സൗദി അറേബ്യ വില കൂട്ടി, ഇന്ത്യ മുഖം തിരിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞു, നേട്ടം കൊയ്ത് ഇറാഖ്
അമേരിക്കയുടെ ഉപരോധം കാരണം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ കുറച്ചിരിക്കുകയാണ്. ഫെബ്രുവരിയിലെ കണക്കുകള്‍ റഷ്യയ്ക്ക് തിരിച്ചടി ലഭിക്കുന്നു എന്നാണ് പറയുന്നത്. അതേസമയം, നേട്ടം കൊയ്യുന്നത് ഇറാഖ് ആണ്. അവസരം മുതലെടുത്ത് വില കൂട്ടാന്‍ നോക്കിയ സൗദി അറേബ്യയ്ക്കും പണി കിട്ടിയിട്ടുണ്ട്.
ജനുവരിയില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി 13 ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ 11 ശതമാനം കുറഞ്ഞു എന്നാണ് കെപ്ലര്‍ പുറത്തുവിട്ട കണക്ക്. ജനുവരിയില്‍ ഓരോ ദിവസവും 1.67 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. ഫെബ്രുവരിയില്‍ 1.48 ദശലക്ഷം ബാരല്‍ ആയി കുറഞ്ഞു.

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് കുറച്ച ഇന്ത്യ ഫെബ്രുവരിയില്‍ ഇറാഖില്‍ നിന്നാണ് അധികമായി വാങ്ങിയത്. ജനുവരിയില്‍ പ്രതിദിനം 1.02 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറാഖില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നത്. ഫെബ്രുവരിയില്‍ ഇത് 1.08 ദശലക്ഷം ബാരലായി ഉയര്‍ന്നു. അതായത്, ആറ് ശതമാനത്തിന്റെ വര്‍ധനവ് വന്നു. വരും മാസങ്ങളിലും ഇറാഖില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.
കുര്‍ദിസ്താന്‍ മേഖലയില്‍ നിന്നുള്ള എണ്ണ പൈപ്പ് ലൈന്‍ വഴി തുര്‍ക്കിയിലേക്കും അവിടെ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യാനാണ് ഇറാഖിന്റെ തീരുമാനം. കുര്‍ദ് മേഖലയിലെ വിമതരായ പികെകെയുമായി തുര്‍ക്കി സമാധാന കരാറിലെത്തുകയും ചെയ്തിട്ടുണ്ട്. പികെകെയുടെ ഭീഷണി ഒഴിയുന്നതോടെ മേഖലയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനം കൂടും.
ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആഗോള രാഷ്ട്രീയ സമവാക്യങ്ങള്‍ പാടേ മാറിയിട്ടുണ്ട്. റഷ്യയുമായി അടുക്കുകയാണ് ട്രംപ്. എക്കാലത്തും കൂടെ നിന്നിട്ടുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായി അമേരിക്ക അകലുകയും ചെയ്യുന്നു. ചൈന, കാനഡ, മെക്‌സിക്കോ, പാനമ എന്നീ രാജ്യങ്ങളെയെല്ലാം ശത്രുപക്ഷത്ത് ട്രംപ് നിര്‍ത്തുകയും ചെയ്തു.
സൗദിക്ക് തിരിച്ചടി ലഭിക്കാന്‍ കാരണം
ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ ആവശ്യം കുറഞ്ഞു വരികയാണ്. താരിഫ് യുദ്ധ ഭീഷണി നിലനില്‍ക്കുമ്പോഴും ബ്രെന്റ് ക്രൂഡ് ബാരലിന് വില 72 ഡോളറില്‍ നില്‍ക്കുകയാണ്. ചൈന പുരോഗതിയിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും എണ്ണ ആവശ്യം ചൈനയില്‍ നിന്ന് കൂടിയിട്ടില്ല. അവര്‍ ഇലക്ട്രോണിക് വാഹനങ്ങളെ ആശ്രയിക്കുന്നതാണ് കാരണമത്രെ.
ഇന്ത്യ ആവശ്യമുള്ളതിന്റെ 85 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക എന്നിങ്ങനെയാണ് ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടിക. റഷ്യയില്‍ നിന്നുള്ള എണ്ണ ഇന്ത്യയും മറ്റു ഏഷ്യന്‍ രാജ്യങ്ങളും കുറച്ചതോടെ സൗദി അറേബ്യ അടവ് മാറ്റി. ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് വില കൂട്ടുകയാണ് സൗദി ചെയ്തിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ സൗദിയില്‍ നിന്നുള്ള എണ്ണ ഇന്ത്യ കുറച്ചു. ജനുവരിയില്‍ പ്രതിദിനം 7.23 ലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കിയതെങ്കില്‍ ഫെബ്രുവരിയില്‍ 7 ലക്ഷം ബാരലായി ഇന്ത്യ കുറച്ചു. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവിലും ഇന്ത്യ ഫെബ്രുവരിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഇറാഖ് കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചാല്‍ വില ഇനിയും ഇടിഞ്ഞ് 70 ഡോളറില്‍ താഴേക്ക് എത്തിയേക്കും. അത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും.












Click it and Unblock the Notifications