ചൈനയെ കടത്തിവെട്ടി ഇന്ത്യ; സൗദി അറേബ്യ മാത്രമല്ല, നേട്ടം കൊയ്യാന്‍ ഒട്ടേറെ ശക്തികള്‍, ഫോക്കസ് മാറ്റി
ക്രൂഡ് ഓയില്‍ ആവശ്യത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉപഭോഗം ചൈനയില്‍ ആയിരിക്കുമെന്നാണ് ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളെല്ലാം നേരത്തെ കരുതിയത്. എന്നാല്‍ ഇക്കാര്യത്തില്‍ വന്‍ കുതിപ്പാണ് ഇന്ത്യ നടത്തിയത്. അതുകൊണ്ടുതന്നെ എണ്ണ ശക്തികളുടെ ശ്രദ്ധ ചൈനയില്‍ നിന്ന് മാറി ഇന്ത്യയിലേക്കെത്തുകയാണ്.
2024ല്‍ എണ്ണ ആവശ്യത്തില്‍ ഇന്ത്യയില്‍ നിന്നുണ്ടായ വര്‍ധനവ് വരും വര്‍ഷവും തുടരുമെന്നാണ് പ്രതീക്ഷ എന്ന് എസ് ആന്റ് പി ഗ്ലോബല്‍ കമ്മോഡിറ്റി ഇന്‍സൈറ്റ്‌സ് വ്യക്തമാക്കുന്നു. ഇന്ധന ഉപഭോഗത്തിന്റെ കേന്ദ്രമായി അതിവേഗം ഇന്ത്യ മാറുകയാണ്. എന്നാല്‍ ഇന്ത്യയാകട്ടെ, ഈ ഘട്ടത്തില്‍ പതിവ് വഴിയില്‍ നിന്ന് അല്‍പ്പം മാറി സഞ്ചരിക്കുന്നു. ഇക്കാര്യത്തില്‍ പശ്ചിമേഷ്യയിലെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക സ്വാഭാവികം.

എണ്ണ ഉപഭോഗത്തില്‍ ഇന്ത്യയാകും ഇനി മുന്നിലെന്ന് എസ് ആന്റ് പി ഗ്ലോബല്‍ മേധാവി കാങ് വു പറയുന്നു. 2025ല്‍ ഇന്ത്യയില്‍ നിന്ന് എണ്ണയ്ക്ക് വേണ്ടിയുള്ള ആവശ്യം 3.2 ശതമാനമാകുമെന്നും അതേസമയം, ചൈനയില്‍ നിന്നുള്ള ആവശ്യം 1.7 ശതമാനമേ ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024ലെ ആദ്യ പത്ത് മാസം ചൈനയില്‍ നിന്ന് പ്രതിദിനം 148000 ബാരല്‍ എണ്ണയ്ക്ക് വേണ്ടിയുള്ള ആവശ്യമായണ് വന്നത്. ഇന്ത്യയില്‍ നിന്ന് 180000 ബാരലും.
ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട്. അവര്‍ ശുദ്ധീകരണ ശാലകള്‍ വിപുലീകരിച്ചത് ഈ ലക്ഷ്യത്തോടെയാണ്. പതിവായി എണ്ണ വാങ്ങുന്ന രാജ്യങ്ങളെ മാത്രം ആശ്രയിച്ചാല്‍ പോര എന്ന് കമ്പനികള്‍ കരുതുന്നു. കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാനും ശ്രമം തുടങ്ങി. നയതന്ത്ര തലത്തില്‍ നടന്ന ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ഗുണം ചെയ്യുമെന്ന് എസ് ആന്റ് പിയുടെ സൗത്ത് ഏഷ്യ ഓയില്‍ റിസര്‍ച്ച് മേധാവി അഭിഷേക് രഞ്ജന്‍ പറഞ്ഞു.
നേരത്തെ പശ്ചിമേഷ്യയെ മാത്രമാണ് ക്രൂഡ് ഓയിലിനും വാതകത്തിനും വേണ്ടി ഇന്ത്യ ആശ്രയിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് ഇതിനെല്ലാം മാറ്റം വന്നു. പശ്ചിമേഷ്യയ്ക്ക് പുറമെ, ആഫ്രിക്ക, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, സൗത്ത്-ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യങ്ങളെയും എണ്ണ-വാതകത്തിന് വേണ്ടി ഇന്ത്യ ആശ്രയിക്കുന്നുണ്ട്.
മാത്രമല്ല, ആഭ്യന്തരമായി എണ്ണ ഉല്‍പ്പാദനം കൂട്ടാനും ഇന്ത്യ ആലോചിക്കുന്നു. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയ്ക്കുള്ള വിന്‍ഡ് ഫാള്‍ നികുതി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് ഈ ലക്ഷ്യത്തോടെയാണ്. ആഭ്യന്തര ഉല്‍പ്പാദനത്തിന് കമ്പനികളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. അമിതമായ നികുതി ഒഴിവായ സാഹചര്യത്തില്‍ ഇനി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറായേക്കും.
1948ലെ എണ്ണപ്പാട (നിയന്ത്രണ-വികസന) നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന ബില്ല് അടുത്തിടെ രാജ്യസഭ പാസാക്കിയിരുന്നു. ഷെയ്ല്‍ ഓയില്‍, ഷെയ്ല്‍ ഗ്യാസ്, കല്‍ക്കരി മേഖലയിലെ മീഥൈന്‍ എന്നിവയുടെ ഖനനം കൂടി എളുപ്പമാക്കുന്ന രീതിയിലാകും ഭേദഗതി. ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ പണം വലിയ തോതില്‍ വിദേശത്തേക്ക് പോകുന്നതും ഇതുകാരണമാണ്. ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്തി പരിഹാരം കാണാനാണ് ശ്രമം.












Click it and Unblock the Notifications