ഇറാന്‍ പ്രസിഡന്റ് സൗദിയിലേക്ക്; ചരിത്രമായി സല്‍മാന്‍ രാജാവിന്റെ ക്ഷണം, നേട്ടം ചൈനയ്ക്ക്

ടെഹ്‌റാന്‍/റിയാദ്: ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ദൃഢമാകുന്നു. ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ കരാറുണ്ടാക്കിയത്. രണ്ടു മാസത്തിനകം അംബാസഡര്‍മാരെ നിയമിക്കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ അതിവേഗം ഐക്യനീക്കം നടത്തുകയാണ് സൗദി അറേബ്യ. സല്‍മാന്‍ രാജാവ് ഇറാന്‍ പ്രസിഡന്റിനെ സൗദിയിലേക്ക് ക്ഷണിച്ച് കത്തയച്ചു. കത്ത് കിട്ടിയെന്നും സന്തോഷത്തോടെ സ്വീകരിച്ചുവെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഉപദേഷ്ടാവ് അറിയിച്ചു. ഇത്തരം കത്തിടപാടുകളും നയതന്ത്ര നീക്കങ്ങളും സൗദിക്കും ഇറാനുമിടയില്‍ അപൂര്‍വമാണ്.
2016ലാണ് സൗദിയും ഇറാനും തമ്മില്‍ ഏറ്റവും ഒടുവില്‍ ഉടക്കിയത്. ഷിയാ പണ്ഡിതന്‍ നിംറുല്‍ നിംറിനെ സൗദി തൂക്കിലേറ്റിയതാണ് കാരണം. ടെഹ്‌റാനിലെ സൗദി എംബസി പ്രതിഷേധക്കാര്‍ ആക്രമിച്ചതോടെ എംബസി പൂട്ടി ഉദ്യോഗസ്ഥരെ സൗദി മടക്കി വിളിച്ചു. ഇതിന് ശേഷം ഇരുരാജ്യങ്ങളും ശത്രുതാ നീക്കം സജീവമാക്കിയിരുന്നു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൈന നടത്തിയ മധ്യസ്ഥ നീക്കമാണ് വിജയിച്ചത്. മാര്‍ച്ച് 10നാണ് സൗദി-ഇറാന്‍ പ്രതിനിധികള്‍ സമാധാന കരാറില്‍ ഒപ്പുവച്ചത്.
സൗദിയുടെയും ഇറാന്റെയും മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി സൗഹൃദം ദൃഢമാക്കണമെന്നാണ് കരാര്‍. മൂന്ന് സ്ഥലങ്ങളില്‍ വച്ചാണ് ചര്‍ച്ച നടത്തുക. ഏതൊക്കെയാണ് സ്ഥലങ്ങള്‍ എന്ന് ഇരുരാജ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ഒരു ചര്‍ച്ച ചൈനയില്‍ വച്ചാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൗദി, ഇറാന്‍, ചൈന എന്നിവിടങ്ങളിലാകും ചര്‍ച്ചകള്‍ എന്നും പറയപ്പെടുന്നു. ഒരു ചര്‍ച്ച സ്വിറ്റ്‌സര്‍ലാന്റില്‍ നടക്കാനുള്ള സാധ്യതയുമുണ്ട്. നയതന്ത്ര ബന്ധം വിഛേദിക്കപ്പെട്ട ശേഷം സ്വിസ് എംബസി മുഖേനയാണ് സൗദിയും ഇറാനും ആശയവിനിമയം നടത്തിവരുന്നത്.
അതേസമയം, സൗദിയും ഇറാനും സൗഹൃദത്തിലാകുന്നതിനെ ജിസിസി രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. യുഎഇയും ഇറാനും തമ്മില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. പുതിയ പശ്ചാത്തലത്തില്‍ ഇതിന് വേഗതയേറും. ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ യുഎഇയിലെത്തി ചര്‍ച്ച നടത്തും. അതേസമയം, ചൈനയ്ക്ക് ജിസിസിയില്‍ സ്വാധീനം വര്‍ധിക്കുന്നത് അമേരിക്കയും ഇസ്രായേലും സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
ലോകത്തെ പ്രധാന എണ്ണ രാജ്യങ്ങളാണ് സൗദിയു ഇറാനും. ഇറാനെതിരെ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ അവരുടെ എണ്ണ ആഗോള വിപണിയില്‍ സുലഭമല്ല. അതേസമയം, രണ്ടിടത്ത് നിന്നും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെ പുതിയ ഐക്യകരാര്‍ ചൈനയ്ക്ക് വലിയ നേട്ടമാകും. ഇരുരാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങാന്‍ ചൈനയ്ക്ക് തടസമുണ്ടാകില്ല. ഇന്ത്യയ്ക്കും സൗദി-ഇറാന്‍ കരാര്‍ നേട്ടമാണ്.












Click it and Unblock the Notifications