ഹജ്ജ് യാത്ര ട്രെയിനിലാക്കാം!! സൗദി അറേബ്യയിലേക്ക് തീവണ്ടി വരുന്നു; അറിയാം പുതിയ വിവരങ്ങള്‍
റിയാദ്: സൗദി അറേബ്യയിലേക്ക് ഇന്ത്യക്കാര്‍ വിമാന മാര്‍ഗം പോകുകയാണ് പതിവ്. വളരെ മുമ്പ് കപ്പല്‍ മാര്‍ഗം ഗള്‍ഫിലേക്ക് പോയവരുടെ കഥകളും ഏറെയാണ്. കാലംമാറിയതോടെ അത്യാധുനികവും വ്യത്യസ്തവും സാഹസികവുമായ വഴികളെല്ലാം ജനങ്ങളെ ആകര്‍ഷിക്കുകയാണിപ്പോള്‍. അതിനിടെയാണ് സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് റെയില്‍വെ ലൈന്‍ വരുന്നു എന്ന വാര്‍ത്ത. ഹജ്ജ് യാത്ര ഇനി തീവണ്ടിയിലാകുന്ന കാലം വിദൂരമല്ല.
യാത്ര വിമാനത്തിലായപ്പോള്‍ ചെലവ് കൂടി എന്നതാണ് യാത്രക്കാരുടെ ആവലാതി. ഇതിന് പരാഹരമാകും ട്രെയിന്‍ മാര്‍ഗമുള്ള യാത്ര. എന്നാല്‍ എങ്ങനെയാണ് സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പോകുക. രാജ്യങ്ങള്‍ അനവധി കടന്നുവേണം സൗദിയിലെത്താന്‍. എല്ലാ രാജ്യങ്ങളെയും ബന്ധിപ്പിച്ച് റെയില്‍പാളം വരുമെന്നാണോ പറയുന്നത്... ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെയാണ്...

റെയില്‍വെ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ അടുത്തിടെ ഇന്ത്യയും സൗദി അറേബ്യയും ചര്‍ച്ച നടത്തിയിരുന്നു. യുഎഇയുടെയും അമേരിക്കയുടെയും പ്രതിനിധികളും ചര്‍ച്ചയില്‍ ഭാഗമായി. നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് ആണ് ചര്‍ച്ച ചെയ്തത്. അയല്‍ രാജ്യങ്ങളെ കൂടി ബന്ധിപ്പിച്ചുള്ള സര്‍വീസ് ആണ് ലക്ഷ്യം. ഗതാഗതം സുഗമമാക്കണം എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നാല് രാജ്യങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചു.
ട്രെയിന്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ ഏറ്റവും ഗുണം ചെയ്യുക ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹജ്ജ് സീസണ്‍ സൗദിയില്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ട്രെയിന്‍ സര്‍വീസ് ഹജ്ജുമായി ചേര്‍ത്ത് ചര്‍ച്ച ചെയ്യുന്നത്. എല്ലാ രാജ്യങ്ങളിലും അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങിയിരിക്കുകയാണ്. ഇതാണ് വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് ചര്‍ച്ചയാകാന്‍ മറ്റൊരു കാരണം.
ഹജ്ജ് യാത്രയ്ക്ക് ഇന്ന് വലിയ ചെലവാണ് വരുന്നത്. എന്നാല്‍ ട്രെയിന്‍ മാര്‍ഗമുള്ള യാത്രയാണെങ്കില്‍ ചെലവ് ചുരുക്കാമെന്ന് നിരീക്ഷപ്പെടുന്നു. ഇത് വഴി കൂടുതല്‍ പേര്‍ക്ക് ഒരു സമയം യാത്ര ചെയ്യാനും ചെലവ് കുറയ്ക്കാനും സാധിക്കും. ട്രെയിന്‍ മാര്‍ഗമാകുമ്പോള്‍ യാത്രാ ദിവസങ്ങള്‍ കൂടും. എങ്കിലും ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവരായതിനാല്‍ മറ്റു തടസമുണ്ടാകില്ലെന്നും വിലയിരുത്തുന്നു.
അതേസമയം, ഇന്ത്യ-സൗദി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ട്. കോടികളുടെ നിക്ഷേപവും വിപുലരമായ ആസൂത്രണവും ആവശ്യമാണ് എന്നതാണ് പ്രധാനം. ഭൂമി ഏറ്റെടുക്കല്‍, ട്രാക് ഡിസൈന്‍, വിവിധ രാജ്യങ്ങള്‍ക്കിടയിലെ സഹകരണം എന്നിവ നിര്‍ബന്ധമാണ്. മരുഭൂമിയും മലനിരകളും മഞ്ഞ് വീഴുന്ന താഴ്‌വരകളുമെല്ലാം കടന്നുവേണം സൗദിയിലെത്താന്‍.
പാകിസ്താനിലെ ബലൂചിസ്താന്‍, ഇറാനിലെ സാഗ്രോസ് എന്നീ മലനിരകളില്‍ ട്രെയിന്‍ പാളം ഒരുക്കല്‍ വലിയ വെല്ലുവിളിയാണ്. കാലാവസ്ഥാ വെല്ലുവികള്‍ വേറെയും. ഓരോ രാജ്യങ്ങളുടെയും അതിര്‍ത്തി കടക്കുമ്പോഴുള്ള പരിശോധനയാണ് മറ്റൊരു കാര്യം. ഈ പരിശോധന എളുപ്പമാക്കാന്‍ അന്താരാഷ്ട്ര സഹകരണം ശക്തമാകണം. സുരക്ഷാ വെല്ലുവിളിയും തരണം ചെയ്യേണ്ടതുണ്ട്. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞുവേണം സൗദിയിലെത്താന്‍.












Click it and Unblock the Notifications