികമായും വില ഉയരും. ഇത് അവശ്യ വസ്തുക്കളുടെ വില ഉയരാനും കാരണമാകും. എന്നാല്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കി ഇന്ത്യ ബദല്‍ തേടുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്നത് റഷ്യയില്‍ നിന്നാണ്. സൗദി, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുന്ന മൊത്തം എണ്ണയേക്കാള്‍ വരും റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയത്.












Click it and Unblock the Notifications