'പൈസ തന്നില്ലെങ്കില്‍ പ്രശ്നമാവും': പാകിസ്താന്‍ എയർലൈനിന് അന്തിമ മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായ പാകിസ്താനില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ രൂക്ഷമായി മാറി കൊണ്ടിരിക്കുകയാണ്. പിടിച്ച് നില്‍ക്കാനായി യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വലിയ സാമ്പത്തിക സഹായമാണ് രാജ്യം വാങ്ങിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് പാകിസ്താന്റെ വിമാന കമ്പനിയും പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്. കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരിൽ റിയാദ് എയർപോർട്ട് അതോറിറ്റിയിൽ നിന്ന് പാകിസ്ഥാൻ എയർലൈൻസിന് അന്തിമ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നുവെന്നാണ് വാർത്ത.
8.2 ദശലക്ഷം റിയാൽ കുടിശ്ശിക അടയ്ക്കുന്നതിനായി റിയാദ് എയർപോർട്ട് അതോറിറ്റി ബോഡി ജൂലൈ 15 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. സമയപരിധി പാലിക്കുന്നതിൽ പാകിസ്താന്‍ കമ്പനി പരാജയപ്പെട്ടാല്‍ എയർലൈനിന്റെ ശൈത്യകാല ഫ്ലൈറ്റ് ഷെഡ്യൂളിനെ ബാധിച്ചേക്കാമെന്നും സൂചനയുണ്ട്.

റിയാദ് എയർപോർട്ടിന് പുറമെ കുടിശ്ശിക അടയ്ക്കാത്തതിന് പാകിസ്ഥാൻ എയർലൈൻസിന് ജിദ്ദ എയർപോർട്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിഐഎയുടെ വക്താവ് ഇത്തരമൊരു മുന്നറിയിപ്പ് ലഭിച്ചതായി സ്ഥിരീകരിക്കുകയും പേയ്‌മെന്റ് നടത്തുന്നതിനും പ്രശ്‌നം ഉടനടി പരിഹരിക്കുന്നതിനുമായി എയർലൈൻ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
പല വിമാനത്താവളങ്ങളിലും കുടിശ്ശിക നിലനില്‍ക്കുന്നതിനാല്‍ പാകിസ്ഥാൻ എയർലൈന്‍ അടച്ചുപൂട്ടാൻ പോലും സാധ്യതയുണ്ടെന്ന് ന്യൂസ് 18 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കുടിശിക അടയ്ക്കാത്തതിന്റെ പേരിൽ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം മലേഷ്യയിൽ പിടിച്ചിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോലാലംമ്പൂർ അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം പിടിച്ചിട്ടത്.
ഏകദേശം നാല് ദശലക്ഷം ഡോളറോളം കുടിശികയാണ് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിനുള്ളതെന്നാണ് വിവരം. മലേഷ്യൻ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. സമാനമായ പ്രശ്നത്തെ തുടർന്ന് രണ്ട് വർഷം മുൻപും ഇതേ വിമാനം പിടിച്ചെടുത്തിരുന്നു. അന്ന് പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നായിരുന്നു വിമാനം വിട്ടുകിട്ടയത്.
സൗദി അറേബ്യയിൽ നിന്ന് ഇരുന്നൂറ് കോടി ഡോളർ സാമ്പത്തിക സഹായം ലഭിച്ചതായി പാക് ധനമന്ത്രി ഇഷാഖ് ദാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൗദി സഹായം ലഭ്യമായതോടെ പാകിസ്താന് ഐഎംഎഫിന്റെ സഹായത്തിനും വഴിയൊരുങ്ങുകയാണ്. 3 ബില്യൺ ഡോളർ സഹായത്തിനാണ് ഐഎംഎഫിൽ പാകിസ്താൻ സമീപിച്ചിരുന്നത്. കടബാധ്യത പെരുകിയ സാഹചര്യം പാകിസ്താന് ഐംഎഫ് സഹായം ലഭിക്കാൻ വിലങ്ങായി. ഇതോടെയാണ് സൗദിയുടെ സഹായം അഭ്യർഥിച്ചത്.
പാക്സിതാൻ സെൻട്രൽ ബാങ്കിലാണ് സൗദി അറേബ്യ 200 കോടി ഡോളർ നിക്ഷേപിച്ചത്. നാളെ നടക്കുന്ന ഐഎംഎഫ് യോഗം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പാക്സിതാന് സൗദി സഹായം വാഗ്ദാനം ചെയ്തത്. എന്നാൽ ഐഎംഎഫ് സഹായം ഉറപ്പാക്കാനായി സൗദി കാത്തു നിന്നു. ഐഎംഫ് ബോർഡ് യോഗം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് ഉറപ്പായതോടെ സൗദി പണം നിക്ഷേപിച്ചത്.












Click it and Unblock the Notifications