സൗദി അറേബ്യയുടെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് നേട്ടം; ക്രൂഡ് ഓയില്‍ വില കുറയും, ഇറക്കുമതി കൂട്ടി ഇന്ത്യ
റിയാദ്/ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. ഇവര്‍ ക്രൂഡ് ഓയിലിന് നിശ്ചയിക്കുന്ന വില ആഗോള വിലയെ സ്വാധീനിക്കും. ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് ഫെബ്രുവരിയിലും സൗദി അറേബ്യ വില കുറയ്ക്കുമെന്നാണ് പുതിയ വിവരം. ജനുവരിയില്‍ നല്‍കുന്ന എണ്ണയ്ക്ക് വില കുറച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
സൗദിയുടെ എണ്ണ വാങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രധാനിയാണ് ഇന്ത്യ. ഇറക്കുമതി എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്ന മൂന്നാമത്തെ രാജ്യം സൗദി അറേബ്യയാണ്. അതുകൊണ്ടുതന്നെ സൗദി ഏഷ്യയിലേക്ക് എണ്ണവില കുറച്ച് നല്‍കുമെന്ന വിവരം ഇന്ത്യയ്ക്ക് നേട്ടമാണ്. ഇതിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങളാണ് സൗദിക്കുള്ളത് എന്നാണ് വിവരം.

ലോകത്തെ പ്രധാന വിപണിയാണ് ഇന്ത്യയും ചൈനയും. ഇത് നിലനിര്‍ത്താനാണ് സൗദി വില കുറയ്ക്കുന്നത് എന്നാണ് ഒരു വിവരം. ആഗോള തലത്തില്‍ ക്രൂഡ് ഉല്‍പ്പാദനം കഴിഞ്ഞ മാസങ്ങളില്‍ കൂടിയിരുന്നു. അതുകൊണ്ടുതന്നെ വിപണിയില്‍ വലിയ അളവില്‍ എണ്ണയുണ്ട്. ഇതുമൂലം ക്രൂഡിന് വില കുറഞ്ഞുവരികയാണ്. പല വിപണികളും പിടിക്കാന്‍ എണ്ണ രാജ്യങ്ങള്‍ ശ്രമിക്കുന്നുമുണ്ട്. സൗദിയും ഇതേ തന്ത്രമാണ് പയറ്റുന്നത്.
സൗദിയുടെ അറബ് ലൈറ്റ് ക്രൂഡ് ഓയില്‍ ബാരലിന് 10 മുതല്‍ 30 വരെ സെന്റ് കുറയ്ക്കുമെന്നാണ് റോയിട്ടേഴ്‌സ് സര്‍വ്വെ കാണിക്കുന്നത്. ഇതോടെ സൗദിയുടെ എണ്ണയ്ക്ക് ഏഷ്യയില്‍ നിന്ന് ആവശ്യക്കാര്‍ ഏറും. ക്രൂഡ് ഓയില്‍ വില കുറഞ്ഞത് കാരണം സൗദിയുടെ പല ബജറ്റ് പദ്ധതികളും അവതാളത്തിലാണ്. എങ്കിലും വിപണി നഷ്ടപ്പെടാതിരിക്കുക എന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്.
ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിച്ചു
ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നു എന്നാണ് പുതിയ വിവരം. നവംബറിലെ കണക്കുകള്‍ പ്രകാരം 0.2 ശതമാനം വര്‍ധിപ്പിച്ചു. 21.06 ദശലക്ഷം മെട്രിക് ടണ്‍ എണ്ണയാണ് ഇന്ത്യ നവംബറില്‍ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷം ഇത്രയും അധികം എണ്ണ ഇന്ത്യ ഇറക്കുന്നത് ആദ്യമാണ്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കിലാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി ഒക്ടോബറിലേക്കാള്‍ നവംബറില്‍ വര്‍ധിച്ചു എന്ന വിവരമുള്ളത്. രാജ്യത്ത് എണ്ണയുടെ ആവശ്യം കൂടി വരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ പല കമ്പനികളും ക്രൂഡ് ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നുണ്ട് എന്നതും എടുത്തു പറയണം.
ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം നവംബറില്‍ 11.1 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ് വര്‍ധിച്ചിട്ടുള്ളത്. 2024 നവംബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 18.95 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ആയിരുന്നു. റഷ്യയുടെ റോസ്‌നെഫ്റ്റിന്റെ ക്രൂഡ് ഓയില്‍ കൂടുതല്‍ വാങ്ങിയത് റിലയന്‍സ് ആണ്. അമേരിക്ക ഒരു മാസം കൂടി ഇളവ് നല്‍കിയ സാഹചര്യത്തിലാണ് നവംബറില്‍ റിലയന്‍സ് റഷ്യയുടെ എണ്ണ വാങ്ങിക്കൂട്ടിയത്. ഡിസംബറില്‍ ദിവസവും 10 ലക്ഷം ബാരല്‍ എണ്ണ റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നു എന്നാണ് വ്യാപര വൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications