സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍
പശ്ചിമേഷ്യയിലെ സംഘര്‍ഷം ഈ മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിലിന് വേണ്ടി ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത് പശ്ചിമേഷ്യയെ ആയിരുന്നു. റഷ്യയുടെ എണ്ണയ്ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ച വേളയില്‍ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ വര്‍ധിക്കുകയും ചെയ്തിരുന്നു.
അതിനിടെയാണ് എല്ലാം താളംതെറ്റിച്ച് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം തുടങ്ങിയതും ഇറാന്‍ ഹോര്‍മുസ് പാത അടച്ചതും. ഇതോടെ ജിസിസി രാജ്യങ്ങളുടെ എണ്ണ കയറ്റുമതി പ്രതിസന്ധിയിലായി. ഉല്‍പ്പാദിപ്പിച്ച എണ്ണ എന്തു ചെയ്യുമെന്ന ചോദ്യം ഉയര്‍ന്നു. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചെങ്കിലും അതിന്റെ നേട്ടം കിട്ടാതെ പ്രയാസപ്പെടുകയാണ് ജിസിസി രാജ്യങ്ങള്‍.

ഈ സാഹചര്യത്തിലാണ് ഇന്ത്യ വെനസ്വേലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങാന്‍ തുടങ്ങിയത്. ഇക്കാര്യത്തില്‍ നേരത്തെ റിലയന്‍സിന് അമേരിക്ക അനുമതി നല്‍കിയിരുന്നു. വെനസ്വേലയിലെ ഭരണകൂടത്തെ അട്ടിമറിച്ച ശേഷം ആ രാജ്യത്തെ എണ്ണ ഇടപാട് അമേരിക്കയാണ് നിയന്ത്രിക്കുന്നത്. നേരത്തെ ചുമത്തിയ ഉപരോധം ഇപ്പോള്‍ നീക്കുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യ വെനസ്വേലയില്‍ നിന്ന് എണ്ണ വന്‍തോതില്‍ വാങ്ങുന്നത്.
ഈ മാസം മാത്രം 12.51 മില്യണ്‍ ബാരല്‍ എണ്ണ വെനസ്വേലയില്‍ നിന്ന് ഇന്ത്യയില്‍ എത്തുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 2020 ഫെബ്രുവരിക്ക് ശേഷം വെനസ്വേലയില്‍ നിന്ന് ഇന്ത്യ ഇത്രയും അധികം എണ്ണ ഇറക്കുന്നത് ആദ്യമാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിന് ശേഷം വെനസ്വേലയില്‍ നിന്ന് ഇന്ത്യ ഇറക്കുന്നത് ആദ്യവുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് വെനസ്വേല.
ഇന്ത്യ കണ്ടെത്തിയ പുതിയ വഴികള്‍ ഇങ്ങനെ
അമേരിക്കയുടെ ഉപരോധമാണ് വെനസ്വേലയുടെ എണ്ണ-വാതക കയറ്റുമതി തടഞ്ഞിരുന്നത്. സര്‍ക്കാരിനെ അട്ടിമറിച്ച അമേരിക്ക ഇപ്പോള്‍ ഉപരോധം നീക്കി. ഇതോടെയാണ് എണ്ണ വരുമാനം ഉപയോഗപ്പെടുത്താന്‍ വെനസ്വേലയ്ക്ക് സാധിച്ചത്. എങ്കിലും അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും ഇടപാടുകള്‍ എന്നതാണ് എടുത്തു പറയേണ്ടത്. ഇറാനില്‍ അമേരിക്ക ലക്ഷ്യമിടുന്നതും എണ്ണയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ബുക്ക് ചെയ്ത വെനസ്വേലന്‍ എണ്ണയാണ് ഈ മാസം ഇന്ത്യയില്‍ എത്തുന്നത്. യുദ്ധം തുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ എണ്ണ അവിടെ നിന്ന് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്തിലെ സിക്ക തുറമുഖത്ത് ഒരു കപ്പല്‍ എത്തിക്കഴിഞ്ഞു. വൈകാതെ മറ്റു കപ്പലുകളും എത്തും. ഇന്ത്യന്‍ വിപണിയില്‍ വെനസ്വേലന്‍ എണ്ണ നിറയുന്നത് സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്.
ആഗോള വിപണിയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ റഷ്യയുടെ എണ്ണയ്‌ക്കെതിരായ ഉപരോധം അമേരിക്ക പിന്‍വലിച്ചിട്ടുണ്ട്. ഈ അവസരവും ഇന്ത്യ ഉപയോഗപ്പെടുത്തി. ഇറാന്റെ എണ്ണയും ഇന്ത്യ വാങ്ങി. ഹോര്‍മുസ് പാത അടച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഇന്ത്യ മറ്റു വഴികളിലൂടെ മറികടക്കുകയാണ്. റഷ്യയുടെ എണ്ണ വന്‍തോതില്‍ ഇനിയും ഇന്ത്യയിലേക്ക് ഒഴുകുമെന്നാണ് പുതിയ വിവരം.












Click it and Unblock the Notifications