സൗദി വിദേശകാര്യ മന്ത്രി സിറിയന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി; ചരിത്രപരമായ നീക്കം
ദമസ്‌കസ്: സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് രാജകുമാരന്‍ സിറിയയില്‍. പത്ത് വര്‍ഷത്തിന് ശേഷമാണ് സൗദിയുടെ ഒരു പ്രതിനിധി സിറിയ സന്ദര്‍ശിക്കുന്നത്. ദമസ്‌കസില്‍ വിമാനമിറങ്ങിയ സൗദി മന്ത്രിക്ക് ലഭിച്ചത് മികച്ച സ്വീകരണം. അദ്ദേഹം പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി ചര്‍ച്ച നടത്തി. ചരിത്രപരമായ നീക്കമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ആഭ്യന്തര യുദ്ധത്തില്‍ മുങ്ങിയ സിറിയ വര്‍ഷങ്ങളായി അന്താരാഷ്ട്ര വേദികളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. സൗദിയുടെ സന്ദര്‍ശനം ഇതില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ദമസ്‌കസിലെത്തിയ ഫൈസല്‍ രാജകുമാരന്‍ അസദുമായി നടത്തിയ ചര്‍ച്ചയില്‍ പശ്ചിമേഷ്യയിലെ സുപ്രധാന കാര്യങ്ങളെല്ലാം വിഷയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞാഴ്ച സിറിയയുടെ വിദേശകാര്യ മന്ത്രി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. സൗദിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു ഇത്. അന്ന് നടത്തിയ ചര്‍ച്ചകളുടെ തുടര്‍ ചര്‍ച്ചകള്‍ക്കാണ് സൗദി മന്ത്രി ദമസ്‌കസിലെത്തിയത്. അടുത്ത അറബ് ലീഗ് സമ്മേളനത്തില്‍ ബശ്ശാറുല്‍ അസദും പങ്കെടുക്കുമെന്നാണ് വിവരം. സൗദിയുടെ പിന്തുണ ഇക്കാര്യത്തിലുണ്ട്.
സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിക്കണമെന്നും ഇതിനുള്ള പരിഹാര നടപടികളുടെ ഭാഗമായിട്ടാണ് മന്ത്രിയുടെ സന്ദര്‍ശനമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സിറിയയുടെ അറബ് സ്വത്വം നിലനിര്‍ത്തണം, അറബ് രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് സിറിയയും തിരിച്ചുവരണം എന്നാണ് സൗദിയുടെ ആഗ്രഹമെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചു.
2011ലാണ് സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം തുടങ്ങിയത്. അസദ് സര്‍ക്കാര്‍ സൈനികമായി നേരിട്ടതോടെ സമരം ആഭ്യന്തര യുദ്ധമായി മാറി. ഷിയാ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് അസദ്. ഇവര്‍ക്കൊപ്പം ഇറാന്‍ നിലയുറപ്പിച്ചു. എന്നാല്‍ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സിറിയയിലെ വിമതര്‍ക്കൊപ്പവും നിന്നു. അവര്‍ക്ക് ആയുധങ്ങളും നല്‍കി. ഇതോടെ അസദ് അന്തര്‍ദേശീയ തലത്തില്‍ ഒറ്റപ്പെടുകയായിരുന്നു.
അടുത്തിടെ ചൈനയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഭിന്നതകള്‍ മറന്ന് ഒന്നാകാന്‍ സൗദിയും ഇറാനും തീരുമാനിച്ചു. ഇതോടെയാണ് സിറിയക്കും ഭാഗ്യമെത്തിയത്. സിറിയയുമായി ഐക്യത്തോടെ മുന്നോട്ട് പോകാന്‍ സൗദിയും തീരുമാനിച്ചു. ശേഷം ചര്‍ച്ചകള്‍ നടക്കുകയും തുടര്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി സൗദി വിദേശകാര്യ മന്ത്രി സിറിയയിലെത്തുകയും ചെയ്തു.
സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞാഴ്ച ഒമ്പത് അറബ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ജിദ്ദയില്‍ യോഗം ചേര്‍ന്നിരുന്നു. 22 അംഗ അറബ് ലീഗിലേക്ക് സിറിയയെ വീണ്ടുമെത്തിക്കാനായിരുന്നു ചര്‍ച്ച. 2011ല്‍ അറബ് ലീഗ് സസ്‌പെന്റ് ചെയ്തതാണ് സിറിയയെ. എന്നാല്‍ തിരിച്ചെടുക്കുന്നതില്‍ പല രാജ്യങ്ങള്‍ക്കും ഇപ്പോഴും എതിര്‍പ്പുണ്ടത്രെ.
അസദുമായി ആദ്യം ബന്ധം സ്ഥാപിച്ച ഗള്‍ഫ് രാജ്യം യുഎഇയാണ്. 2018ലാണ് യുഎഇ ബന്ധം സ്ഥാപിച്ചത്. അറബ് ലീഗിലേക്ക് സിറിയയെ കൊണ്ടുവരണം എന്ന താല്‍പ്പര്യം ആദ്യം പ്രകടിപ്പിച്ചതും യുഎഇയാണ്. ഇപ്പോള്‍ സൗദിയും അതേ താല്‍പ്പര്യവുമായി രംഗത്തെത്തി. എന്നാല്‍ ഖത്തറിന് മറിച്ചാണ് അഭിപ്രായം. അടുത്തിടെ സിറിയയില്‍ നടന്ന ഭൂകമ്പത്തെ തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ അസദുമായി കൂടുതല്‍ അടുത്തത്.












Click it and Unblock the Notifications