സൗദിയില്‍ ഹാജിമാര്‍ക്ക് വഴിയൊരുക്കി ഡ്രൈവറില്ലാ ബസ്; മദീനയില്‍ 400 ടണ്‍ സംസം... ചൂട് വെല്ലുവിളി
റിയാദ്: പരിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സൗദി അറേബ്യയിലെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഹജ്ജിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. ഹാജിമാരുടെ യാത്രകള്‍ എളുപ്പമാക്കാന്‍ ഡ്രൈവറില്ലാ ബസ്സുകള്‍ സജീവമാണ് എന്നതാണ് ഇത്തവണ ഹജ്ജ് വിശേഷങ്ങളില്‍ എടുത്തു പറയേണ്ട കാര്യം. മദീനയിലെ മസ്ജിദുന്നബവിയില്‍ നിന്ന് മാത്രം 400 ടണ്‍ സംസം ആണ് വിതരണം ചെയ്യുക.
15 ലക്ഷത്തിലധികം തീര്‍ഥാടകര്‍ സൗദിയിലെത്തിക്കഴിഞ്ഞു. ഇനിയും ലക്ഷക്കണക്കിന് ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദീനയിലുള്ള വിദേശ തീര്‍ഥാടകര്‍ മക്കയിലേക്ക് വരുന്നത് തുടരുകയാണ്. ഹാജിമാര്‍ക്ക് താമസിക്കാന്‍ വിശാലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ വന്‍ ജനപങ്കാളിത്തമാണ് ഹജ്ജിന്.

ഹാജിമാര്‍ക്ക് തീര്‍ഥാടക കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് ഡ്രൈവറില്ലാ ബസുകള്‍ സജീവമാണ്. പരിസ്ഥിതി സൗഹൃദ ഗതാഗതം എന്ന സൗദിയുടെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം ബസുകള്‍. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെയാണ് ബസ്സിന്റെ യാത്ര. ക്യാമറകളും സെന്‍സറുകളും ബസ് സര്‍വീസ് അപകട രഹിതമാക്കും. നിര്‍ദിഷ്ട പാതയില്‍ മാത്രമാകും ബസ് സര്‍വീസ്.
ആദ്യമായിട്ടാണ് സൗദി ഗതാഗത അതോറിറ്റി ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ബസ് തീര്‍ഥാടകര്‍ക്കായി നിരത്തിലിറക്കിയത്. ഓരോ ബസിലും 11 സീറ്റുകളാണുള്ളത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ആറ് മണിക്കൂര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയിലാണ് ബസ് യാത്ര ചെയ്യുക. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായിട്ടാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ഡ്രൈവറില്ലാ ബസ് സര്‍വീസ് നടത്തുന്നത്.
ഹജ്ജിന് വേണ്ടി വിദേശത്ത് നിന്ന് വിമാന മാര്‍ഗം മാത്രം 12 ലക്ഷം തീര്‍ഥാടകര്‍ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. കര മാര്‍ഗം 57000 പേരും കടല്‍ മാര്‍ഗം 4600 പേരുമാണ് ഇതുവരെ എത്തിയത്. അതേസമയം, മദീന പള്ളിയില്‍ ഹജ്ജ് സീസണില്‍ കൂടുതല്‍ സംസം വെള്ളം വിതരണം ചെയ്യും. ദിവസവും 400 ടണ്‍ വെള്ളമാണ് വിതരണം ചെയ്യുക എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മദീന പള്ളിയോട് ചേര്‍ന്ന് 10000 കണ്ടെയ്‌നറുകളില്‍ സംസം വിതരണം ചെയ്യാനാണ് തീരുമാനം. ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിന് 5000 കണ്ടെയ്‌നറുകള്‍ ഒരുക്കി നിര്‍ത്തും. സംസം വിതരണത്തിന് മാത്രമായി 530 പേര്‍ മദീനയില്‍ ജോലി ചെയ്യുന്നുണ്ട്. മദീന പള്ളിയോട് ചേര്‍ന്ന ഏഴ് സ്ഥലങ്ങളിലാണ് കണ്ടെയ്‌നറുകള്‍ നിറയ്ക്കുക. മൂന്നിടങ്ങളില്‍ തണുത്ത സംസം വെള്ളം വിതരണം ചെയ്യും. പ്രതിദിനം 80000 കുപ്പികളിലും വിതരണം ചെയ്യും.
ഈ വര്‍ഷം ഹജ്ജിന് 20 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നിലവില്‍ മക്കയോട് ചേര്‍ന്ന പ്രദേശങ്ങള്‍ ജനസാഗരമായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന മത ചടങ്ങാണ് ഹജ്ജ്. മുമ്പ് ഹജ്ജിനിടെ വലിയ ദുരന്തങ്ങളുണ്ടായ ചരിത്രവുമുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.
കഅ്ബയെ വലയം ചെയ്യല്‍, അറഫ മൈതാനത്തെ സംഗമം, പിശാചിനെ കല്ലെറിയല്‍, മിനായിലെ രാപ്പാര്‍ക്കല്‍ തുടങ്ങിയവയാണ് ഹജ്ജിലെ പ്രധാന കര്‍മങ്ങള്‍. കഴിഞ്ഞ വര്‍ഷം 926000 പേരാണ് ഹജ്ജ് ചെയ്തത്. ഈ വര്‍ഷം 20 ലക്ഷത്തിലധികം പേരെയാണ് പ്രതീക്ഷിക്കുന്നത്. കൊവിഡിന് ശേഷം ഇത്രയും പേര്‍ പങ്കെടുക്കുന്നത് ആദ്യമാണ്. ഹജ്ജ്-ഉംറ എന്നിവയിലൂടെ സൗദിക്ക് പ്രതിവര്‍ഷം 1200 കോടി ഡോളര്‍ ലഭിക്കുന്നു എന്നാണ് കണക്ക്. കൂടിവരുന്ന ചൂട് പ്രതിരോോധിക്കാനുള്ള സംവിധാനവും സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications