സൗദി രാജകുമാരനെതിരെ പുതിയ ആരോപണം; ആമസോണ്‍ മേധാവിയുടെ ഫോണ്‍ ചോര്‍ത്തി- റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ലോക കോടീശ്വരന്മാരില് പ്രമുഖനായ ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് ചോര്‍ത്തിയെന്ന് ആരോപണം. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചുവെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
ഒരു വീഡിയോ ഫയല്‍ ബിന്‍ സല്‍മാന്റെ ഫോണില്‍ നിന്ന് വാട്സ് ആപ്പ് വഴി ജെഫ് ബെസോസിന് അയച്ചതിന് ശേഷമാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഇത് സംബന്ധിച്ച ഫോറന്‍സിക് പരിശോധനയില്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ വ്യക്തമായി എന്ന് അന്വേഷണവുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് ഗാര്ഡിയന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആരോപണം സൗദി ഭരണകൂടം നിഷേധിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

2018ന്റെ പകുതിയില്‍
2018ന്റെ പകുതിയിലാണ് സംഭവം. ചോര്‍ത്തല്‍ നടന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോള ബിസിനസ് ഉപദേശക കമ്പനിയായ എഫ്ടിഐ കണ്‍സള്‍ട്ടിങ് ആണ് ഹാക്കിങ് നടന്നോ എന്ന കാര്യം പരിശോധിച്ചത്.

പ്രതികാരമെന്ന് ആരോപണം
ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ളതാണ് അമേരിക്കയില്‍ നിന്നിറങ്ങുന്ന വാഷിങ്ടണ്‍ പോസ്റ്റ് പത്രം. സൗദി വിമര്‍ശകനായ മാധ്യമപ്രവര്ത്തകന് ജമാന്‍ ഖഷോഗിയുടെ വധത്തില്‍ സൗദി രാജകുമാരന് ബന്ധമുണ്ടെന്ന് ഈ പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നുള്ള പ്രതികാരമാണ് ഹാക്കിങിന് പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

അവിഹിത ബന്ധം പുറത്ത്
ജെഫ് ബെസോസിന് മുന്‍ ടിവി ആങ്കര്‍ ലോറന് സന്ഷസുമായി അവിഹിത ബന്ധമുണ്ടെന്ന വിവരം ദി നാഷണല്‍ എന്‍ക്വറര്‍ പുറത്തുവിട്ടിരുന്നു. ഇരുവരും തമ്മില്‍ നടത്തിയ രഹസ്യ ചാറ്റിങ് വിവരങ്ങളാണ് മാധ്യമം പുറത്തുവിട്ടത്. രഹസ്യവിവരങ്ങള്‍ പുറത്തായതോടെ ജെഫ് ബെസോസിന്റെ ദാമ്പത്യ ജീവിതം തകര്‍ന്നു.

വിവാഹ മോചനം പ്രഖ്യാപിച്ചു
ജെഫ് ബെസോസും ഭാര്യ മക് കെന്‍സിയും വിവാഹ മോചിതരാകുന്നുവെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് അന്ന് പിരിഞ്ഞത്. ലോറന് സന്ഷസുമായി ആമസോണ്‍ മേധാവിക്ക് രഹസ്യ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു വിവാഹ മോചനം.

ഭീഷണിയുണ്ടെന്ന് ആമസോണ്‍ മേധാവി
പുറത്തുവന്ന വാര്‍ത്തയില്‍ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്ന് പരസ്യമായി പറയണമെന്ന് ദി നാഷണല്‍ എന്‍ക്വറര്‍ ഭീഷണിപ്പെടുത്തിയെന്ന് ജെഫ് ബെസോസ് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, കൂടുതല്‍ ചിത്രങ്ങളും ചാറ്റുകളും പരസ്യമാക്കുമെന്നും അവര്‍ പറഞ്ഞിരുന്നുവത്രെ. ബെസോസിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ഗവിന്‍ ഡി ബെക്കറാണ് സൗദിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്.

ആരോപണം ഇങ്ങനെ
ബെസോസിന്റെ ഫോണ്‍ സൗദി സര്‍ക്കാര്‍ ഹാക്ക് ചെയ്തെന്നാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. മാധ്യമത്തില്‍ വാര്‍ത്ത വരുന്നതിന് മുമ്പ് ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് പര്യപ്തമായ തെളിവുകള്‍ അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. തങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ എന്ന് മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞത്.

അടുപ്പമുള്ള സ്ഥാപനം
സൗദിയിലുള്ളവരുമായി അടുപ്പമുള്ള സ്ഥാപനമാണ് ദി നാഷണല്‍ എന്‍ക്വറര്‍ എന്ന് ബെസോസിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ഗവിന്‍ ഡി ബെക്കര്‍ ആരോപിച്ചിരുന്നു. വാഷിങ്ടണ്‍ പോസ്റ്റ് ജമാല്‍ ഖഷോഗിയുടെ വധത്തെ കുറിച്ച് വിശദമായ വാര്‍ത്തകള്‍ നല്കിയതും വിവരങ്ങള്‍ ചോര്‍ത്താന്‍ കാരണമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് സൂചിപ്പിച്ചിരുന്നു.

സൗദി നിഷേധിച്ചു
എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന പുതിയ വിവരങ്ങളോട് ഡി ബെക്കര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, റിപ്പോര്‍ട്ട് തള്ളി അമേരിക്കയിലെ സൗദി എംബസി രംഗത്തുവന്നു. വിശദമായ അന്വേഷണം നടത്തണമെന്നും എംബസി ആവശ്യപ്പെട്ടു. അതേസമയം, ഐക്യരാഷ്ട്രസഭ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.

കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയോ
ആമസോണ്‍ കമ്പനിയുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബെസോസിന്റെ സ്വകാര്യ വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. ആമസോണ്‍ കമ്പനി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ റിപ്പോര്‍ട്ടുകളില്‍ കമ്പനിയുടെ പ്രതികരണം തേടിയെങ്കിലും അവര്‍ മൗനം പാലിക്കുകയാണ്.