സൗദി അറേബ്യ പടിക്കു പുറത്ത് തന്നെ; മുഖം തിരിച്ച് ഇന്ത്യ... വാങ്ങുന്നത് വളരെ കുറഞ്ഞ എണ്ണ
സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ സഹകരണം ശക്തമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എണ്ണയുടെ കാര്യത്തില്‍ മുഖം തിരിച്ചു നില്‍ക്കുകയാണ് ഇന്ത്യ. സൗദിയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ ഓരോ മാസവും കുറച്ചുകൊണ്ടുവരികയാണ്. സെപ്തംബറിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷങ്ങള്‍ക്കിടെ ഇത്രയും കുറഞ്ഞ എണ്ണ ഇന്ത്യ വാങ്ങുന്നത് ആദ്യമായിട്ടാണ്.
സൗദി അറേബ്യ അടുത്തിടെ സ്വീകരിച്ച ചില നിലപാടുകളാണ് ഇന്ത്യ കടുത്ത തീരുമാനമെടുക്കാന്‍ കാരണം. മറ്റൊന്ന് ഇന്ത്യയിലെ സാങ്കേതികമായ ചില കാരണങ്ങളും. ആഗോള വിപണിയില്‍ വില കൂട്ടാന്‍ വേണ്ടി സൗദി അറേബ്യയും റഷ്യയും നടത്തുന്ന നീക്കങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഇന്ത്യയുടെ നിലപാട് എന്ന് വിലയിരുത്തപ്പെടുന്നു.

ഏകദേശം അഞ്ച് ലക്ഷം ബാരല്‍ എണ്ണ മാത്രമാണ് സൗദിയില്‍ നിന്ന് സെപ്തംബര്‍ മാസം ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്തത്. 2014ന് ശേഷം ഇത്രയും കുറഞ്ഞ തോതില്‍ ഇറക്കുന്നത് ആദ്യമാണ്. ഇതിന്റെ രണ്ടിരട്ടി വരെ അധികം ഇറക്കിയിരുന്ന സ്ഥാനത്താണ് വളരെ കുറച്ച് എണ്ണ മാത്രം വാങ്ങുന്നത്. ലോകത്തെ പ്രധാന വിപണിയായ ഇന്ത്യ ഇറക്കുമതി കുറച്ചത് സൗദിക്ക് വലിയ തിരിച്ചടിയുമാണ്.
2014 നവംബറിന് ശേഷം ഇത്രയും കുറഞ്ഞ എണ്ണ ഇന്ത്യ സൗദിയില്‍ നിന്ന് ഇറക്കുന്നത് ആദ്യമാണെന്ന് കെപ്ലര്‍ ഡാറ്റ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം ഇന്ത്യ സൗദിയില്‍ നിന്ന് ഓരോ ദിവസവും വാങ്ങിയത് 8.28 ലക്ഷം ബാരല്‍ എണ്ണയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വാങ്ങിയത് 8.80 ലക്ഷം ബാരലാണ്. ഇതാണ് അഞ്ച് ലക്ഷത്തിലേക്ക് താഴ്ന്നിരിക്കുന്നത്.
ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിലവില്‍ റഷ്യയില്‍ നിന്നാണ്. പിന്നെ ഇറാഖില്‍ നിന്നും. ഏറെ കാലം ഒന്ന്, രണ്ട് സ്ഥാനങ്ങളിലുണ്ടായിരുന്ന സൗദി ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഷ്യ വില കുറച്ച് വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കാന്‍ ആരംഭിച്ചത്. ഇത് സൗദിക്ക് തിരിച്ചടിയായി.
അതേസമയം, ഇപ്പോള്‍ സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമിതി കുറയ്ക്കാന്‍ പ്രധാനമായും രണ്ട് കാരണമാണ് പറയപ്പെടുന്നത്. ഒന്ന് സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ചതാണ്. ഒരു മാസം മുമ്പ് 75 ഡോളര്‍ വിലയുണ്ടായിരുന്ന ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇപ്പോള്‍ 95 ഡോളറിലെത്തിയതിന് കാരണം സൗദി ഉല്‍പ്പാദനം കുറച്ചതാണത്രെ. സൗദി 10 ലക്ഷം ബാരലും റഷ്യ 3 ലക്ഷം ബാരലുമാണ് ഈ വര്‍ഷം അവസാനം വരെ പ്രതിദിനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് സൗദിയില്‍ നിന്ന് കൂടുതലായി എണ്ണ ഇറക്കുന്നത്. അവര്‍ വാങ്ങുന്ന 35 ശതമാനം എണ്ണയും സൗദിയില്‍ നിന്നാണ്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജാംനഗറിലെ ശുദ്ധീകരണ ശാലയില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ അവര്‍ വാങ്ങുന്നത് കുറച്ചു. ഇതും സൗദിയിലെ എണ്ണ വാങ്ങുന്നത് കുറയാന്‍ കാരണമായിട്ടുണ്ട്. അതേസമയം, യുഎഇ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളെയും ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നു എന്നാണ് മറ്റൊരു വിവരം.












Click it and Unblock the Notifications