സൗദിക്കും ഇറാഖിനും പണികൊടുത്ത് അമേരിക്കയും: ക്രൂഡ് ഓയിലില്‍ ഇന്ത്യയിലെ പിടി വിടുമോ?
മെയ് മാസത്തില്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലുള്ള ഇറക്കുമതിയായിരുന്നു ഇന്ത്യ നടത്തിയത്. എന്നാല്‍ ജൂണ്‍ മാസത്തിലെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ രാജ്യത്തിന്റെ ഇറക്കുമതി നാല് മാസത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. 18.5 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ജൂണ്‍ മാസത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയിലേക്ക് എത്തിയത്.
ഈ വർഷം ഫെബ്രുവരി മുതൽ തുടർച്ചയായി നാല് മാസത്തെ വർദ്ധനവിന് ശേഷം, താൽകാലിക അടിസ്ഥാനത്തിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 15 ശതമാനവും ജൂണിൽ ഏകദേശം 6 ശതമാനവും കുറഞ്ഞെന്നാണ് പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പി പി എ സി) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

മെയ് മാസത്തിൽ ഇന്ത്യ റെക്കോഡ് നിരക്കായ 21.8 മില്ല്യൺ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. ആഭ്യന്തര ഡിമാൻഡ് നിറവേറ്റുന്നതിനും കയറ്റുമതി അവസരങ്ങൾ മുതലെടുക്കുന്നതിനുമായി ഉയർന്ന തോതില്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ജൂണിലും, ഇന്ത്യൻ റിഫൈനർമാർ തങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ റഷ്യയിൽ നിന്ന് തന്നെയാണ് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്.
ഇന്ത്യ റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിരക്ക് ഉയർത്തിയപ്പോള്‍ പരമ്പരാഗത വിതരണക്കാരായ ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള ഇറക്കുമതി ജൂൺ മാസത്തിൽ വാർഷിക അടിസ്ഥാനത്തിലും പ്രതിമാസ അടിസ്ഥാനത്തിലും പിന്നിലേക്ക് പോയി.
ഉക്രൈൻ അധിനിവേശത്തിന് പിന്നാലെയാണ് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇടപാടുകാരായി മാറുന്നത്. കഴിഞ്ഞ മാസം റഷ്യയിൽ നിന്ന് രാജ്യം പ്രതിദിനം 2.13 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. അതായത് മുൻ മാസത്തേക്കാൾ 7.2% വർധിച്ചു. റഷ്യയിൽ നിന്നുള്ള ഇറക്കുമതി പ്രതിദിനം 2.15 ദശലക്ഷം ബാരൽ ആയിരുന്ന 2023 മെയ് ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
അതേസമയം, തന്നെ 2024 മാർച്ച് മുതൽ യുഎസിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ഈ കടന്ന് വരവും ഇറാഖിനും സൗദി അറേബ്യക്ക് തിരിച്ചടി നല്‍കാന്‍ പ്രധാന കാരണമായി.
ഇന്ത്യയുടെ ഔദ്യോഗിക വ്യാപാര ഡാറ്റയുടെ വിശകലനം അനുസരിച്ച്, ഉക്രൈന്‍ യുദ്ധത്തിന് ശേഷം റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് വർധിപ്പിച്ചതിലൂടെ 2022 ഏപ്രിലിനും 2024 മെയ് മാസത്തിനും ഇടയിൽ ഇന്ത്യൻ റിഫൈനർമാർ കുറഞ്ഞത് 10.5 ബില്യൺ ഡോളർ വിദേശനാണ്യം ലാഭിച്ചിട്ടുണ്ടാകുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്‌സ്യൽ ഇൻ്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ (ഡിജിസിഐഎസ്) കണക്കുകൾ പ്രകാരം 2023-24ൽ (എഫ്‌വൈ 24) ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ആകെ മൂല്യം 139.86 ബില്യൺ ഡോളറാണ്.












Click it and Unblock the Notifications