ഇറാനെയും ഹൂതികളെയും തൊടുമ്പോള്‍ എന്തിന് ലോകം 'പൊള്ളുന്നു'; ഇന്ത്യ ഉള്‍പ്പെടെ വിയര്‍ക്കും
യുദ്ധം എല്ലാ കാലത്തും ലോകത്തിന് ഭീഷണിയാണ്. ഏത് മേഖലയില്‍ യുദ്ധമുണ്ടായാലും മറ്റുള്ളവരെയും ബാധിക്കും. എന്നാല്‍ ഇറാനിലും യമനിലും നടക്കുന്ന യുദ്ധം ലോകത്തെ എല്ലാ രാജ്യങ്ങളെയും ബാധിച്ചിരിക്കുന്നു. ലോകത്തെ പ്രധാനപ്പെട്ട രണ്ടു ചരക്കു കടല്‍പാത അടഞ്ഞതാണ് ഇതിന് കാരണം. ഇറാന്‍ യുദ്ധം കാരണം ഹോര്‍മുസ് പാതയും യമന്‍ യുദ്ധം കാരണം ബാബുല്‍ മന്തിബും അടഞ്ഞു.
ഇതോടെ ചരക്കുകള്‍ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നു. പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ പ്രയാസം നേരിട്ടതോടെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ഇറാനും അമേരിക്കയും തമ്മില്‍ നിലവില്‍ വാക്‌പോര് മാത്രമാണ് നടക്കുന്നത്. അമേരിക്ക ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ ഹോര്‍മുസ് തുറക്കൂ എന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികള്‍ ബാബുല്‍ മന്തിബ് പരിസരം പിടിച്ചതോടെയാണ് അതുവഴിയുള്ള കയറ്റുമതി തടയപ്പെട്ടത്.

ചില കപ്പലുകള്‍ ചരക്കു കടത്തിന് തയ്യാറാകുന്നുണ്ടെങ്കിലും ചെലവ് കുത്തനെ വര്‍ധിപ്പിച്ചു. ഇതോടെ ചരക്കുകളുടെ വില ഉയര്‍ന്നു. ഹൂതികളുടെ ആക്രമണത്തില്‍ ഇന്നും സൗദിയില്‍ പ്രവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ പൗരന്മാരും സൗദി വിട്ടുപോകണം എന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു. ഇതോടെ ക്രൂഡ് വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 111 ഡോളര്‍ ആയി.
ആര്‍ബിഐയുടെ തന്ത്രം പാളുന്നു
ലോകത്ത് എണ്ണ വാങ്ങാത്ത രാജ്യങ്ങളില്ല. അതുകൊണ്ടുതന്നെ ഉയര്‍ന്ന വിലയാണ് അവര്‍ നല്‍കേണ്ടി വരുന്നത്. ആവശ്യമുള്ളതിന്റെ 85 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് കുരുക്ക് മുറുകും. ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ ആര്‍ബിഐ ശ്രമിച്ചെങ്കിലും ഇന്ന് താളം തെറ്റി. ക്രൂഡ് വില കുതിച്ചതോടെ രൂപയുടെ മൂല്യം നേരിയ തോതില്‍ വീണ്ടും ഇടിയാന്‍ തുടങ്ങി.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന് വില അല്‍പ്പം കുറയ്ക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സൗദി അറേബ്യയ്ക്ക് വേണ്ട പോലെ കയറ്റുമതി സാധിക്കുന്നില്ല. ക്രൂഡ് വില കൂടിയതോടെ ഡോളര്‍ മൂല്യം വര്‍ധിച്ചു. രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങി. ഇത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില ഉയരാന്‍ കാരണമായി.
ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരുമ്പോള്‍ വിപണിയില്‍ വില ഉയരും. ഇതാണ് രാജ്യം നേരിടുന്ന വെല്ലുവിളി. ഇറാഖിലും അഫ്ഗാനിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും യുക്രൈനിലും യുദ്ധമുണ്ടായ പോലെ അല്ല ഗള്‍ഫിനെ ബാധിക്കുന്ന യുദ്ധമുണ്ടായാല്‍. ലോകം മൊത്തം അതിന്റെ പ്രതിഫലനമുണ്ടാകും. ഇതാണ് യൂറോപ്പിനെ ഉള്‍പ്പെടെ പിടിച്ചുലയ്ക്കുന്നത്.
യൂറോപ്പ് കുടുങ്ങിയത് ഇങ്ങനെ
യുക്രൈന്‍ യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ റഷ്യയില്‍ നിന്നുള്ള എണ്ണ-വാതക ഇറക്കുമതി യൂറോപ്യന്‍ രാജ്യങ്ങള്‍ അവസാനിപ്പിച്ചത് 2022ലാണ്. പിന്നീട് അവര്‍ എണ്ണയ്ക്കും വാതകത്തിനും കൂടുതല്‍ ആശ്രയിച്ചത് പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ആയിരുന്നു. ഇവിടെ നിന്നുള്ള കയറ്റുമതി കുറഞ്ഞതോടെ യൂറോപ്പ് ശരിക്കും പെട്ടു. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ് യൂറോപപ്പില്‍. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്.
ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയെ സഹായിക്കാന്‍ ഈജിപ്ത്, പാകിസ്താന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവരെല്ലാം രംഗത്തുണ്ട്. ആരും യമനില്‍ കയറി ഹൂതികളെ ആക്രമിക്കാന്‍ തയ്യാറായിട്ടില്ല. ഹൂതികളുമായുള്ള യുദ്ധം സാഹചര്യം കൂടുതല്‍ വഷളാക്കുമെന്ന് എല്ലാ രാജ്യങ്ങളും ഭയക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധവും സൗദിയും ഹൂതികളും തമ്മിലുള്ള യുദ്ധവും റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും അവസാനിച്ചാല്‍ മാത്രമാണ് വിപണി പഴയ നിലയിലേക്ക് എത്തുക. മൂന്നു യുദ്ധങ്ങളും വേഗത്തില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.


Click it and Unblock the Notifications
