സൗദിയുടെ അടുത്ത പ്രഖ്യാപനം, സഹായം ചൈനയ്ക്ക് തന്നെ; യുഎസ്സിനുള്ള മറുപടി? പ്രഖ്യാപനം ഇങ്ങനെ
റിയാദ്: ചൈനയുമായുള്ള ബന്ധം അതിശക്തമാകുന്നുവെന്ന സൂചന നല്‍കി സൗദി അറേബ്യ, കഴിഞ്ഞ ദിവസം പുതിയ പദ്ധതിയും സൗദി പ്രഖ്യാപിച്ചിരിക്കുകയാണ്. ആധുനികവത്കരിച്ച സില്‍ക്ക് റോഡാണ് ചൈനയ്ക്ക് കൂടി ഗുണകരമായി മാറുന്ന രീതിയില്‍ നിര്‍മിക്കുമെന്ന് സൗദി പ്രഖ്യാപിച്ചത്. ചൈനയെയും അറബ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡായിരിക്കും ഇതെന്നും സൗദി ഭരണകൂടം പ്രഖ്യാപിച്ചു.
അതേസമയം ഏഷ്യന്‍ രാജ്യങ്ങളുമായി സൗദി അതിവേഗത്തില്‍ സൗഹൃദം സ്ഥാപിക്കുന്നത് യുഎസ്സിനെ തഴയുന്നതിന്റെ സൂചനയാണ്. എണ്ണ ഉല്‍പ്പാദന വിഷയത്തില്‍ അടക്കം യുഎസ്സിന്റെ അഭ്യര്‍ത്ഥനയെ ഇതുവരെ സൗദി അംഗീകരിച്ചിട്ടില്ല. ഇതെല്ലാം യുഎസ്സുമായി അകന്നാണ് സൗദി നില്‍ക്കുന്നതെന്നാണ് സൂചിപ്പിക്കുന്നത്.

സമ്പദ് മേഖലയെ വൈവിധ്യവത്കരിക്കും
ഒരേ സമയം സമ്പദ് ഘടനയെ വൈവിധ്യവത്കരിക്കാനും, പലയിടങ്ങളില്‍ നിന്നായി നിക്ഷേപങ്ങള്‍ സ്വീകരിക്കാനും, മുതല്‍ മുടക്കാനുമെല്ലാം സൗദി തയ്യാറായിരിക്കുകയാണ്. തിങ്കളാഴ്ച്ചയായിരുന്നു ചൈനയ്‌ക്കൊപ്പമുള്ള പുതിയ പ്രഖ്യാപനം.
അതിന് മുമ്പ് ചൈനയുടെ സഹായത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ ഉണ്ടാക്കാനുള്ള കരാറും ഉണ്ടാക്കിയിരുന്നു. പത്താമത് അറബ്-ചൈന ബിസിനസ് കോണ്‍ഫറന്‍സാണ് ഇപ്പോള്‍ നടന്നത്. അതിനെ അവസരമായി കണ്ടാണ് സൗദി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
ബന്ധം പല തലങ്ങളിലേക്ക്
സൗദി-ചൈന ബന്ധം പല തലങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന സൂചനയും ബിസിനസ് കോണ്‍ഫറന്‍സിലുണ്ടായി. മൂവായിരത്തില്‍ അധികം ആളുകളാണ് ഇത്തവണ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.
ആദ്യ ദിനത്തില്‍ മുപ്പതോളം കരാറുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്. ഏകദേശം 9.8 ബില്യണ്‍ മൂല്യം വരുന്നവയാണ് ഈ പദ്ധതികള്‍. ഇരുരാജ്യങ്ങളും തമ്മില്‍ അതിശക്തമായ സാമ്പത്തിക-നിക്ഷേപ സഹകരണങ്ങള്‍ ഇതിലൂടെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.
ഏതൊക്കെ മേഖലകളില്‍ സഹകരണം
ഇന്ധനം-ഊര്‍ജ മേഖലകള്‍, ശാസ്ത്ര-സാങ്കേതികവിദ്യ, ധാതുലവണം, വിതരണം, ടൂറിസം, ആരോഗ്യ മേഖല എന്നിവയില്‍ ചൈനയും സൗദി അറേബ്യയും സഹകരിക്കും. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി അവസരങ്ങളാണ് ഇപ്പോഴുള്ളത്.
ചൈനീസ് കമ്പനികള്‍ അവര്‍ സ്വാഗതം ചെയ്യുകയാണെന്നും, ചൈനയിലെ ബയോടെക് കമ്പനിയായ ബിജിഐ ജെനോമിക്‌സിന്റെ സിഇഒ യിന്‍ യി പറഞ്ഞു. സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലു സൗദ് അടക്കമുള്ളവര്‍ ചൈനയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചൈനീസ് സന്ദര്‍ശനം വരുന്നു
നിക്ഷേപ വകുപ്പ് മന്ത്രിയായ ഖാലിദ് അല്‍ ഫാലി വൈകാതെ തന്നെ ചൈന സന്ദര്‍ശിക്കുമെന്നും അറിയിച്ചു. വിഷം 2030ലേക്ക് കൂടുതല്‍ അടുത്ത് കൊണ്ടിരിക്കുകയാണ് സൗദി അറേബ്യയെന്ന് ഊര്‍ജ മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ ആലു സൗദ് പറഞ്ഞു.
ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതികളുമായി ചൈനയുമായി മുന്നോട്ട് പോവുകയാണ്. ഇതില്‍ സൗദിയുടെ നിക്ഷേപങ്ങളുമുണ്ട്. ചൈനയുമായി ഞങ്ങള്‍ക്ക് മത്സരമല്ല വേണ്ടത്. അതിന് ആഗ്രഹിക്കുന്നില്ല. സഹകരണമാണ് ചൈനയുമായി ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആലു സൗദ് വ്യക്തമാക്കി.
അമേരിക്ക അടക്കം ചൈനയെ സംശയത്തോടെ നോക്കുമ്പോള്‍ അതിനെയെല്ലാം തള്ളുന്നതാണ് സൗദി മന്ത്രിയുടെ പരാമര്‍ശം.
യുഎസ്സിന് ആശങ്കയേറുന്നു
സ്റ്റേറ്റ് സെക്രട്ടറിയെ അടക്കം നേരത്തെ സൗദിയിലേക്ക് അയച്ച് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ യുഎസ് ശ്രമിച്ചിരുന്നെങ്കിലും, ചൈനയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് തടയാന്‍ സാധിച്ചിട്ടില്ല.
പശ്ചിമേഷ്യയില്‍ തങ്ങളുടെ റോള്‍ കൂടുതല്‍ വലുതാക്കാനും, മറ്റ് രാജ്യങ്ങളുടെ വിശ്വാസം നേടിയെടുക്കാനുമാണ് സൗദിയുടെ ശ്രമം. ചൈന, പാകിസ്താന്‍ റഷ്യ, എന്നിവരുമായി സൗദിക്ക് പ്രശ്‌നങ്ങളില്ല. മികച്ച സൗഹൃദമുണ്ട്.
അതുപോലെ തന്നെയാണ് ഇന്ത്യയും. ഏഷ്യന്‍ മേഖലയില്‍ ചൈനയുടെ സ്വാധീനം തടയാനായി യുഎസ് വിവിധ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സൗദിയുടെ പിന്തുണയില്ലാത്തത് കൊണ്ട് അതെല്ലാം ദുര്‍ബലമാകുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications