സൗദി അറേബ്യയുടെ പദ്ധതി പാളി; ഫോര്‍വേഡ് കളിച്ചത് അമേരിക്ക... ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം റെക്കോര്‍ഡില്‍
ദുബായ്: എണ്ണ വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങളാണ് ജിസിസിയിലുള്ളത്. എണ്ണ വിലയിലെ കയറ്റിറക്കങ്ങള്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ബജറ്റിനെ ബാധിക്കും. കൊവിഡിന് മുമ്പ് വന്‍തോതില്‍ ഉയര്‍ന്ന എണ്ണ വില, കൊവിഡ് കാലത്ത് ലോകം നിശ്ചലമായപ്പോള്‍ ഇടിഞ്ഞിരുന്നു. കൊവിഡിന് ശേഷം വീണ്ടും വില കൂടിയത് സൗദിക്ക് നേട്ടമായെങ്കിലും പിന്നീട് എണ്ണ വില 73 ഡോളറിലേക്ക് താണു.
ഇനിയും വില കുറയുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കുമെന്ന് മനസിലാക്കിയ സൗദി അറേബ്യ വിപണിയില്‍ എണ്ണ കൂടുതലായി എത്തുന്നത് നിയന്ത്രിക്കാന്‍ തീരുമാനിച്ചു. ഉല്‍പ്പാദനം വെട്ടിക്കുറച്ചത് ഇതിന്റെ ഭാഗമാണ്. ഒപെക്‌സ് പ്ലസ് രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. കഴിഞ്ഞ ജൂണില്‍ തുടങ്ങിയ ഉല്‍പ്പാദനം കുറയ്ക്കല്‍ ഈ വര്‍ഷം ജൂണ്‍ വരെ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടെയുള്ള ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചിട്ടും എണ്ണ വില കാര്യമായ തോതില്‍ ഉയര്‍ന്നില്ല. എന്തുകൊണ്ടാണ് എന്ന് പരിശോധിക്കുമ്പോള്‍ അമേരിക്കയുടെ ഇടപെടല്‍ വ്യക്തമാകും. 2023ല്‍ അമേരിക്ക എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ ഉയര്‍ത്തി എന്നാണ് പുതിയ വിവരം.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവിലാണ് കഴിഞ്ഞ വര്‍ഷം അമേരിക്ക എണ്ണ ഉല്‍പ്പാദിപ്പിച്ചത്. സൗദിയുടെ എണ്ണ വിപണിയിലെത്തുന്നത് കുറഞ്ഞെങ്കിലും അമേരിക്ക വന്‍തോതില്‍ പമ്പ് ചെയ്തു. ഇതോടെ സൗദി ലക്ഷ്യം കാണാതെ പോയി. മാത്രമല്ല, ചൈനയില്‍ നിന്നുള്ള എണ്ണ ആവശ്യം കുറഞ്ഞതും എണ്ണ വിലയില്‍ ഇടിവ് വരാന്‍ ഇടയാക്കി.
കഴിഞ്ഞവര്‍ഷം ഓരോ ദിവസവും 12.9 ദശലക്ഷം ബാരല്‍ എന്ന അളവിലാണ് അമേരിക്കയുടെ ശരാശരി ഉല്‍പ്പാദനം. ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ അമേരിക്ക എണ്ണ ഉല്‍പ്പാദിപ്പിച്ചത് 2019ലായിരുന്നു. അന്ന് പ്രതിദിനം 12.3 ദശലക്ഷം ബാരലാണ് ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലെ മാത്രം കണക്ക് പരിശോധിച്ചാല്‍ 13.3 ദശലക്ഷം പ്രതിദിനം ഉല്‍പ്പാദിപ്പിച്ചുവെന്നും യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (ഇഐഎ) വ്യക്തമാക്കുന്നു.
അമേരിക്കയിലെ അഞ്ച് സ്വകാര്യ കമ്പനികളാണ് മൂന്നിലൊന്ന് എണ്ണയും കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ചത്. ഉല്‍പ്പാദനം വെട്ടിക്കുറച്ചതിനാല്‍ സൗദി അറേബ്യയ്ക്ക് അമേരിക്കയുടെ റെക്കോര്‍ഡ് മറികടക്കാന്‍ കഴിയില്ല. ആഗോള തലത്തില്‍ ആവശ്യമുള്ളതിന്റെ 40 ശതമാനം കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ചത് സൗദിയും റഷ്യയും അമേരിക്കയും ചേര്‍ന്നാണ്.
2019ല്‍ 10.8 ദശലക്ഷം പ്രതിദിനം ഉല്‍പ്പാദിപ്പിച്ചതാണ് റഷ്യയുടെ റെക്കോര്‍ഡ്. 2022ലെ 10.6 ദശലക്ഷമാണ് സൗദി അറേബ്യയുടെ റെക്കോര്‍ഡ്. അമേരിക്ക ഉപയോഗിക്കുന്ന എണ്ണ കിണറുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. അതേസമയം, സജീവമായ എണ്ണ കിണറുകളില്‍ നിന്നുള്ള ഉല്‍പ്പാദനം പരമാവധി ഉയര്‍ത്തി. 2025 ഫെബ്രുവരിയില്‍ 13.21 ദശലക്ഷം ഉല്‍പ്പാദിപ്പിച്ച് അമേരിക്ക പുതിയ റെക്കോര്‍ഡ് കുറിക്കുമെന്നാണ് ഇഐഎ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications