സൗദിയും ഇന്ത്യയും തമ്മില്‍ കേബിള്‍ വഴി ബന്ധിക്കപ്പെടുമോ? ശ്രദ്ധേയമായി മോദി-എംബിഎസ് കൂടിക്കാഴ്ച
സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദർശനത്തെ ശ്രദ്ധാപ്പൂർവ്വം ഉറ്റുനോക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ശ്രദ്ധേയമായ കരാറില്‍ ഒപ്പുവെച്ചേക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ദീർഘകാല ഊർജ്ജ സഹകരണ കരാറിലും ഇരു രാഷ്ട്ര നേതാക്കളുമെത്തിയേക്കുമെന്നാണ് സൂചന.
ഞായറാഴ്ച സമാപിച്ച 18-ാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ശനിയാഴ്ചയാണ് മുഹമ്മദ് ബിൻ സൽമാൻ ന്യൂഡൽഹിയിലെത്തിയത്. എന്നാല്‍ തിങ്കളാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം ഡല്‍ഹിയില്‍ തുടരുകയായിരുന്നു. ഉഭയകക്ഷി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ചട്ടക്കൂടിനുള്ളിൽ നടക്കുന്ന നേതാക്കളുടെ ആദ്യ യോഗത്തിൽ മോദിയും എം ബി എസും സഹകാർമികത്വം വഹിക്കും.

സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ട് മന്ത്രിതല സമിതികളായ രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്കാരിക സഹകരണ സമിതി, സാമ്പത്തിക, നിക്ഷേപ സഹകരണ സമിതി എന്നിവയുടെ കീഴിലുള്ള പുരോഗതി അവർ അവലോകനം ചെയ്യും. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മേഖലയിലെ സഹകരണത്തെക്കുറിച്ചും ഇരുരാജ്യങ്ങളുടെയും പവർ ഗ്രിഡുകളെ കടലിനടിയിലെ കേബിൾ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള നിർദേശവും മോദിയും സല്‍മാന്‍ രാജകുമാരും ചർച്ച ചെയ്യുമെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നത്.
രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സാമ്പത്തികം, സാംസ്കാരികവും ജനങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങി ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും ഇരുവരും ചർച്ച ചെയ്യും. ഇരു നേതാക്കളും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം (എം ഇ എ) പുറത്തിറക്കിയ പത്രക്കുറിപ്പിലും പറയുന്നു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ, സൗദി അറേബ്യയുടെ കിരീടാവകാശി പ്രസിഡന്റ് ദ്രൗപതി മുർമുവുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും കണക്ടിവിറ്റി, ഊർജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം എന്നിവയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ജൂൺ മാസത്തിൽ മോദിയും സല്‍മാന്‍ രാജകുമാരനും തമ്മില്‍ ഫോൺ സംഭാഷണം നടത്തിയിരുന്നു.
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള അനുനയ നീക്കത്തിന് ചൈന ഇടനിലക്കാരനായ ശേഷം ഇരു രാജ്യങ്ങളുടെയും നേതൃത്വം തമ്മിലുള്ള ആദ്യ സമ്പർക്കമായിരുന്നു ഇത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരം 2022-23 ൽ എക്കാലത്തെയും ഉയർന്ന നിരക്കായ 52.75 ബില്യൺ ഡോളറിലെത്തി. ഇന്ത്യ സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്, അതേസമയം സൗദി അറേബ്യ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ്.
സമീപ വർഷങ്ങളിൽ പശ്ചിമേഷ്യയിലെ ഇന്ത്യയുടെ പ്രധാന പങ്കാളികളിൽ ഒന്നായി സൗദി അറേബ്യ ഉയർന്നുവന്നിട്ടുണ്ട്, പ്രത്യേകിച്ച് പ്രതിരോധം, സുരക്ഷ, ഊർജ്ജം എന്നീ മേഖലകളില്‍. സൗദി അറേബ്യയിൽ 2.6 ദശലക്ഷം ഇന്ത്യക്കാർ പ്രവാസികളായി തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്. യുഎഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാർ പ്രവാസികളായിട്ടുള്ള രാജ്യമാണ് സൗദി.
2019 ഫെബ്രുവരിയിലാണ് എം ബി എസ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്, അതേ വർഷം ഒക്ടോബറിൽ മോദി സൗദി അറേബ്യ സന്ദർശിച്ചപ്പോൾ, ഇരു രാജ്യങ്ങളും ചേർന്ന് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപീകരിച്ചിരുന്നു. വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ, സുരക്ഷാ, സാമൂഹിക, സാംസ്കാരിക സമിതി, ഇന്ത്യൻ വാണിജ്യ മന്ത്രിയുടെയും സൗദി ഊർജ മന്ത്രിയുടെയും നേതൃത്വത്തിലുള്ള സമ്പദ്‌വ്യവസ്ഥയും നിക്ഷേപവും സംബന്ധിച്ച സമിതി എന്നീ രണ്ട് ഭാഗങ്ങളായിട്ടാണ് ഈ കൗൺസിൽ പ്രവർത്തിക്കുന്നത്.












Click it and Unblock the Notifications