സൗദി അറേബ്യ നിര്‍ണായക പ്രഖ്യാപനത്തിന്; ഇന്ത്യയ്ക്ക് സന്തോഷം, വിപണി പിടിക്കല്‍ തന്ത്രം
റിയാദ്: സൗദി അറേബ്യ ക്രൂഡ് ഓയില്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നേട്ടമാകുന്നതാകും പ്രഖ്യാപനം. ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളായ ചൈനയും ഇന്ത്യയും ഉള്‍പ്പെടുന്ന ഏഷ്യന്‍ മേഖലയിലേക്കുള്ള ക്രൂഡ് ഓയില്‍ വില സൗദി കുറയ്ക്കുമെന്നണ് വിവരം.
ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ പ്രധാന രാജ്യമാണ് സൗദി അറേബ്യ. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇന്ത്യ കുറച്ചുകൊണ്ടുവരവെ സൗദി അറേബ്യ വില കുറച്ചാല്‍ അവരുടെ എണ്ണ ഇന്ത്യ കൂടുതല്‍ വാങ്ങിയേക്കും. ഇന്ത്യന്‍ വിപണിയിലെ പ്രതാപം സൗദി അറേബ്യക്ക് വീണ്ടെടുക്കാനുള്ള അവസരമായിരിക്കും ഇത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലാകും സൗദി അറേബ്യ അടുത്ത ജനുവരി മുതല്‍ ക്രൂഡ് വില്‍പ്പന നടത്തുക എന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും. ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വില കുറയുന്നത് ഇറക്കുമതി ചെലവ് കുറയ്ക്കും.
അറബ് ലൈറ്റ് ക്രൂഡിന്റെ വില ബാരലിന് 0.40 ഡോളര്‍ വരെ കുറയ്ക്കുമെന്നാണ് റോയിട്ടേഴ്‌സ് സര്‍വ്വെ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കുന്നത്. പ്രീമിയം ക്രൂഡ് 0.70 ഡോളര്‍ വരെയും കുറച്ചേക്കും. ജനുവരി മുതല്‍ ഏഷ്യയിലേക്ക് വില്‍ക്കുന്ന എണ്ണയുടെ വിലയാണ് കുറയ്ക്കുക. പ്രധാന വിപണികള്‍ നിലനിര്‍ത്തുകയാകും ഇതുവഴി സൗദിയുടെ ലക്ഷ്യം. ചൈനയ്ക്കും ഇന്ത്യയ്ക്കും ജപ്പാനും ദക്ഷിണ കൊറിയക്കും ഇത് നേട്ടമാകുകയും ചെയ്യും.
ഒപെക് ക്രൂഡ് ഉല്‍പ്പാദനത്തില്‍ മാറ്റം വരുമോ
ഡിസംബര്‍ അഞ്ചിന് സൗദിയുടെ എണ്ണ വില പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറിലെ ക്രൂഡ് വിലയില്‍ ഒരു ഡോളര്‍ സൗദി കുറച്ചിരുന്നു. ജനുവരിയിലെ വില കൂടി കുറച്ചാല്‍ കൂടുതല്‍ ക്രൂഡ് ബുക്കിങ് സൗദി അറേബ്യയ്ക്ക് കിട്ടിയേക്കും. ജനുവരി മുതല്‍ മൊത്തം ക്രൂഡ് ഉല്‍പ്പാദനം ഒപെക് രാജ്യങ്ങള്‍ ഉയര്‍ത്തുമോ അതോ കുറയ്ക്കുമോ എന്ന കാര്യത്തില്‍ അടുത്താഴ്ച പ്രഖ്യാപനമുണ്ടാകും.
സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറച്ചാല്‍ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും വില കുറയ്ക്കാന്‍ തയ്യാറാകുമെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ ക്രൂഡ് ഓയിലിന് വേണ്ടി ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്ന പശ്ചമേഷ്യന്‍ രാജ്യങ്ങളെല്ലാം വില കുറയ്ക്കുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. സൗദിക്ക് പുറമെ ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയെ രാജ്യങ്ങളില്‍ നിന്നെല്ലാം ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്.
പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ ഒരു ദിവസം 90 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ആണ് കയറ്റുമതി ചെയ്യുന്നത്. ഇതില്‍ വലിയൊരു ഭാഗം ഏഷ്യയിലേക്കാണ്. സൗദി വില കുറച്ചാല്‍ ഇന്ത്യ കൂടുതല്‍ ക്രൂഡ് അവിടെ നിന്ന് വാങ്ങിയേക്കും. ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയാന്‍ ഇത് സഹായിക്കും. മാത്രമല്ല, ഇന്ത്യയുടെ വ്യാപാര കമ്മി കുറയാനും ഇത് കാരണമാകുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications