ആര് കൂടുതല്‍ കൊണ്ടുപോകും: സൗദി അറേബ്യക്ക് വന്‍ പ്രതീക്ഷ; പക്ഷെ വെല്ലുവിളിയായി യുഎസും ബ്രസീലും
ഡല്‍ഹി: അമേരിക്കയുടെ പുതിയ സാമ്പത്തിക ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയുന്നു. ഇതോടെ ഇന്ത്യന്‍ റിഫൈനറികള്‍ മിഡില്‍ ഈസ്റ്റ് ( സൗദി അറേബ്യ, ഇറാഖ്, യുഎഇ) ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഒരുങ്ങുന്നതായി വിദഗ്ധരും വ്യാവസായിക വൃത്തങ്ങളും സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസമാണ് റഷ്യയിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉൽപ്പാദകരായ റോസ്നെഫ്റ്റിനും ലുക്കോയിലിനും മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നത്. ഉപരോധം ലംഘിക്കുന്ന ഏതൊരു വിദേശ കമ്പനിക്കും ശിക്ഷ നേരിടേണ്ടിവരും. നവംബർ 21-നകം റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നും യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

നിലവിൽ, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ മൂന്നിലൊന്ന് റഷ്യയിൽ നിന്നാണ്. 2025-ൽ പ്രതിദിനം ശരാശരി 17 ലക്ഷം ബാരൽ എന്ന നിലയിലായിരുന്നു. ഇതിൽ 12 ലക്ഷം ബാരൽ റോസ്നെഫ്റ്റിന്റെയും ലുക്കോയിലിന്റെയും നേരിട്ടുള്ള വിതരണമാണ്. സ്വകാര്യ റിഫൈനറികളായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും നയാറ എനർജിയും ഇതിൽ ഏറിയ പങ്കും വാങ്ങുന്നു. ചെറിയ അളവിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനറികള്‍ ഇറക്കുമതി ചെയ്യുന്നത്.
നവംബർ 21 വരെ റഷ്യൻ ക്രൂഡ് ഓയിൽ 16-18 ലക്ഷം ബാരൽ പ്രതിദിനം എന്ന നിലയിൽ തുടരുമെങ്കിലും, റോസ്നെഫ്റ്റിന്റെയും ലുക്കോയിലിന്റെയും നേരിട്ടുള്ള വിതരണം കുറയുമെന്ന് കെപ്ലർ ലീഡ് റിസർച് അനലിസ്റ്റ് സുമിത് റിതോലിയ ചൂണ്ടിക്കാണിക്കുന്നു. യുഎസ് ഉപരോധ ഭീഷണി ഒഴിവാക്കാൻ ഇന്ത്യൻ റിഫൈനറികൾ ശ്രമിക്കുന്നതിനാൽ, റിലയൻസ്, 25 വർഷത്തെ കരാർ പ്രകാരം റോസ്നെഫ്റ്റിൽ നിന്ന് 5 ലക്ഷം ബാരൽ പ്രതിദിനം വാങ്ങുന്നത് പുനഃപരിശോധിക്കേണ്ടിവരുമെന്നതാണ് പ്രധാന കാര്യം.
യൂറോപ്യൻ യൂണിയന്റെ ഉപരോധങ്ങളെ തുടർന്ന് മറ്റ് വിതരണ സ്രോതസ്സുകൾ ഇല്ലാതായതിനാൽ നയാറ എനർജി, പൂർണമായും റഷ്യൻ എണ്ണയെയാണ് ആശ്രയിക്കുന്നത്. "എന്നിരുന്നാലും, ഉപരോധത്തിന് വിധേയമല്ലാത്ത മൂന്നാം കക്ഷി ഇടനിലക്കാരിലൂടെ റഷ്യൻ ക്രൂഡ് വാങ്ങുന്നത് റിഫൈനറികൾ തുടരും, പക്ഷേ അതീവ ജാഗ്രതയോടെയായിരിക്കും," റിതോലിയ വ്യക്തമാക്കി.
റഷ്യയിൽ നിന്നുള്ള നേരിട്ടുള്ള വിതരണം കുറയുന്നതിനാൽ സൗദി അറേബ്യ, ഇറാഖ്, യു എ ഇ തുടങ്ങിയ പരമ്പരാഗത വ്യാപാരികളില്‍ നിന്നും ഇന്ത്യ കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യേണ്ടി വരും. മറുവശത്ത് ബ്രസീൽ, ലാറ്റിനമേരിക്ക, പശ്ചിമാഫ്രിക്ക, കാനഡ, യുഎസ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യക്ക് അധിക ഇറക്കുമതി രാഷ്ട്രങ്ങളുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ വിഹിതം ലഭിക്കുക ആർക്കായിരിക്കും എന്ന് അറിയാന്‍ ഡിസംബർ ആകേണ്ടി വരും.
ഷ്യൻ എണ്ണയിൽ നിന്ന് മാറുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്. "റഷ്യയിൽ നിന്നുള്ള 60 ശതമാനം വിതരണം ഈ ഉപരോധം ബാധിക്കും. മിഡിൽ ഈസ്റ്റോ മറ്റ് പ്രദേശങ്ങളോ പകരം വയ്ക്കാമെങ്കിലും, ഇറക്കുമതി ചെലവ് 2 ശതമാനത്തിൽ താഴെ വർധിക്കും," ഇക്ര ലിമിറ്റഡിന്റെ സീനിയർ വൈസ് പ്രസിഡന്റ് പ്രശാന്ത് വസിഷ്ഠ് വ്യക്തമാക്കി.
അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്കനുസരിച്ച്, റഷ്യയുടെ 73 ലക്ഷം ബാരൽ പ്രതിദിനം കയറ്റുമതി ആഗോള ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഇന്ധന ഉപഭോഗത്തിന്റെ 7 ശതമാനമാണ്. ഈ വർഷം ആദ്യം ഏർപ്പെടുത്തിയ ഉപരോധങ്ങളോടൊപ്പം, റോസ്നെഫ്റ്റിനും ലുക്കോയിലിനും മേലുള്ള പുതിയ ഉപരോധങ്ങൾ, റഷ്യയുടെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും നടത്തുന്ന കമ്പനികളെ ബ്ലാക്‌ലിസ്റ്റ് ചെയ്യുന്നു.
പൊതുമേഖല എണ്ണക്കമ്പനികള്‍ നിലവില്‍ തന്നെ ഇതിനോടകം റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. ഷിപ്പിംഗ്, ഇൻഷുറൻസ്, ഫിനാൻഷ്യൽ ചാനലുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉപരോധ ഭീഷണി ഒഴിവാക്കാൻ ഇവ നേരിട്ടുള്ള ഇടപാടുകൾ കുറയ്ക്കുകയായിരുന്നു. എന്നാൽ, ഇടനിലക്കാർ വഴിയുള്ള പരോക്ഷമായ വാങ്ങൽ തുടരും.
"ഡിസംബറിൽ റഷ്യൻ ക്രൂഡ് ഇറക്കുമതി കുത്തനെ കുറയാൻ സാധ്യതയുണ്ട്, എന്നാൽ 2026-ന്റെ ആദ്യ പാദത്തിന്റെ അവസാനത്തോടെ പുതിയ ഷെൽ കമ്പനികളും വ്യാപാര മാർഗങ്ങളും ഉയർന്നുവന്നേക്കും. നയാറ എനർജി, ഇതിനകം ഉപരോധത്തിന് വിധേയമായതിനാൽ, റഷ്യൻ ക്രൂഡ് ഇറക്കുമതി തുടരും. കേന്ദ്ര സർക്കാറില്‍ നിന്ന് നേരിട്ടുള്ള സമ്മർദ്ദം ഇല്ലെങ്കിൽ, നയാറയുടെ പ്രവർത്തനങ്ങളോ വിതരണ രീതിയോ മാറാൻ സാധ്യതയില്ല" റിതാലിയ പറഞ്ഞു.












Click it and Unblock the Notifications